ചരിത്രം വിസ്മരിച്ച പൂക്കോട്ടൂര്‍ യുദ്ധം

1921 ഓഗസ്റ്റ്‌ 26 ന്‌ വെള്ളിയാഴ്ചയാണ്‌ പൂക്കോട്ടൂര്‍ യുദ്ധം നടന്നത്‌. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ നേരിടേണ്ടി വന്ന ഏകയുദ്ധം ഇതായിരുന്നു. ആ ചരിത്ര സംഭവം കഴിഞ്ഞിട്ട്‌ 87 വര്‍ഷം തികഞ്ഞു. അലി സഹോദരന്‍മാരുടെയും ഗാന്ധിജിയുടെയും ആഹ്വാനം കേട്ട്‌ സമരത്തിന്റെ തീച്ചൂളയിലേക്ക്‌ എടുത്തുചാടിയ പൂക്കോട്ടൂരിലെ പോരാളികളുടെ ഏറ്റവും വലിയ ആയുധം അഭിമാനബോധവും അടിയുറച്ച വിശാസവുമായിരുന്നു.

യുദ്ധത്തിനു മുന്‍പ്‌ തന്നെ പൂക്കോട്ടൂരില്‍ വെള്ളക്കാര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. തുര്‍ക്കിയെ ബ്രിട്ടന്‍ ആക്രമിച്ചതോടെ ലോകത്താകമാനമുള്ള മുസ്ലിംകള്‍ ബ്രിട്ടനെതിരായി മാറി. അലി സഹോദരന്‍മാര്‍ ഇന്ത്യയിലും ഖിലാഫത്ത്‌ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ പൂക്കോട്ടുരിലും അതിന്റെ അലയൊലികളുണ്ടായി. ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കു വീട്ടില്‍ മുഹമ്മദായിരുന്നു പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ നേതൃത്വം നല്‍കിയത്‌. 1920 ജൂണ്‍ 14 ന്‌ കോഴിക്കോട്‌ നടന്ന സമ്മേളനത്തില്‍ ഗാന്ധിജിയും മൌലാനാ ഷൌഖത്തലിയും പ്രസംഗിച്ചു.

പൂക്കോട്ടുരിലെ ജനസംഖ്യയില്‍ ഭൂരിപക്ഷമായിരുന്ന മാപ്പിളമാരധികവും സ്വന്തമായി ഭൂമിയില്ലാത്തവരും മറ്റ്‌ വരുമാന മാര്‍ഗമില്ലാത്തവരുമായിരുന്നു. ഇവരുടെ വീടുകളില്‍ മിക്ക ദിവസവും പട്ടിണിയായിരുന്നു. പൂക്കോട്ടൂരിലേയും പരിസര പ്രദേശങ്ങളിലേയും ഭൂമിയുടെ മുക്കാല്‍ ഭാഗവും നിലമ്പൂര്‍ കോവിലകം വകയുള്ളതാണ്‌. അവര്‍ക്ക്‌ പൂക്കോട്ടൂരില്‍ ഒരു കോവിലകമുണ്ട്‌. കോവിലകം വക ഭൂമി ഭൂരിഭാഗവും കുടിയാന്‍മാരായി പാട്ടത്തിനെടുത്തിരുന്നത്‌ കഠിനാദ്ധ്വാനികളായ മാപ്പിളമാരായിരുന്നു. ജന്‍മി - കുടിയാന്‍ ബന്ധം അക്കാലത്ത്‌ സൌഹാര്‍ദ്ധ പൂര്‍ണ്ണമായിരുന്നില്ല. അതുകൊണ്ട്‌ തന്നെ അക്കാലത്ത്‌ അനേകം ജന്‍മി കൂടിയാന്‍ സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ട്‌.


പൂക്കോട്ടൂരില്‍ ഖിലാഫത്ത്‌ പ്രസ്ഥാനം ദ്രുതഗതിയില്‍ വളരുകയും ശക്‌തമാവുകയും ചെയ്തു. വള്ളുവമ്പ്രം അധികാരി അഹമദ്‌ കുട്ടി പൂക്കോട്ടൂര്‍ കോവിലകത്തെ ചിന്നനുണ്ണിതമ്പുരാന്‍ എന്നിവര്‍ക്കും ഗവര്‍മെന്റ്‌ അനുകൂലികളായ ചില നാട്ടു പ്രമാണിമാര്‍ക്കും ഈ വളര്‍ച്ച ഇഷ്ടപ്പെട്ടില്ല. അവര്‍ വിരോധം പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ രംഗം വഷളായിത്തുടങ്ങി.


അവസരത്തിലാണ്‌ വടക്കേവീട്ടില്‍ മുഹമ്മദ്‌ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക്‌ കടന്നു വന്നത്‌. അദ്ധേഹം പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മറ്റിയുടെ കാര്യദര്‍ശിയായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ്‌ നിലമ്പുര്‍ കോവിലകത്തെ ആറാം തിരുമുല്‍പ്പാടിന്റെ കാര്യസ്ഥനായിരുന്നു. മലബാറില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രബുദ്ധത അദ്ധേഹത്തേയും വന്‍തോതില്‍ സ്വാധീനിച്ചു. അദ്ധേഹം പ്രത്യേക താല്‍പര്യമെടുത്ത്‌ കുടിയാന്‍മാരായ കര്‍ഷകരെ സംഘടിപ്പിച്ച്‌ "കുടിയാന്‍ സംഘങ്ങള്‍" രൂപീകരിച്ചു. ഖിലാഫത്ത്‌ - നിസ്സഹകരണ പ്രസ്ഥാനങ്ങളുടെയും കുടിയാന്‍ സംഘത്തിന്റെയും അനിഷേധ്യ നേതാവായി ഉയര്‍ന്ന മുഹമ്മദിനെ നിസ്സാര കാരണം പറഞ്ഞ്‌ തിരുമുല്‍പാട്‌ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സര്‍ക്കാരിനെ പ്രീണിപ്പിക്കുകയായിരുന്നു തിരുമുല്‍പ്പാടിന്റെ ലക്‌ഷ്യം . എന്നാല്‍ കുടിയാന്‍ പ്രസ്ഥാനത്തോടും ഖിലാഫത്ത്‌ - സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോടുള്ള എതിര്‍പ്പിന്റെ പ്രതിഫലനമായിട്ടാണ്‌ മുഹമ്മദും അനുയായികളും ഇതിനെ കണക്കാക്കിയത്‌. കുടിയാന്‍മാരായ ഹിന്ദുക്കളും മുസ്ലിംകളും മുഹമ്മദിന്റെ കീഴില്‍ ഉറച്ചു നിന്നു.


പിന്നീട്‌ മുഹമ്മദിന്റെയും അനുയായികളുടെയും ശക്‌തി തകര്‍ക്കാനും സമൂഹത്തില്‍ അവരെ ഇകഴ്ത്തിക്കെട്ടാനുമുള്ള കുതന്ത്രങ്ങളാണ്‌ തിരുമുല്‍പ്പാടും അനുചരന്‍മാരും സ്വീകരിച്ചത്‌. 1921 ജൂലൈ 28 അം തീയതി പൂക്കോട്ടുര്‍ കോവിലകത്തുള്ള പത്തായപ്പുര കള്ളത്താക്കോലിട്ട്‌ തുറന്ന്‌ അവിടെ ഉണ്ടായിരുന്ന ഒരു തോക്കും 130 രൂപയും കുറേ ആധാരങ്ങളും മോഷ്ടിച്ചുവെന്ന്‌ മുഹമ്മദിന്റെ പേരില്‍ കള്ളക്കേസുണ്ടാക്കി . മഞ്ചേരി സബ്‌ ഇന്‍സ്പെക്ടര്‍ ഗോവിന്ദ മേനോന്‍ മുഹമ്മദിന്റെ കടുത്ത വിരോധി ആയിരുന്ന അഹമ്മദ്‌ കുട്ടിയധികാരിയുമായി ഗൂഡാലോചന നടത്തി മുഹമ്മദിന്റെ വീട്‌ പരിശോധിക്കാനെത്തി. അവിടെ നിന്ന്‌ ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഈ സംഭവം പൂക്കോട്ടൂരിലെ ജനങ്ങളെ ക്ഷുഭിതരാക്കി. ഇത്‌ മുഹമ്മദിനേയും ഖിലാഫത്ത്‌ പ്രസ്ഥാനത്തേയും ഒതുക്കി നിര്‍ത്താനുള്ള ശ്രമമായിട്ടാണ്‌ പരക്കെ വിലയിരുത്തപ്പെട്ടത്‌. ജൂലൈ 31 ം തീയതി കോവിലകത്തെ കാര്യസ്ഥന്‍മാരിലൊരാളായ അപ്പുകുട്ടി മേനോന്‍ മലപ്പുറത്ത്‌ ചെന്ന്‌ ഇന്‍സ്പെക്ടര്‍ നാരായണമേനോനെ കണ്ട്‌ പൂക്കോട്ടുരില്‍ ഒരു വലിയ സംഘം ആളുകള്‍ തിരുമുല്‍പ്പാടിനെ ആക്രമിക്കുവാന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയിരിക്കുകയാണെന്ന്‌ അറിയിച്ചു.





ഇതേ തുടര്‍ന്ന്‌ ഇന്‍സ്പെക്ടര്‍ നാരായണമേനോന്‍ നറുകര അധികാരി അഹമ്മദ്‌ കുട്ടിയെയും കൂട്ടി പൂക്കോട്ടൂര്‍ കോവിലകത്തെത്തി. മുഹമ്മദിനെ വിളിച്ചു കൊണ്ടുവരുവാന്‍ അധികാരിയെ പറഞ്ഞയച്ചുവെങ്കിലും മുഹമ്മദ്‌ വരാന്‍ തയ്യാറായില്ല. മുഹമ്മദിനെ പിടിക്കാന്‍ പോലീസെത്തിയ വിവരം നാടൊട്ടുക്കും അതിവേഗം പരന്നു. രോഷം പൂണ്ട ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി നഗാരയടിച്ചു. ജനങ്ങള്‍ പെട്ടെന്നൊരുമിച്ചു കൂടി . അവര്‍ തക്ബീര്‍ മുഴക്കി കൊണ്ട്‌ ഇന്‍സ്പെക്ടര്‍ നാരായണ മേനോന്‍ താവളമടിച്ചിരുന്ന കോവിലകത്തേക്ക്‌ ജാഥയായി നീങ്ങി. നാരായണമേനോനെ വകവരുത്താനായിരുന്നു അവരുടെ പരിപാടി. ഭയവിഹ്വലനായ പോലീസ്‌ ഇന്‍സ്പെക്ടര്‍ മാപ്പു പറഞ്ഞപ്പോള്‍ ജനങ്ങള്‍ പിരിഞ്ഞു പോയി. ഖിലാഫത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നു വരെ ഭീരുവായ ആ പോലീസുദ്യോഗസ്ഥന്‍ പറയുകയുണ്ടായി.


അന്നു രാത്രി തന്നെ ചിന്നനുണ്ണി തമ്പുരാന്‍ നിലമ്പൂരിലേക്ക്‌ രക്ഷപ്പെട്ടു. ഇന്‍സ്പെക്ടര്‍നാരായണമേനോന്‍ അന്ന്‌ ഇളിഭ്യനായി തിരിച്ചു പോയെങ്കിലും മുഹമ്മദിനേയും ഖിലാഫത്ത്‌ പ്രവര്‍ത്തകരേയും അറസ്റ്റ്‌ ചെയ്യുവാന്‍ പിന്നേയും പലവട്ടം ശ്രമം നടത്തുകയുണ്ടായി. പോലീസിന്റെ പ്രകോപനപരമായ ഈ നടപടി ജനങ്ങളെ ഒന്നടങ്കം മുഹമ്മദിന്റെ അനുയായികളും അനുഭാവികളുമാക്കിത്തീര്‍ത്തു.


1921 ആഗസ്ത്‌ 20ന്‌ തിരുരങ്ങാടി പള്ളിക്ക്‌ ബ്രിട്ടീഷ്‌ പട്ടാളം വെടിവെച്ചുവെന്ന വാര്‍ത്ത കാട്ടു തീ പോലെ പരന്നു. ഈ വാര്‍ത്ത അതിവേഗം പൂക്കോട്ടൂരിലുമെത്തി. കിട്ടിയ ആയുധങ്ങളുമായി തിരൂരങ്ങാടിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. ഒന്നുകില്‍ വെള്ളപ്പട്ടാളത്തെ തകര്‍ക്കുക അല്ലെങ്കില്‍ പൊരുതി മരിക്കുക എന്നതായിരുന്നു അവരുടെ തീരുമാനം. . വാര്‍ത്തയറിഞ്ഞു കോണ്‍ഗ്രസ്‌ - ഖിലാഫത്ത്‌ നേതാക്കള്‍ പൂക്കോട്ടൂരില്‍ കുതിച്ചെത്തി. അബ്ദുറഹിമാന്‍ സാഹിബ്‌, എം.പി നാരായണമേനോന്‍ , ഇ. മൊയ്തു മൌലവി, ഗോപാലമേനോന്‍ എന്നിവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. സ്നേഹ സമ്പന്നനും പൂക്കോട്ടൂരിലെ മാപ്പിളമാരുടെ ഉറ്റമിത്രവുമായിരുന്ന എം.പി നാരായണമേനോനും അബ്ദുറഹ്മാന്‍ സാഹിബും സമരഭടന്‍മാരോട്‌ തിരൂരങ്ങാടിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന്‌ ആവശ്യപ്പെട്ടു. സഹോദര്യ സ്നേഹത്തിന്റെ അത്യുന്നത വക്‌താവായിരുന്ന മുഹമ്മദ്‌ അബ്ദു റഹ്മാന്‍ സാഹിബ്‌ തന്റെ കാളവണ്ടിയില്‍ കയറി നിന്ന്‌ ചെയ്‌ത പ്രസംഗം സ്നേഹസാന്ദ്രവും വികാരതരളിതവുമായിരുന്നുവെന്ന്‌ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌." പ്രിയപ്പെട്ട സഹോദരന്‍മാരെ നമ്മുടെ ഉമ്മമാരേയും സഹോദരിമാരെയും വീട്ടില്‍ തനിച്ചാക്കി തിരൂരങ്ങാടിയില്‍ പോയി യുദ്ധക്കളത്തില്‍ മരിച്ചാല്‍ നിങ്ങളുടെ ആത്മാവിന്‌ ശാന്തി കിട്ടുമോ? വെള്ളപ്പട്ടാളവും സാമൂഹിക ദ്രോഹികളും അവരെ കടിച്ചു കീറുകില്ലേ? " എന്നു ചോദിച്ചു കൊണ്ടുള്ള അബ്ദുറഹിമാന്‍ സാഹിബിന്റെ പ്രസംഗം അവരുടെ കണ്ണുകളെ ഈറനണിയിച്ചു.. നേതാക്കളുടെ ഉപദേശം കേട്ട അവര്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞു.

പിന്നീടവര്‍ നിലമ്പൂര്‍ കോവിലകത്തെ ആറാം തിരുമുല്‍പ്പാടിനോട്‌ പകരം ചോദിക്കണമെന്ന ഉദ്ദ്യേശത്തോടെ നിലമ്പൂരിലേക്ക്‌ പോയി. അവര്‍ എടവണ്ണ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ തോക്കുകള്‍ കരസ്ഥമാക്കി. വഴിയിലാരെയും അവര്‍ ഉപദ്രവിച്ചിരുന്നില്ല.
കോവിലകത്തെത്തിയപ്പോള്‍ പടിക്കല്‍ കാവല്‍ നിന്നിരുന്നവര്‍ വെടിവെച്ചു. കാവല്‍ക്കാരില്‍ കുറേ മാപ്പിളമാര്‍ ഉണ്ടായിരുന്നുവെന്നതിനാല്‍ തമ്പുരാന്‌ മാപ്പിളമാരോടോ മാപ്പിളമാര്‍ക്ക്‌ തമ്പുരാനോടോ സാമുദായിക വിദ്വേഷമുണ്ടായിരുന്നില്ല എന്നു മനസ്സിലാക്കാമെന്ന്‌ " മലബാര്‍ സമരം എം.പി നാരായാണമേനോനും സഹപ്രവര്‍ത്തകരും " എന്ന ഗ്രന്ഥത്തില്‍ പ്രൊഫ: എം.പി.എസ്‌ മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പൂക്കോട്ടൂര്‍ മാപ്പിളമാര്‍ക്ക്‌ തമ്പുരാനോടുണ്ടായിരുന്ന പകക്ക്‌ കാരണം തമ്പുരാന്റെ കുടിയാന്‍ ദ്രോഹനയവും വടക്കേ വീട്ടില്‍ മുഹമ്മദിനെ കള്ളക്കേസില്‍ കുടുക്കിയതും മാത്രമായിരുന്നു.



കാവല്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ 17 പേര്‍ വധിക്കപ്പെട്ടു.കാവല്‍ക്കാരെ
കീഴടക്കിയ മാപ്പിളമാര്‍ അകത്ത്‌ കടന്ന്‌ " തമ്പുരാനെവിടെ അവനെ പിടിക്ക്‌" എന്നാക്രോശിച്ചു. ശബ്ദം കേട്ട്‌ ഇറങ്ങി വന്ന ഇളയതമ്പുരാന്‍ " ഞാനാണ്‌ ഇളയതമ്പുരാന്‍, നിങ്ങള്‍ക്ക്‌ തമ്പുരാനെ വേണമെങ്കില്‍ എന്നെ കൊല്ലാം " എന്നു പറഞ്ഞ്‌ സധൈര്യം മുന്നോട്ട്‌ വന്നു. മാപ്പിളമാര്‍ അദ്ധേഹത്തെ ഒന്നും ചെയ്തില്ല. അദ്ധേഹത്തിന്റെ ധീരതയെ പുകഴ്ത്തി കൊണ്ടവര്‍ സ്ഥലം വിട്ടു. ആറാം തിരുമുല്‍പ്പാട്‌ സ്ഥലത്തില്ല എന്നു മനസ്സിലാക്കിയ മാപ്പിളമാര്‍ അവിടെയുണ്ടായിരുന്ന രേഖകളും റിക്കാര്‍ഡുകളും നശിപ്പിച്ചു. കോവിലകത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളടക്കമുള്ള ആരേയും അവര്‍ ഉപദ്രവിച്ചിരുന്നില്ല എന്ന്‌ എം.പി സ്‌ മേനോന്‍ രേഖപ്പെടുത്തിയിട്ടൂണ്ട്‌. തിരിച്ചു വരുമ്പോള്‍ മഞ്ചേരിയിലെ ഗവര്‍മെണ്ട്‌ ഖജനാവ്‌ തകര്‍ക്കുകയും അളവറ്റ പണവും
സമ്പത്തും പാവങ്ങള്‍ക്ക്‌ വാരിയെറിഞ്ഞു കൊടുക്കുകയും ചെയ്തു.


