പൂക്കോട്ടൂര്‍ യുദ്ധത്തിനു 94 വയസ്

പൂക്കോട്ടൂര്‍ യുദ്ധം: അതിജീവനം കൊയ്ത പോരാട്ടത്തിന്റെ ചരിത്രം.

മലപ്പുറം: ഏറനാടന്‍ ഗ്രാമീണതയുടെ ഊക്കും ഉശിരും നിറഞ്ഞ പോരാട്ടഗാഥയ്ക്കു ഇന്നു 94 വയസ്. 1921 ഓഗസ്റ്റ് 26നാണ് മാപ്പിള പൗരുഷം ധീരത കൊയ്ത പൂക്കോട്ടൂര്‍ യുദ്ധം നടന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനു നേരെ നടന്ന മാപ്പിളപ്പോരാട്ടത്തില്‍ തുല്യതയില്ലാത്ത സമരമാണ് പൂക്കോട്ടൂരെന്ന ഗ്രാമം കാഴ്ചവെച്ചത്. പാലം പൊളിച്ചും മരം മുറിച്ചും തടസപ്പെടുത്തി ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ട മാപ്പിളമാര്‍ പൂക്കോട്ടൂരിനടുത്ത പിലാക്കലിലാണ് വീരയുദ്ധം രചിച്ചത്. ഇരുപത്തി രണ്ട് ലോറികളിലായി എത്തിയ ബ്രിട്ടീഷ് പട്ടാളത്തിന്റെ മെഷീണ്‍ ഗണ്ണിനെ, നാടന്‍ ആയുധങ്ങളേന്തി രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു ഈ മാപ്പിളപ്പോരാളികള്‍.

വിശ്വാസത്തിന്റെ കരുത്തും ആര്‍ജവവും കൈമുതലാക്കിയാണ് പൂക്കോട്ടൂരിലെ പാടശേഖരങ്ങളില്‍ ഇവര്‍ സമരം ചെയ്തത്. മൂന്ന് മണിക്കൂറിലധികം നീണ്ട പോരാട്ടത്തില്‍ നാന്നൂറോളം മാപ്പിളപ്പോരാളികളാണ് രക്തസാക്ഷിത്വം വഹിച്ചത്.
മാപ്പിളപ്പടയുടെ സമരാര്‍ജവത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു പൂക്കോട്ടൂര്‍ യുദ്ധം. ഖിലാഫത്ത് സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ പുതുതലമുറക്കു പകരുന്ന പോരാളികളുടെ ഖബറിടങ്ങളാണ് ഈ പ്രദേശത്തെ ചരിത്ര അടയാളം. ദേശീയ പാതയോടു ചേര്‍ന്ന് പിലാക്കലിലുള്ള രക്തസാക്ഷികളുടെ ഖബറിടത്തില്‍ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്മാരകം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. ജയിലറകളിലും ആന്തമാനിലെ വനാന്തരങ്ങളിലുമായി ജീവിതം കഴിച്ചുകൂട്ടിയ ഒരുതലമുറയുടെ ഉശിരു കാട്ടിയ ധീരതയെ പലപ്പോഴും ചരിത്രം അടയാളപ്പെടുത്താതെ പോവുകയായിരുന്നു.
വരികള്‍ക്കപ്പുറം പാഠപുസ്തകങ്ങളില്‍ പോലും പോരാളികള്‍ ഇനിയും വായിക്കപ്പെട്ടിട്ടില്ല. അവഗണിക്കപ്പെടാത്ത ചരിത്രാംഗീകാരമാണ് പൂക്കോട്ടൂരിന്റെ ചോരമണക്കുന്ന മണ്ണിനു വേണ്ടത്.

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal