പൂക്കോട്ടൂരില്‍ നിന്നൊരു ടിക്കറ്റ്‌ ചരിത്രത്തിലേക്ക്‌.

ഇത്‌ 91 വര്‍ഷം മുമ്പ്‌ ചരിത്രത്തിലേക്ക്‌ നടത്തിയ ഒരു യാത്രയുടെ വെളിപ്പെടുത്തലാണ്‌. ചരിത്ര രേഖകളില്‍ നിന്ന്‌ മായ്ക്കപ്പെട്ട്‌ വിസ്മൃതിയിലായ നൂറുകണക്കിനു ദേശസ്നേഹികളുടെ ധീരതയുടെ നേര്‍ചിത്രമാണ്‌ ഇതിന്റെ കാതല്‍. മലബാര്‍ കലാപമെന്നും മാപ്പിളലഹളയെന്നും പേര്‌ നല്‍കി സ്വാതന്ത്യ്ര സമര രേഖകളില്‍ നിന്ന്‌ അയിത്തം കല്‍പ്പിച്ചിരുന്ന അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുറങ്ങുന്ന പൂക്കോട്ടൂ രില്‍ നിനുമാണ്‌ ഈ യാത്ര പുറപ്പെടുന്നത്‌. പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ അടിസ്ഥാനം വര്‍ഗീയതയാണെന്നും ഇതിന്റെ അനുസ്മരണം ആചരിക്കരുതെന്ന്‌ പറയുന്നവര്‍ക്ക്‌ ചരിത്രം നല്‍കുന്ന മറുപടിയാണ്‌ ഈ യാത്രയുടെ ഓര്‍മപ്പെടുത്തല്‍. സ്വാതന്ത്യ്രസമര പോരാട്ടത്തില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന ഹിന്ദു മുസ്ലിം സൌഹാര്‍ദ്ധത്തിലേക്ക്‌ വഴി തെളിയിക്കുന്ന ചരിത്രം രേഖപ്പെടുത്തി ഭാവി തലമുറക്ക്‌ കാത്തുവെച്ചത്‌ നമ്പൂതിരി സമുദായത്തിന്റെ മുഖപത്രമായ യോഗക്ഷേമം വാരികയാണ്‌.

വര്‍ഷം 1920. കെ മാധവന്‍ നായരേയും സഖാക്കളേയും ബ്രിട്ടീഷ്‌ പട്ടാളം അറസ്റ്റ്‌ ചെയ്തതിനെതിരെ നാടൊട്ടുക്കും പ്രതിഷേധം ഉയരുന്ന കാലം. തൃശൂരിലും ഇതിന്റെ അലയൊലികളുയര്‍ന്നു. ബ്രിട്ടീഷ്‌ ഭരണകൂടത്തിനെതിരില്‍ തൃശ്ശൂരിലെ ദേശസ്നേഹികള്‍ പൊതുയോഗം സംഘടിപ്പിച്ചു. 1920 ഫെബ്രുവരി 20 നായിരുന്നു അത്‌. യോഗം ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നതിനാല്‍ പ്രദേശത്തെ ക്രിസ്തുമത വിശ്വാസികളില്‍ ചിലര്‍ സംഘടിച്ചെത്തി അലങ്കോലപ്പെടുത്തി. യോഗത്തിനെത്തിയവരെ ഓടിച്ചു വിട്ടു. ബ്രിട്ടീഷ്‌ അനുകൂലികളുടെ ഭീഷണി കാരണം തൃശ്ശൂരില്‍ സ്വാതന്ത്യ്രസമര പരിപാടികളൊന്നും നടത്താനാവാതായി. ഈ സാഹചര്യത്തിലാണ്‌ പൌരപ്രധാനിയായ എ.ആര്‍ മേനോന്‍ ഏറനാട്‌ നിന്നു മാപ്പിളമാരെ കൊണ്ട്‌ വന്ന്‌ അവരുടെ സംരക്ഷണത്തില്‍ ബ്രിട്ടീഷ്‌ വിരുദ്ധ പ്രകടനവും പൊതുയോഗവും നടത്താമെന്ന അഭിപ്രായമുയര്‍ത്തിയത്‌. സഹായം തേടി പൂക്കോട്ടൂരിലേക്കാണ്‌ മേനോന്‍ ആളെ വിട്ടത്‌.
ഖിലാഫത്ത്‌ കമറ്റി സെക്രട്ടറിയായ വടക്കുവീട്ടില്‍ മമ്മദുവിനോട്‌ ഖിലാഫത്ത്‌ കമ്മറ്റിയില്‍ നിന്നു ചിലരെ തൃശ്ശൂരിലേക്ക്‌ യോഗത്തിന്‌ സംരക്ഷണം നല്‍കാന്‍ വേണമെന്ന്‌ ആവശ്യപ്പെട്ടു. ചാലില്‍ കണ്ണാടിക്കല്‍ യൂസഫിനോടും ഇതേ ആവശ്യം ഉന്നയിച്ചു. ഖിലാഫത്ത്‌ കമ്മറ്റികള്‍ വളരെ സജീവമായ രണ്ട്‌ പ്രദേശത്ത്‌ നിന്ന്‌ 1800 പേരാണ്‌ 1920 മാര്‍ച്ച്‌ രണ്ടിനു ട്രെയിന്‍ കയറി തൃശ്ശൂരിലെത്തിയത്‌. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എ ആര്‍ മേനോനും മാറാടി കൃഷ്ണ മേനോനും ഉള്‍പ്പെടെ നിരവധി ഹൈന്ദവ പ്രമുഖര്‍ മാപ്പിള പോരാളികളെ സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന്‌ മാപ്പിളമാരുടെ സംരക്ഷണത്തില്‍ തൃശൂര്‍ അന്ന്‌ വരെ കാണാത്തത്ര ശക്തമായ ബ്രിട്ടീഷ്‌ വിരുദ്ധ പ്രകടനം അവിടെ നടന്നു. ഹിന്ദുക്കളും മുസ്ലിംകളും അണിചേര്‍ന്ന്‌ നടത്തിയ പ്രകടനം തടയാന്‍ ബ്രിട്ടീഷ്‌ അനുകൂലികളോ ബ്രിട്ടീഷുകാരോ ധൈര്യപ്പെട്ടില്ല. പ്രകടനം കഴിഞ്ഞ്‌ മാപ്പിളമാരെ പൂക്കോട്ടൂരിലേക്ക്‌ യാത്രയാക്കാനെത്തിയത്‌ അഡീഷണല്‍ ഡിസ്ട്രിക്റ്റ്‌ മജിസ്ട്രേറ്റ്‌ വൈദ്യനാഥ അയ്യര്‍,സെക്കന്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരായിരുന്നു. മൂന്ന്‌ അണയായിരുന്നു തൃശ്ശൂരില്‍ നിന്ന്‌ തിരൂരിലേക്കൂള്ള ട്രെയിന്‍ നിരക്ക്‌. എന്നിട്ട്‌ പോലും 480 രൂപക്കാണ്‌ ടിക്കെറ്റെടുത്തതെന്ന്‌ യോഗക്ഷേമം ദ്വൈവാരിക പുസ്തകം 11 ലക്കം 23 ല്‍ പറയുന്നു.
ബ്രിട്ടീഷ്‌ സൈനിക രേഖകളില്‍ യുദ്ധം എന്ന്‌ വിശേഷിപ്പിക്കുന്ന പൂക്കോട്ടൂര്‍ യുദ്ധം നടന്നത്‌ 1921 ആഗസ്ത്‌ 26 വെള്ളിയാഴ്ചയായിരുന്നു. 400 ലധികം പോരാളികള്‍ രക്തസാക്ഷികളായ യുദ്ധത്തില്‍ മൂന്ന്‌ ബ്രിട്ടീഷ്‌ സൈനിക മേധാവികളും കൊല്ലപ്പെട്ടിരുന്നു.അതിനും ഒന്നരവര്‍ഷം മുമ്പാണ്‌ മാപ്പിള പോരാളികള്‍ ബ്രിട്ടീഷ്‌ വിരുദ്ധ പ്രകടനത്തിനു ഹിന്ദു സഹോദരങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കാന്‍ തൃശ്ശൂരിലെത്തിയത്‌.

കെ. എന്‍. നവാസ്‌ അലി.
Thejas Daily

2 comments:

Shahid Ibrahim said...

അറിവുകള്‍ പകര്‍ന്നതിനു വളരെയധികം നന്ദി

ശ്രീ said...

പുതിയ അറിവുകള്‍!

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal