പൂക്കോട്ടൂര്‍ രക്തസാക്ഷികള്‍
(ഇശല്‍ - ചുടു ചോരകൊണ്ട്)
****************************
വെള്ളപ്പട്ടാളത്തെ ഞെട്ടിവിറപ്പിച്ച
മാമലനാട്ടിന്റെ മക്കളേ
വാളൂരിച്ചാടിപടയ്ക്കിറങ്ങിയ
പൂക്കോട്ടൂരെ ശുഹദാക്കളെ
വീറെഴും ധീരയുവാക്കളേ
(വെള്ളപ്പട്ടാളത്തെ)
ബ്രിട്ടന്നെതിരില്‍ ഖിലാഫത്തൊരുങ്ങി
ഭാരതമാകെ സമരം തുടങ്ങി
ഏറനാട്ടില്‍ രണഭേരി മുഴങ്ങി
വള്ളുവനാടൊന്നിച്ചലറിയിറങ്ങി
ധീരനാം ഹാജി - വാരിയം കുഞ്ഞഹമ്മദാജി
ആലിമുസ്ലയരുടെ അണിയില്‍ ഒന്നിച്ചൂ
കുതിച്ചുമുന്നേറീ - നാട്ടില്‍ - കലഹത്തീപാറീ
(വെള്ളപ്പട്ടാളത്തെ)
പട്ടാളം ചീറിയടുത്ത് കുതിച്ചു
പള്ളിയും അമ്പലം തച്ചു പൊളിച്ചു
ആലി മുസ്ലിയാരെ നോക്കിപ്പിടിച്ചു
ഒട്ടേറെ വീടുകള്‍ ചുട്ടുകരിച്ചു
ചുടുചോരയൊഴുക്കി - നാട്ടില്‍
കഠിനത പെരുകീ - ജനം
ജിഹാദിന്‍ കഹളം മുഴക്കീവെള്ളയെ
തകര്‍ത്തു മുന്നേറീ-പട്ടാളം - ഇരച്ചങ്ങുകേറീ
(വെള്ളപ്പട്ടാളത്തെ)
പീരങ്കിപട്ടാളം മുന്നോട്ടലച്ചു
പൂക്കോട്ടൂരില്‍ പടയോട്ടം കുറിച്ചു
തോക്കുകള്‍ തീ തുപ്പി നാട് കരിച്ചു
ധീരസഖാക്കള്‍ പിടഞ്ഞുമരിച്ചു
മാപ്പിളനാടലറി-ജനം
മലകുന്ന് കയറി- അന്ന്
ഒളിപ്പോരിനൊത്ത് കുതിച്ച- മാപ്പിള
മക്കള്‍ക്കടിപതറി-അണി-നാലുപാടും ചിതറി
(വെള്ളപ്പട്ടാളത്തെ)
വേട്ടയാടീ പലരേയും പിടിച്ചു
വണ്ടിക്ക് കെട്ടിവലിച്ചങ്ങിഴച്ചു
വാഗണില്‍ തിരൂരില്‍ നിന്നാളെ നിറച്ചു
വായു ലഭിക്കാതെ ശ്വാസം നിലച്ചു
കടുത്തയാതനകള്‍-ലോകം
വിറപ്പിച്ച കഥകള്‍-അന്ന്
സ്വതന്ത്രഭാരതം സഫലമാകുവാന്‍
സഹിച്ച വേദനകള്‍-എന്നും മറക്കാത്ത കഥകള്‍
(വെള്ളപ്പട്ടാളത്തെ)
വി.എം കുട്ടി മാഷില്‍ നിന്നും നേരിട്ട് ശേഖരിച്ചത്
0 comments:
Post a Comment