പൂക്കോട്ടൂര്‍ പോരാട്ടം ഗാനരൂപത്തിലാക്കി പ്രവാസി യുവാവ്‌.

അഷ്‌റഫ്‌ സല്‍വ
അബൂദാബി. 1921 ആഗസ്ത്‌ 26 ന്‌ മലപ്പുറത്തെ പൂക്കോട്ടൂരില്‍ ബ്രിട്ടീഷുകാരുമായി നടന്ന യുദ്ധത്തിന്റെ ഓര്‍മകളും ചരിത്രവും ഗാനരൂപത്തിലാക്കുകയാണ്‌ പ്രവാസി യുവാവ്‌.മാപ്പിളപാട്ടിന്റെ രൂപത്തില്‍ പൂക്കോട്ടൂര്‍ പോരാട്ടത്തിന്റെ ചരിത്രം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്‌ മുസഫയിലെ അറേബ്യന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അക്കൌണ്ടന്റായി ജോലി നോക്കുന്ന അഷ്‌റഫ്‌ സല്‍വ. പൂക്കോട്ടൂര്‍ പോരാട്ടത്തിന്റെ പൂര്‍ണ്ണ ചരിത്രം ഗാനരൂപത്തില്‍ ഏകദേശം പൂത്തിയായിട്ടുണ്ട്‌.

പൂക്കോട്ടൂര്‍ മൊറയൂര്‍ സ്വദേശിയായ അഷ്‌റഫ്‌ പിതാമഹനില്‍ നിന്ന്‌ കേട്ടറിഞ്ഞ യുദ്ധചരിത്രവും ചരിത്ര രേഖകളേയും മറ്റും അവലംബമാക്കിയുള്ള പഠനങ്ങളും ഉള്‍പ്പെടുത്തിയാണ്‌ ഗാനരൂപത്തിലാക്കിയത്‌. ബഷീര്‍ പൂക്കോട്ടൂരിന്റെ www.pookkottur.com എന്ന വെബ്സൈറ്റും റിയാദിലുള്ള മാലിക്‌ മഖ്ബൂലിന്റെ നേതൃത്വത്തില്‍ 1921 ലെ മലബാര്‍ കലാപത്തെ അടിസ്ഥാനമാക്കി പുറത്തിറക്കിയ പുസ്തകവും പൂക്കോട്ടൂരിന്റെ ചരിത്രം മനസ്സിലാക്കുന്നതിന്‌ സഹായകരമായതായി അഷ്‌റഫ്‌ ഗള്‍ഫ്‌ മാധ്യമത്തോട്‌ പറഞ്ഞു.

പൂക്കോട്ടൂര്‍ സമരത്തിന്റെ രോമാഞ്ചം കൊള്ളിക്കുന്ന ഓര്‍മകള്‍ പുതുതലമുറയിലേക്ക്‌ പകര്‍ന്ന്‌ നല്‍കുകയാണ്‌ ഗാനരചനയിലൂടെയുള്ള ചരിത്രത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന്‌ അഷ്‌റഫ്‌ പറയുന്നു. വിവിധയുദ്ധങ്ങളും പടപ്പാട്ടുകളും മാപ്പിളപാട്ട്‌ രൂപത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പൂക്കോട്ടൂര്‍ പോരാട്ടത്തെ സമ്പൂര്‍ണ്ണമായി ആവിഷ്കരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ പൂക്കോട്ടൂര്‍ ചരിത്രം പൂര്‍ണ്ണമായും മാപ്പിളപ്പാട്ട്‌ രൂപത്തില്‍ എഴുതാന്‍ തീരുമാനിച്ചത്‌. 2011 ല്‍ തുടങ്ങുകയും 2013 ല്‍ ഏകദേശം പൂര്‍ത്തിയാക്കുകയും, ചെയ്തു. എന്നാല്‍ ചരിത്രമായതിനാല്‍ അതീവ സൂക്ഷ്മമായ പരിശോധനക്ക്‌ വിധേയമാക്കേണ്ടതുണ്ടെന്നും തെറ്റുകളും അബദ്ധങ്ങളും ഇല്ലാതെ പൂര്‍ത്തിയാക്കാനുമാണ്‌ ശ്രമിക്കുന്നതെന്നും അഷ്‌റഫ്‌ പറയുന്നു.. മാപ്പിളപാട്ടിന്റെ ശൈലികളും രീതികളും ശരിയാണോയെന്ന്‌ വി എം കുട്ടി മാഷിനെ കൊണ്ട്‌ പരിശോധിപ്പിക്കുകയും വേണം.ബഡായി എന്ന തന്റെ ബ്ലോഗില്‍ പൂക്കോട്ടൂര്‍ പോരാട്ടത്തിന്റെ ചരിത്രം ഗാനരൂപത്തിലാക്കിയത്‌ കുറച്ച്‌ ഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
പ്രക്ഷോഭ നേതാക്കളായ വാരിയന്‍ കുന്നത്ത്‌ ,മമ്പുറം തങ്ങള്‍,വടക്ക്‌ വിട്ടില്‍ മമ്മദ്‌ എന്നിവരെല്ലാം പാട്ടുകളില്‍ കടന്ന്‌ വരുന്നുണ്ട്‌.

പൂര്‍ണ്ണമായ ചരിത്രമുള്ള ഗാനങ്ങള്‍ കോര്‍ത്തിണക്കി ആല്‍ബം പുറത്തിറക്കാനും പൂക്കോട്ടൂര്‍ പോരാട്ടത്തെ കുറിച്ച്‌ ഡോക്യുമെന്ററി തയ്യാറാക്കാനും പദ്ധതിയുണ്ടെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളും ജോലി തിരക്കുകളും ഇതിന്‌ തടസം സൃഷിടിക്കുന്നതായും അഷ്‌റഫ്‌ സല്‍വ പറയുന്നു.
മുജീബ്‌ മാണിയംകാട്‌
Gulf Madhyamam

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal