"തിയ്യനും ചെറുമനും കിട്ടുന്നതില്‍ പകുതി ചാരായത്തിനുപയോഗിക്കും. മാപ്പിളയ്ക്ക് ആ ദോഷമില്ല. കുറച്ചേ ഉള്ളുവെങ്കിലും അതവന്‍ നന്നായി അനുഭവിക്കും. അതുകൊണ്ട് അവന്‍ ദൃഢഗാത്രനായി ജീവിക്കുന്നു. ഉശിരുണ്ട്, ശക്തിയുണ്ട്, എന്തിനും പ്രാപ്തിയുമുണ്ട്. വിവരമില്ല. വിദ്യാഭ്യാസമില്ല. പട്ടിണിക്കൊട്ട് മുടക്കവുമില്ല. അനുഭവംകൊണ്ട് ഭൂലോകവാസത്തില്‍ യാതൊരു സുഖവും അവന്‍ കാണുന്നില്ല. മതത്തിനുവേണ്ടി മരണപ്പെട്ട 'സെയ്താക്കന്‍മാരെ' പറ്റി വാഴ്ത്തുന്ന പാട്ടുകള്‍ അവര്‍ ചെറുപ്പം മുതല്‍ തന്നെ കേട്ടിട്ടുണ്ട്. ഭൂലോകത്തിലെ ദുഃഖവും സ്വര്‍ഗത്തിലെ പരമാനന്ദവും തമ്മില്‍ എത്ര അന്തരം!" (മലബാര്‍ കലാപം, കെ. മാധവന്‍ നായര്‍)
ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ വിദേശ ചരിത്രകാരന്‍മാര്‍ പോലും അര്‍ഥമുള്ള പോരാട്ടമായി വിധിയെഴുതിയ പൂക്കോട്ടൂര്‍ പോരാട്ടത്തില്‍ (ഠവല യമേഹേല ീള ജീീസസീീ‍്ൃ) എല്ലാ നിലയ്ക്കും അവകാശമുള്ള മാപ്പിളമാരെ മാധവന്‍നായര്‍ ഓര്‍ത്തെടുത്തതിന്റെ ചുരുക്കമാണു മുകളില്‍ കുറിച്ചത്.
സ്വദേശികളും വിദേശികളും ഇത്രമാത്രം പഠനം നടത്തിയ ഒരു ജനത മാപ്പിളമാരല്ലാതെ മറ്റാരെങ്കിലുമുണേ്ടാ? 'മാപ്പിള' എന്ന പേരിനെ (പദം/ഭാഷ) കുറിച്ചും അതു ചേര്‍ത്തുവച്ച ജനതയെ (മാപ്പിളമാര്‍) കുറിച്ചും അവരുടെ ജീവിതത്തിന്റെ അനുശീലനങ്ങളും നടപ്പുകളും ചീന്തി വേര്‍തിരിച്ചും പഠനങ്ങള്‍ നടന്നു! മാപ്പിളമുസ്ലിമിന്റെ കളിയും കാര്യവും പാട്ടും പോരാട്ടവും എല്ലാം പഠനത്തില്‍ വന്നിരിക്കുന്നു.
നൂറ്റാണ്ടുകള്‍ ഒരുപാടു മുമ്പ് സംഭവിച്ച ബദൃ, ഉഹ്്ദ്, ഫഥ് മക്ക തുടങ്ങിയ ഒട്ടധികം പൂര്‍വപോരാട്ടങ്ങളെ ഓര്‍മിപ്പിക്കുന്ന പടപ്പാട്ടുകള്‍ പോരാട്ടവഴിയില്‍ അവര്‍ പാടിയത് ആവേശവും ആയുധവും അതാണെന്ന ബലത്തിലായിരുന്നു.
പടപ്പാട്ടു പാടിയും തക്ബീര്‍ മുഴക്കിയും കുട്ടികള്‍ പോലും ഇറങ്ങിത്തിരിച്ചപ്പോള്‍ അധികാരം സ്വപ്നംകണ്ടവര്‍ക്ക് അതു നിര്‍വചിക്കാന്‍പോലുമായില്ല. തോക്കിനും പീരങ്കിക്കും തക്ബീറും പടപ്പാട്ടും പകരമാക്കിയ മാപ്പിളശീലത്തെ ഏറ്റവും ലളിതമായി 'ഭ്രാന്തെ'ന്നു മനസ്സിലാക്കുകയായിരുന്നു കോളനിശക്തികള്‍.
1850ല്‍ ബ്രിട്ടന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച കോഴിക്കോട്ടെ കുതിരവട്ടം 'ഭ്രാന്താലയം' ഇതിനു സാക്ഷിപറയുന്നുണ്ട്. 1895 കാലയളവില്‍ അവിടെ ആകെയുണ്ടായിരുന്ന 32 അന്തേവാസികളില്‍ 27ഉം ഏറനാട്ടിലെ മാപ്പിളമുസ്ലിംകളായിരുന്നു. എല്ലാവര്‍ക്കും പ്രായം 20ല്‍ താഴെയും. 16ഉം 17ഉം വയസ്സുള്ള ഈ ചെറുപ്പക്കാര്‍ തക്ബീര്‍ മുഴക്കി സമരം ചെയ്തപ്പോള്‍ അവര്‍ക്കു ഭ്രാന്തല്ലാതെ പിന്നെ എന്താ എന്നു ബ്രിട്ടീഷുകാര്‍ സ്വയം തീരുമാനിച്ച് അവിടെ അടയ്ക്കുകയായിരുന്നു. ഇങ്ങനെയുള്ള മാപ്പിളയുടെ എല്ലാ ധീരശീലങ്ങളും ഒരുക്കൂട്ടിയതായിരുന്നു പൂക്കോട്ടൂരിലെ പോരാട്ടം.
കത്തിയുടെ തിളക്കത്തേക്കാള്‍ മാപ്പിളയ്ക്ക് ഈമാന്റെ തിളക്കം മികച്ചുനിന്നപ്പോള്‍ അവരുടെ നെഞ്ചിനു ബലവും വീതിയും കൂടുകയായിരുന്നു. മമ്പുറം തങ്ങള്‍ സൈഫുല്‍ ബത്താറിലൂടെ നല്‍കിയ ബ്രിട്ടീഷുകാര്‍ 'കാണുന്ന പിശാചുക്കളാണെന്ന' ബോധനം മാപ്പിളമാര്‍ നെഞ്ചിലേറ്റി.
1921ലെ പൂക്കോട്ടൂര്‍ പോരാട്ടം പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ നിര്‍വഹിച്ചുപോന്ന മാപ്പിളസമരങ്ങളുടെ വികാസപരിണാമമാണ്. ആത്മജ്ഞാനികളായ സയ്യിദുമാരും മഹാപണ്ഡിതന്‍മാരും തുടക്കം മുതലേ സമരങ്ങളുടെ മുന്‍പന്തിയിലുണ്ടായതോടെ അവരുടെ പോരാട്ടങ്ങള്‍ക്കു മതത്തിന്റെ മുഖം കൈവരുകയായിരുന്നു.
സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്‍, സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍, മമ്പുറം തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍, അബ്ദുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദുല്‍ കാലിക്കൂത്തി, ഖാസി മുഹമ്മദ്, പാണക്കാട് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, ആലി മുസ്ലയര്‍ തുടങ്ങിയവര്‍ ഈ നിരയിലെ കെല്‍പ്പും ആശയവുമായി മാപ്പിളജനതയുടെ കൂടെ നിലയുറപ്പിച്ചിരുന്നു.
മലബാറില്‍ ആലി മുസ്ലയര്‍ തിളങ്ങിനില്‍ക്കുന്ന ഘട്ടത്തിലാണ് ഏറനാടിന്റെ മാറിടമായ പൂക്കോട്ടൂരില്‍ പോരാട്ടത്തിന്റെ തീക്കനല്‍ ആളിക്കത്താന്‍ തുടങ്ങിയത്. 1915 മുതല്‍ ബോംബെ, യു.പി, ഡല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഖിലാഫത്ത് പ്രസ്ഥാനം ആലി മുസ്ലയരുടെ നേതൃത്വത്തില്‍ പതുക്കെ മലബാറിലേക്കു കൂടി വ്യാപിക്കുകയായിരുന്നു. ഒരുപക്ഷേ, ഖിലാഫത്ത് പ്രസ്ഥാനത്തേക്കാള്‍ സജീവമായ നേതൃപരമായ മുന്നൊരുക്കങ്ങളുള്ള സമരരംഗത്തെ മുന്നോട്ടുള്ള
പോക്ക് മാപ്പിളമുസ്ലിംകള്‍ക്കുണ്ടായിരുന്നു.
1921 ജനുവരി 23ന് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വിപുലമായ സമ്മേളനം പൂക്കോട്ടൂരില്‍ നടന്നു. പൂക്കോട്ടൂര്‍ ഭാഗത്തെ സാമ്രാജ്യത്വ-ജന്‍മിത്ത വിരുദ്ധ ചലനങ്ങള്‍ക്കു പുതിയ ഉയിരും ഉണര്‍ വും നല്‍കിയ ആ സമ്മേളനം വരാനിരിക്കുന്ന വലിയ പോരാട്ടത്തിന് ഉടലും ജീവനുമാവുന്ന മുന്നൊരുക്കമായി വര്‍ത്തിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഗവണ്‍മെന്റിനോടു മറ്റാരേക്കാളും കലശലായ എതിര്‍പ്പും വിരോധവും മാപ്പിളസമുദായത്തിനുണ്ടായിരുന്നു. വടക്കേ ഇന്ത്യയില്‍ പ്രാബല്യത്തിലുണ്ടായിരുന്ന മുസ്ലിംഭരണവ്യവസ്ഥ തട്ടിപ്പറിച്ചതും ടിപ്പുവിനെപ്പോലുള്ള ധീരരായ മുസ്ലിം ഭരണാധികാരികളെ കുതന്ത്രത്തില്‍ പരാജയപ്പെടുത്തിയതും എതിര്‍പ്പിന്റെ മാപ്പിളമനസ്സിനെ ആളിക്കത്തിച്ചു. ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കിയെ വഞ്ചിച്ച ബ്രിട്ടന്റെ നടപടിയും അവര്‍ക്കു മാപ്പിളനാട്ടില്‍ ക്ഷീണം വരുത്തി. തിരൂരങ്ങാടി, താനൂര്‍, മലപ്പുറം, പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ അടുത്തടുത്ത ദിവസങ്ങളിലായി ഖിലാഫത്ത് കമ്മിറ്റികള്‍ നിലവില്‍വന്നതോടെ പ്രതിരോധ ആശയങ്ങളും ആലോചനകളും വ്യവസ്ഥാപിതമായി.
നാള്‍ക്കുനാള്‍ ശക്തമാവുന്ന ഖിലാഫത്ത് നീക്കങ്ങള്‍ നാട്ടിലെ പ്രമാണിമാര്‍ക്കും രസിച്ചില്ല. നിലമ്പൂര്‍ കോവിലകത്തിന്റെ ഒരു ശാഖയായ പൂക്കോട്ടൂര്‍ കോവിലകത്തെ ചിന്നനുണ്ണിത്തമ്പുരാന് ഖിലാഫത്ത് പ്രവര്‍ത്തനങ്ങള്‍ ചൊറിച്ചിലുണ്ടാക്കി. തിരൂരങ്ങാടിയില്‍ ആലി മുസ്ലയരുടെയും