പൂക്കോട്ടൂരും പരിസര പ്രദേശങ്ങളും ഖിലാഫത്ത്‌ കമ്മറ്റിയുടെ ഭരണത്തിന്‍ കീഴിലായി. പരിചയമില്ലാത്ത ആരെ കണ്ടാലും പിടിച്ചു കൊണ്ട്‌ പോയി പോലീസിന്റെ ആളാണോ എന്ന്‌ പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

വടക്കേ വീട്ടില്‍ മുഹമ്മദ്‌, പറാഞ്ചേരി കുഞ്ഞറമുട്ടി, കൊല്ലപ്പറമ്പന്‍ അബ്ദു ഹാജി , കാരാടന്‍ മൊയ്തീന്‍ കുട്ടി ഹാജി, മന്നെതൊടി കുഞ്ഞാലന്‍ ഹാജി, പൊറ്റയില്‍ കുഞ്ഞോക്കര്‍ എന്നിവരായിരുന്നു ഭരണ നേതൃത്വം വഹിച്ചിരുന്നത്‌. പോലീസിനു വേണ്ടി ചാരപ്പണി ചെയ്‌തതിന്‌ പിടിക്കപ്പെട്ട എരുകുന്നന്‍ കുഞ്ഞമ്മദ്‌, അമ്പലതിങ്ങല്‍ കൃഷണപ്പണിക്കര്‍, മുണ്ടന്‍ തേരു, മഞ്ചേരി സ്വദേശി വട്ടപറമ്പന്‍ അലവി എന്നിവര്‍ വധിക്കപ്പെട്ടു. പൂക്കോട്ടൂരിലും പരിസര പ്രദേശങ്ങളിലും തോക്കുകളുള്ള വീടുകളില്‍ കയറി തോക്കുകളെല്ലാം സമരപ്രവര്‍ത്തകര്‍ എടുത്തിരുന്നു. ഇതില്‍ എല്ലാ സമുദായത്തില്‍ പെട്ടവരുടെയും ഉണ്ടായിരുന്നുവെന്നല്ലാതെ പൂക്കോട്ടൂരിലെ ഖിലാഫത്ത്‌ - സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ വര്‍ഗീയതയുടെ നിറം തന്നെ കാണാന്‍ സാധ്യമല്ല. കലാപകാരികളൂടെ രോഷത്തിനിരയായവര്‍ മിക്കവരും ഗവര്‍മെണ്ട്‌ അനുകൂലികളായ മുസ്ലിംകളായിരുന്നു.

1921 ഓഗസ്റ്റ്‌ 20 ന്‌ കണ്ണൂരില്‍ നിന്നും ഒരു സംഘം ബ്രിട്ടീഷ്‌ പട്ടാളക്കാര്‍ മലപ്പുറത്തേക്ക്‌ പുറപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത കോഴിക്കോട്ടെ ഖിലാഫത്ത്‌ കേന്ദ്ര കമ്മറ്റിയില്‍ നിന്നും പൂക്കോട്ടൂരില്‍ കിട്ടി. പട്ടാളത്തെ പൂക്കോട്ടൂരില്‍ വെച്ച്‌ നേരിടണമെന്ന്‌ മാപ്പിളമാര്‍ തീരുമാനിച്ചു. ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. കാരാട്ട്‌ മൊയ്‌തീന്‍ കുട്ടി ഹാജിയും വടക്കേവീട്ടില്‍ മുഹമ്മദും നേതൃത്വം നല്‍കി.. യുദ്ധകാഹളം മുഴങ്ങി. കോഴിക്കോട്‌ -പാലക്കാട്‌ റൂട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പാലം പൊളിച്ചും മരങ്ങള്‍ മുറിച്ചിട്ടും റോഡ്‌ തടസ്സപ്പെടുത്തി. പട്ടാളത്തിന്റെ യാത്ര ക്ലേശകരമായിരുന്നെങ്കിലും എല്ലാം തരണം ചെയ്‌ത്‌ ഓഗസ്റ്റ്‌ 25 ന്‌ അവര്‍ അറവങ്കര പാപ്പാട്ടുങ്ങല്‍ എന്ന സ്ഥലത്തെത്തി. അവിടെയുള്ള വലിയ പാലം പൊളിച്ചിട്ടിരുന്നതിനാല്‍ അന്നവര്‍ കൊണ്ടോട്ടിയിലേക്ക്‌ മടങ്ങി.

പിറ്റെ ദിവസം പട്ടാളം വീണ്ടും വരികയും പള്ളിപ്പണിക്ക്‌ കരുതിവെച്ചിരുന്ന മരങ്ങളും തെങ്ങും എടുത്ത്‌ താല്‍ക്കാലിക പാലം നിര്‍മിച്ച്‌ വാഹനങ്ങള്‍ മുന്നോട്ടെടുക്കുകയും ചെയ്തു.



യുദ്ധസന്നദ്ധരായ മാപ്പിളമാര്‍ മുന്‍ തീരുമാനപ്രകാരം പൂക്കോട്ടൂരിനും പിലാക്കലിനുമിടക്കുള്ള പാടത്തും തോട്ടിലുമായി പട്ടാളത്തെ കാത്തിരുന്നു. രണ്ടായിരത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു. പൂക്കോട്ടൂര്‍ അംശക്കാര്‍ക്ക്‌ പുറമേ വെള്ളുവമ്പ്രം, പൊടിയാട്‌ മേല്‍മുറി ,പുല്ലാര,വീമ്പൂര്‍, ആനക്കയം,പന്തല്ലൂര്‍, പാണ്ടിക്കാട്‌, പാപ്പിനിപ്പാറ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ യുദ്ധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.. പിലാക്കല്‍ അങ്ങാടിയില്‍ ഒരു വലിയ പുളിമരം മുറിച്ചിട്ട്‌ റോഡില്‍ തടസ്സമുണ്ടാക്കി.


ഇരുപത്തി രണ്ട്‌ ലോറികളിലായിട്ടാണ്‌ പട്ടാളക്കാര്‍ എത്തിയത്‌. വാഹന വ്യൂഹത്തിന്റെ മുന്‍ നിര പിലാക്കല്‍ അങ്ങാടിയിലെത്തുമ്പോള്‍ മുന്നിലെ ലോറിക്ക്‌ വെടിവെക്കാനും അതോടൊപ്പം നാല്‌ ഭാഗത്ത്‌ നിന്നും വളയാനുമായിരുന്നു പരിപാടി. യുദ്ധതന്ത്രം മെനയുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന പറാഞ്ചേരി കുഞ്ഞറമുട്ടിയും അയമുവും ഈ തീരുമാനമറിഞ്ഞിരുന്നില്ല. അവര്‍ അവസാനമായിരുന്നു എത്തിച്ചേര്‍ന്നത്‌. മണ്‍കൂനക്ക്‌ പിന്നിലിരുന്നിരുന്ന പറാഞ്ചേരി കുഞ്ഞറമുട്ടി രണ്ടോ മൂന്നോ ലോറി പാടത്ത്‌ ഭാഗത്തേക്ക്‌ കടന്നതോടെ ലോറിക്ക്‌ നേരെ വെടിവെച്ചു. വെടിയൊച്ച കേട്ടതോടെ കൌശലക്കാരായ ബ്രിട്ടീഷ്‌ പട്ടാളം ലോറികള്‍ പിന്നോട്ടെടുക്കുകയും പൂക്കോട്ടൂര്‍ അങ്ങാടിയില്‍ ഇറങ്ങുകയും ചെയ്തു. ഉടനെ തന്നെ പട്ടാളം പുക ബോംബെറിഞ്ഞു പുക നിറഞ്ഞതോടെ മാപ്പിള പോരാളികള്‍ക്ക്‌ തോക്കുകള്‍ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിഞ്ഞില്ല. അവരുടെ വെടിയുണ്ടകളുടെ ഉന്നം പിഴച്ചു. അന്തരീക്ഷം നിറയെ പുകപടലം മൂടിയതോടേ പട്ടാളക്കാര്‍ അതിന്റെ മറവില്‍ യന്ത്രത്തോക്കുകള്‍ പ്രവര്‍ത്തന സജ്ജമാക്കി റോഡില്‍ നിരത്തി. പുകപടലമൊന്നടങ്ങിയപ്പോള്‍ പത്തോളം പട്ടാളക്കാര്‍ പിലാക്കല്‍ ഭാഗത്തേക്ക്‌ നടന്നു. ഇത്‌ ചതിയാണെന്നറിയാതെ മാപ്പിള പോരാളികള്‍ അവരെ പിടിക്കാന്‍ മുന്നോട്ട്‌ കുതിച്ചു. പട്ടാളക്കാര്‍ പെട്ടെന്ന്‌ പിന്നോട്ടോടി യന്ത്രതോക്കുകളുടെ പിന്നിലെത്തി. മെഷീന്‍ ഗണ്ണൂകള്‍ ഗര്‍ജ്ജിക്കാന്‍ തുടങ്ങി. പിന്തുടര്‍ന്ന പോരാളികളെ മുഴുവന്‍ വധിച്ചു. ഇത്‌ രണ്ടു പ്രാവശ്യം ആവര്‍ത്തിച്ചു. കൂടുതലാളുകള്‍ മരിക്കാനിടയായത്‌ ഇക്കാരണത്താലാണ്‌. നാട്ടുകാര്‍ തങ്ങളുടെ കൈവശമുള്ള കൈതോക്കുകളും മറ്റായുധങ്ങളുമായി പട്ടാളത്തിന്‌ കഴിയുന്നത്ര നാശനഷ്ടങ്ങള്‍ വരുത്താന്‍ ശ്രമിച്ചു. പക്ഷേ കൈതോക്കുകള്‍ക്ക്‌ പീരങ്കികളോടും വലിയ യന്ത്രതോക്കുകളോടും കിടപിടിക്കാന്‍ കഴിഞ്ഞില്ല. ഈശ്വരവിശാസത്തിന്റെ ശക്‌തമായ പിന്‍ബലത്തില്‍ മാപ്പിളമാര്‍ വാളുകളും കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി പട്ടാളക്കാരുടെ നേരെ കുതിച്ചു. പീരങ്കിയുണ്ടകള്‍ക്ക്‌ മുമ്പില്‍ തലകുനിക്കാതെ അവര്‍ പൊരുതി. സ്പെഷല്‍ ഫോഴ്സ്‌ സൂപ്രണ്ടായിരുന്ന ലങ്കാസ്റ്ററെ അവര്‍ വെട്ടി വീഴ്ത്തി. ആദ്യം വെടിയുതിര്‍ത്ത പറാഞ്ചേരി കുഞ്ഞറമുട്ടിയും അയമുവും തങ്ങളുടെ പക്കലുണ്ടായിരുന്ന നൂറോളം തിരകള്‍ തീര്‍ന്നപ്പോള്‍ വെളിയില്‍ വന്ന്‌ ധീര രക്‌തസാക്ഷിയായി. പൂക്കോട്ടൂരിന്റെ നായകന്‍ വടക്കു വീട്ടില്‍ മുഹമ്മദും യുദ്ധ ഭൂമിയില്‍ ശഹീദായി.