മലപ്പുറത്ത് കുഞ്ഞി തങ്ങളുടെയും ഉപദേശത്തോടെ നീങ്ങിയ ഖിലാഫത്ത് ചലനങ്ങള്‍, എതിര്‍പ്പുകാരുടെ പ്രകടനങ്ങള്‍ പരസ്യമായതോടെ കൂടുതല്‍ ചടുലമായി. അതിനിടയിലാണ് പില്‍ക്കാലത്ത് ഖിലാഫത്ത് നേതാവായി വളര്‍ന്ന വടക്കുവീട്ടില്‍ മുഹമ്മദ് (മമ്മദു) കോവിലകത്തെ ചിന്നനുണ്ണിയുമായി പിണങ്ങുന്നത്. ഒരു പത്തായപ്പുര പൊളിച്ചുനീക്കാനെടുത്ത കരാറില്‍, കോവിലകത്തെ പ്രധാന കാര്യസ്ഥനായിട്ടുകൂടി അദ്ദേഹത്തെ ചിന്നനുണ്ണി വഞ്ചിക്കുകയായിരുന്നു. പറഞ്ഞ കൂലിയില്‍ 300ക. കുറച്ചാണ് മമ്മദുവിനു കൊടുത്തത്. അതു പിന്നെ തര്‍ക്കവും പിണക്കവുമായിവന്നു. കോവിലകത്തെ തോക്ക് കട്ടു എന്ന കുറ്റം ചുമത്തി ചിന്നനുണ്ണി അദ്ദേഹത്തിനെതിരേ കേസ് കൊടുത്തു. പോലിസ് മമ്മദുവിന്റെ വീടും പരിസരവും പരിശോധിച്ചെങ്കിലും തോക്ക് കണ്ടുകിട്ടിയില്ല. മമ്മദുവിനെയും മറ്റു 16 പേരെയും കള്ളക്കേസില്‍ കുടുക്കാന്‍ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണമേനോനും സംഘവുമെത്തി. ഇന്‍സ്പെക്ടറുടെ നീക്കമറിഞ്ഞ് ഖിലാഫത്ത് പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി നഗാര അടിച്ചു. ആളുകള്‍ ഒന്നാകെ ഉച്ചത്തില്‍ തക്ബീര്‍ മുഴക്കി നാരായണമേനോന്‍ താവളമടിച്ച കോവിലകത്ത് കൂടിനിന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ജീവനോടെ വിടാന്‍ അവിടെ കൂടിയ മാപ്പിളമാര്‍ക്കു മനസ്സില്ലായിരുന്നു. പക്ഷേ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മമ്പുറത്തെ തങ്ങളുടെ കാലുപിടിച്ചു സത്യം ചെയ്തുകൊണ്ട് താന്‍ മമ്മദുവിനെയും മുസ്ലിംകളെയും ആക്രമിക്കാനല്ല വന്നതെന്നു പറഞ്ഞു. ഇതുകേട്ടു ജനം തിരിച്ചുപോയി. ഈ സംഭവത്തോടെ വടക്കുവീട്ടില്‍ മുഹമ്മദ് പൂക്കോട്ടൂര്‍കാരുടെ സമരനായകനായി ഉയര്‍ന്നുവന്നു.
ഒന്നിനുപിറകെ മറ്റൊന്നായി ഉണ്ടായ സംഭവങ്ങള്‍ മാപ്പിളമനസ്സുകളില്‍ എരിയുന്ന തീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതി ജനിപ്പിച്ചു. അതിനിടയ്ക്കാണ് ആഗസ്ത് 20ന് തിരൂരങ്ങാടി പള്ളിക്ക് വെള്ളക്കാര്‍ വെടിവച്ചുവെന്ന വാര്‍ത്ത പരന്നത്. ഇനി ജീവനുംകൊണ്ടിരിക്കുന്നതെന്തിന് എന്ന തോന്നല്‍ സകലരിലും ഉയര്‍ത്തിക്കൊണ്ടുവന്നു ഈ സംഭവം.
'സമാധാന ദൂതു'മായി വന്ന വക്കീല്‍ മാധവന്‍നായരോടും ഗോപാലമേനോനോടും മൊയ്തുമൌലവിയോടും മാപ്പിളമാര്‍ അവരുടെ ഉള്ളിലിരിപ്പ് തുറന്നുപറഞ്ഞു. ചിലര്‍ നേരെ തിരൂരങ്ങാടിയിലേക്കു മാര്‍ച്ച് ചെയ്യണമെന്നു വാദിച്ചപ്പോള്‍, പൂക്കോട്ടൂരില്‍ പ്രശ്നം കത്തിച്ചു രാത്രി കടന്നുകളഞ്ഞ ചിന്നനുണ്ണിയെ നിലമ്പൂരില്‍പോയി വകവരുത്തിയ ശേഷം മാത്രമേ തിരൂരങ്ങാടിയിലേക്കു പോവേണ്ടൂ എന്നായി മറ്റൊരു വിഭാഗം. അങ്ങനെ കൊല്ലപ്പറമ്പന്‍ അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ നേതൃത്വത്തില്‍ അന്നുതന്നെ നിലമ്പൂരിലേക്കു പുറപ്പെട്ടു. രണ്ടായിരത്തോളം പേരാണ് ആ സംഘത്തിലുണ്ടായിരുന്നത്.
അവിടെ എത്തിയപ്പോഴേക്കും ചിന്നനുണ്ണിയടക്കം മിക്കവരും രക്ഷപ്പെട്ടിരുന്നു. അന്നത്തെ ഏറ്റുമുട്ടലില്‍ കോവിലകത്തെ 15ഓ 16ഓ ആളുകള്‍ കൊല്ലപ്പെട്ടു. കോവിലകത്തുണ്ടായിരുന്ന ഒരു തമിഴ് ബ്രാഹ്മണനെയും അയാളുടെ ഗര്‍ഭിണിയായ ഭാര്യയെയും ഖിലാഫത്ത് പ്രസ്ഥാനക്കാര്‍
വണ്ടിക്കൂലി കൊടുത്ത് കോവിലകത്തുനിന്നു കയറ്റി അയച്ചു. അവിടെ സൂക്ഷിച്ചിരുന്ന കണക്കറ്റ നെല്ലും പണവുമെടുത്തു പാവങ്ങള്‍ക്കു വിതരണം ചെയ്തു.
അതിനിടയ്ക്കു കുപ്രസിദ്ധനായ ആമു സൂപ്രണ്ടും ഖാന്‍ ബഹദൂര്‍ മൊയ്തീന്‍കുട്ടി കുരിക്കളും ചേര്‍ന്നു പൂക്കോട്ടൂരിലെ മാപ്പിളജനതയെ അടക്കിനിര്‍ത്താനും ആട്ടിപ്പിടിക്കാനും ശ്രമിച്ചെങ്കിലും അതൊക്കെ പാളിപ്പോയി. തുടര്‍ന്ന്, പൂക്കോട്ടൂരും പരിസരപ്രദേശങ്ങളും ഖിലാഫത്ത് കമ്മിറ്റി ഭരണത്തിനു കീഴിലായി. പരിചയമില്ലാത്ത ആരെക്കണ്ടാലും പിടിച്ചുകൊണ്ടുപോയി പോലിസിന്റെ ആളാണോ എന്നു പരിശോധിച്ചായിരുന്നു വിട്ടയച്ചത്. ശത്രുസഹായികളും ഒറ്റുകാരും ആരാണെങ്കിലും മതവും ജാതിയും നോക്കാതെ അവരെ നേരിട്ടത് മാപ്പിളനേതൃത്വത്തിന്റെ മികവായി വിലയിരുത്തപ്പെടുന്നു.
രംഗം എരിപൊരികൊള്ളുമ്പോഴാണ് 1921 ആഗസ്ത് 20ന് കണ്ണൂരില്‍ നിന്ന് കോഴിക്കോട് വഴി ഒരു പട്ടാളസംഘം പുറപ്പെട്ട വിവരം ഖിലാഫത്ത് കേന്ദ്ര കമ്മിറ്റിയില്‍ കിട്ടുന്നത്. ഉടനെ പൂക്കോട്ടൂരിലും വിവരം പരന്നു. യുദ്ധകാഹളം മുഴക്കാന്‍ പിന്നെ വേറെ ഒരു കാരണം തേടിപ്പോവേണ്ടി വന്നില്ല. പൂക്കോട്ടൂര്‍ അംശക്കാര്‍ക്കു പുറമെ അയല്‍നാട്ടുകാരും സംഘംചേര്‍ന്നു പൂക്കോട്ടൂര്‍ കേന്ദ്രീകരിച്ച് ഒരുമിച്ചുകൂടി. വടക്കുവീട്ടില്‍ മുഹമ്മദും കാരാട്ട് മൊയ്തീന്‍കുട്ടി ഹാജിയും സജീവമായി നേതൃത്വത്തിലുണ്ട്.
പട്ടാളത്തെ തടയാന്‍ ആദ്യ പരിപാടി പാലം പൊളിക്കലായിരുന്നു. കോഴിക്കോട്-മലപ്പുറം റൂട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പാലങ്ങള്‍ പൊളിച്ചും മരങ്ങള്‍ കൂട്ടിയിട്ടും കോളനിപ്പരിഷകളുടെ ഗതാഗതം അവര്‍ തടസ്സപ്പെടുത്തി. ആഗസ്ത് 25നു പട്ടാളം അറവങ്കര എത്തിയെങ്കിലും പാപ്പാട്ടിങ്ങല്‍ പള്ളിക്കടുത്തുള്ള വലിയ പാലം പൊളിച്ചതു കാരണം ഇക്കരെ കടക്കാനാവാതെ കൊണേ്ടാട്ടിയിലേക്കു തിരിച്ചു.
തൊട്ടടുത്തത് ഒരു ജുമുഅ ദിവസമായിരുന്നു. ആ വെള്ളിയാഴ്ച മാപ്പിളമാര്‍ മുന്‍കൂട്ടി കണ്ടപോലെ വിധി സംഗമിച്ചിരിക്കുകയാണ്. നാട്ടുകാര്‍ക്കു സമരരക്തം തിളച്ചു ചൂടുവച്ചു തുടങ്ങിയിരിക്കുന്നു. മുമ്പ് ആസൂത്രണം ചെയ്ത പ്രകാരം ജുമുഅ കഴിഞ്ഞു മാപ്പിളജനത ഒന്നാകെ പൂക്കോട്ടൂരിന്റെയും പിലാക്കലിനു കുറുകെയുള്ള പാടത്തും പാടത്തിന്റെ കരയിലും കിഴക്കുഭാഗത്തുള്ള തോട്ടിലും വടക്കുകിഴക്കായി കൂട്ടിയിട്ടിരിക്കുന്ന മണല്‍ക്കൂനയ്ക്കു പിറകിലും മറഞ്ഞുനിന്നു പട്ടാളക്കാരെ കാത്തുനിന്നു; മൊത്തം രണ്ടായിരത്തലധികം ആളുകള്‍.
22 ലോറികളിലും 25 സൈക്കിളിലുമായാണ് പട്ടാളം സമരസ്ഥലത്തെത്തിയത്. പട്ടാളത്തിന്റെ മുന്‍നിര പിലാക്കലെത്തുമ്പോള്‍ മുന്നിലെ ലോറിയുടെ ടയറില്‍ വെടിവയ്ക്കാനും അതോടെ, നാലുഭാഗത്തുനിന്നു വളയാനുമായിരുന്നു തന്ത്രം ആവിഷ്കരിച്ചത്. ഇതുപക്ഷേ, വൈകിവന്ന പറാഞ്ചീരി കുഞ്ഞറമുട്ടിയും അയമുവും അറിഞ്ഞിരുന്നില്ല. ഇവര്‍ വടക്കുകിഴക്കുള്ള മണല്‍ക്കൂനയ്ക്കു പിന്നിലായിരുന്നു ഇരിപ്പുറപ്പിച്ചത്. രണേ്ടാ മൂന്നോ ലോറികള്‍ പാടത്തിന്റെ ഭാഗത്തേക്കു കടന്നതും കുഞ്ഞറമുട്ടി വെടിവയ്ക്കുകയായിരുന്നു. മാപ്പിളയുടെ ഒളിഞ്ഞിരിക്കുന്ന സമരമുറ കണ്ടതോടെ ലോറികള്‍ പിന്നോട്ടെടുത്ത് പൂക്കോട്ടൂര്‍ഭാഗത്തു നിര്‍ത്തിയിട്ടു. ശേഷം, പട്ടാളക്കാര്‍ ഇറങ്ങി പുകബോംബെറിഞ്ഞു. കോളനിസൈന്യം പുകയുടെ മറപിടിച്ചു തങ്ങളുടെ യന്ത്രത്തോക്കുകള്‍ റോഡില്‍ ഒന്നാകെ നിരത്തി. പുക അടങ്ങിയശേഷം പത്തോളം പട്ടാളക്കാര്‍ നിരായുധരായി പിലാക്കല്‍ ഭാഗത്തേക്കു നടക്കാന്‍ തുടങ്ങി. തങ്ങളെ കെണിയില്‍ വീഴ്ത്താനുള്ള വഞ്ചനയാണിതെന്നറിയാതെ മാപ്പിളപ്പോരാളികള്‍ അവര്‍ക്കെതിരേ ചീറിയടുത്തു. അവരെ കണ്ടപാടെ പട്ടാളക്കാര്‍ പിന്നോട്ടോടുകയും യന്ത്രത്തോക്ക് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ഈ ഓപറേഷനിലാണ് പൂക്കോട്ടൂരില്‍ കൂടുതല്‍ മരണമുണ്ടായത്. ആദ്യം വെടിവച്ച കുഞ്ഞറമുട്ടിയും അയമുവും സമരനായകന്‍ വടക്കുവീട്ടില്‍ മുഹമ്മദും ഈ യുദ്ധത്തില്‍ വീരമൃത്യു വരിച്ചു. നിരവധി ബ്രിട്ടീഷ് പട്ടാളക്കാരും ഈ പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ടു.
മൂന്നു മണിക്കൂറിലധികം നീണ്ടുനിന്ന ഈ സമരത്തില്‍ 259 മുസ്ലിംകളാണു രക്തസാക്ഷികളായത്. അതിനിടെ മരണമടഞ്ഞ പട്ടാളക്കാരെയും വഹിച്ചുപോവുന്ന പട്ടാളലോറികള്‍ മലപ്പുറത്തേക്കു തിരിച്ച്, കുമ്മാളി പടിയിലെത്തിയപ്പോള്‍ ധീരനായ ഒരു മാപ്പിളപ്പോരാളി ലാങ്കര്‍ സായിപ്പും നാലു പട്ടാളക്കാരും സഞ്ചരിച്ചിരുന്ന ഒരു ലോറിക്കുനേരെ അതിവിദഗ്ധമായി ബോംബെറിഞ്ഞു. ആളുകളടക്കം വണ്ടിയാകെ ചിന്നിച്ചിതറി. മലപ്പുറത്തിനടുത്തുള്ള പാറങ്കോട്ടുകാരനായ
മങ്കരത്തൊടി കുഞ്ഞഹമ്മദ് എന്ന പോരാളിയാണ് ഒരു മരത്തിന്റെ മുകളില്‍ കയറി തന്റെ ശരീരം മരത്തോടുചേര്‍ത്തു ബന്ധിപ്പിച്ച് ഈ ധീരസാഹസം ചെയ്തത്. പട്ടാളക്കാരുടെ തുരുതുരായുള്ള വെടിയേറ്റ് ആ ധീരന്‍ തദ്ക്ഷണം മരണം പുല്‍കി.
പോരാട്ടം കഴിഞ്ഞയുടന്‍ ജനങ്ങള്‍ ഒന്നാകെ പോര്‍ക്കളത്തിലേക്കു വരുകയും മയ്യിത്ത് മറവുചെയ്യുന്നതില്‍ മുഴുകുകയും ചെയ്തു. രക്തസാക്ഷികളുടെ മയ്യിത്തുകള്‍ റോഡിന്റെ പടിഞ്ഞാറുഭാഗം നാലു സ്ഥലങ്ങളിലായി ഖബറടക്കം നടത്തി. പൂക്കോട്ടൂരും പിലാക്കലുമായി അവര്‍ അന്ത്യവിശ്രമം കൊള്ളുകയാണ്.
ഖാദിം പുല്ലൂര്‍ തേജസ്
0 comments:
Post a Comment