മൂന്ന്‌ മണിക്കൂറിലധികം നീണ്ട്‌ നിന്ന ഉഗ്രപോരാട്ടത്തില്‍ നാനൂറോളം മാപ്പിളമാര്‍ കൊല്ലപ്പെട്ടു. ഇവര്‍ക്കൊക്കെ നെഞ്ചത്തായിരുന്നു വെടികൊണ്ടതെന്ന്‌ ചരിത്രകാരന്‍മാര്‍ പറയുന്നു. ഇത്‌ അവരുടെ അസാധാരണമായ ധൈര്യത്തേയും അചഞ്ചലമായ വിശ്വാസത്തെയുമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. അവരുടെ ഏറ്റവും വലിയ ആയുധം അഭിമാനബോധവും അടിയുറച്ച വിശ്വാസവുമായിരുന്നു. ബേസ്റ്റണ്‍ ലങ്കാസ്റ്റര്‍ അടക്കം ഒമ്പത്‌ ബ്രിട്ടീഷുകാരും എട്ട്‌ പട്ടാളക്കാരും പ്രസ്‌തുത യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതിഭയങ്കരമായ ശൂരതയാണ്‌ മാപ്പിളമാര്‍ യുദ്ധത്തില്‍ കാണിച്ചതെന്നാണ്‌ ബ്രിട്ടീഷുദ്യോഗസ്ഥന്‍മാര്‍ പറഞ്ഞത്.

യുദ്ധാനന്തരം വിജയോന്‍മാദത്തോടെ മലപ്പുറത്തേക്ക്‌ പോവുകയായിരുന്ന പട്ടാള ലോറികളിലൊന്ന്‌ വാറങ്കോട്ട്‌ വെച്ച്‌ മങ്കരത്തൊടി കുഞ്ഞമ്മദ്‌ എന്ന മാപ്പിള പോരാളി തകര്‍ത്തു. കമന്റിംഗ്‌ ഓഫീസര്‍ ലങ്കാര്‍ സായ്പ്പും നാല്‌ ബ്രിട്ടീഷ്‌ പട്ടാളക്കാരും സഞ്ചരിച്ചിരുന്ന ലോറിയിലേക്ക്‌ ഒരു മരത്തിന്റെ മുകളില്‍ നിന്ന്‌ അദ്ധേഹം കൈബോംബെറിയുകയായിരുന്നു. ലങ്കാര്‍ സായ്പ്പിന്റെയും പട്ടാളക്കാരുടെയും ശരീരം ലോറിയോടൊപ്പം ചിന്നിച്ചിതറി. കുഞ്ഞമ്മദ്‌ തന്റെ ശരീരം മരത്തോട്‌ ചേര്‍ത്ത്‌ ഒരു കയര്‍ കൊണ്ട്‌ ബന്ധിച്ചിരുന്നു. പട്ടാളക്കാരുടെ വെടിയേറ്റ ആ ധീരസേനാനി കിടന്നകിടപ്പില്‍ തന്നെ മരിച്ചു. വെടിയേറ്റ്‌ ആ ശരീരത്തിലെ മാംസമൊക്കെ തെറിച്ച്‌ പോയിരുന്നു. യുദ്ധത്തില്‍ വിജയികളായ വെള്ളക്കാര്‍ റോഡ്‌ വക്കിലെ വീടുകളെല്ലാം അഗ്നിക്കിരയാക്കി. 60 മയ്യിത്തുകള്‍ പട്ടാളക്കാര്‍ വലിച്ചിഴച്ച്‌ ചെറുകാവില്‍ മൂസക്കുട്ടി എന്നയാളുടെ പുരയിടത്തിലിട്ട്‌ പുരക്ക്‌ തീ കൊളുത്തിയെങ്കിലും മയ്യിത്തുകള്‍ക്ക്‌ ഒന്നും സംഭവിച്ചിരുന്നില്ല. യുദ്ധം അവസാനിച്ച ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടൂകയും മയ്യിത്തുകള്‍ എടുത്ത്‌ മറവ്‌ ചെയ്യുന്നതില്‍ വ്യാപൃതരാവുകയും ചെയ്തു.
ഇതിനു ശേഷവും ഇവിടെ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്‌. 1921 ഒക്ടോബര്‍ 20 ന്‌ ഗൂര്‍ഖാ പട്ടാളത്തോടേറ്റുമുട്ടി 46 പേര്‍ മരിച്ചു. ഒക്റ്റോബര്‍ 25 ന്‌ മേല്‍മുറിക്കാട്ടില്‍ പട്ടാളവുമായി നടത്തിയ ഗറില്ലാ യുദ്ധത്തില്‍ 246 പേരാണ്‌ മരണപ്പെട്ടത്‌. 1922 ജനുവരി മാസത്തില്‍ കാരാടന്‍ മൊയ്തീന്‍ കുട്ടിഹാജിയുടെ നേതൃത്വത്തില്‍ മൊറയൂരില്‍ വെച്ച്‌ നടന്ന യുദ്ധത്തില്‍ 19 പേര്‍ മരണപ്പെട്ടു. നിരവധി പേരെ പട്ടാളം ആന്‍ഡമാനിലേക്ക്‌ നാടു കടത്തി .അനേകം പേരെ തൂക്കിക്കൊന്നു. ഏതാനും പേരെ ബെല്ലാരി, തൃശ്ശിനാപ്പള്ളി, സേലം, തുടങ്ങിയിടങ്ങളിലെ ജയിലുകളിലേക്കയച്ചു. പലര്‍ക്കും കടുത്ത മര്‍ദ്ധനമേല്‍ക്കേണ്ടി വന്നു. കൂട്ടപ്പിഴ ചുമത്തപ്പെട്ടു.

വെള്ളക്കാരന്റെ കിരാത ഭരണത്തില്‍ നിന്നും മാതൃരാജ്യത്തെ മോചിപ്പിക്കാന്‍ പൂക്കോട്ടൂരിലെ മാപ്പിളയോദ്ധാക്കള്‍ ഹൃദയരക്‌തം കൊണ്ട്‌ ചരിത്രമെഴുതുകയായിരുന്നു. പക്ഷേ ഈ പോരാട്ടത്തെ ചരിത്രപുസ്തകങ്ങള്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണ്‌. പണ്ട്‌ പൂക്കോട്ടൂര്‍ യുദ്ധത്തെ കുറിച്ച്‌ ചെറിയ ഖണ്ഡികയെങ്കിലും പാഠപുസ്തകത്തില്‍ ഉണ്ടായിരുന്നു.എന്നാലിന്ന്‌ വടക്കേവീട്ടില്‍ മുഹമ്മദിനെ അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ ശ്രമിച്ചത്‌ പോലീസും ജനങ്ങളും തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകള്‍ക്ക്‌ വഴിയൊരുക്കി എന്ന ഒറ്റവരിയില്‍ ഈ ചരിത്ര സംഭവത്തെ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. ചരിത്രകാരന്‍മാരുടെ ഉള്ളിലിരുപ്പ്‌ എന്തായിരുന്നാലും ഈ പോരാട്ടം പൂക്കോട്ടൂരിലെ പുതുതലമുറക്കിന്നും ആവേശമാണ്‌.

പി കെ ഹംസ
ചന്ദ്രിക 1997

7 comments:

bukhari said...

നിനക്ക് ഒരു ലൈക് തരാൻ വൈകി പോയി

Unknown said...

ഗുഡ്

muhsin said...
This comment has been removed by the author.
muhsin said...

Very brave story of the community

Swalih KP said...

Buiti ful

Unknown said...

❤❤

ZCeeJoys world said...

ഇപ്പം തന്നെ ഇതിന്റെ എല്ലാം പൊളിഞ്ഞ ചരിത്രം ആയല്ലോ

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal