പൂക്കോട്ടൂര്‍ പടപ്പാട്ടുകള്‍

ആധുനികരായ പല അമുസ്ലിം കവികളും ബ്രിട്ടീഷുകാര്‍ക്കെതിരെ നിരവധി സമര ഗാനങ്ങള്‍ മാപ്പിളപ്പാട്ട്‌ ഇശലുകളില്‍ രചിച്ചിട്ടുണ്ട്‌.1921 ലെ മലബാര്‍ ലഹളയോടനുബന്ദ്ധിച്ച്‌ ബ്രിട്ടീഷുകാര്‍ നടത്തിയ നരനായാട്ടിനെ കുറിച്ചും മര്‍ദ്ധനമുറകളെ അധിക്ഷേപിച്ചും പി. ഭാസ്കരന്‍ എഴുതിയ ഗാനം ബ്രിട്ടീഷ്‌ ഗവര്‍മന്റ്‌ കണ്ടുകെട്ടി.

" മഞ്ഞണിഞ്ഞ മാമല തെളിഞ്ഞിടും മലനാട്ടില്‌
പൊന്നണിഞ്ഞ വയലുകള്‍ പുളഞ്ഞിടും മലനാട്ടില്‌
കൊള്ള ചെയ്തു നാട്ടുകാര്‍ തന്‍ സൌഖ്യ ജീവിതത്തിനെ
കൊള്ളിവെച്ച കള്ളവെള്ളക്കാരുടെയാമത്തിനെ
ഒന്നിനൊന്നണിനിരന്നു നിന്നു ചെയ്ത പോരില്‌
അന്നിരുപത്തൊന്നില്‍ നാട്ടാര്‍ ചൊല്ലി മറുപടി നേരില്‌
പോരതിനാല്‍ വിപ്ലവത്തിന്‍ പുസ്തകതിരുവേട്ടില്‌
ചോരയാല്‍ കുറിവരച്ചു ധീരര്‍ മാപ്പിള നാട്ടില്‌
നാട്ടുകാര്‍ തന്‍ ചോരയാല്‍ തടിച്ചു വീര്‍ത്ത ബ്രിട്ടനെ
നാട്ടിലുള്ള ജന്‍മിമാരെ പാട്ടിലാക്കിയ ദുഷ്ടനെ
ഏറിടുന്ന വീറോടെ എതിര്‍ത്ത്‌ നിങ്ങള്‍ ധീരരേ
മാറുകാട്ടി നാട്ടിന്‍ മാനം കാത്തു നിങ്ങള്‍ ധീരരേ
കാളിടും പീരങ്കികള്‍ തന്‍ നേര്‍ക്കടുത്ത യുവാക്കളേ
ചൂളിടാതെ വാളെടുത്ത്‌ ചാടിവീണ സഖാക്കളേ
സായ്പ്പ്‌ നാട്ടിയ കഴുമരത്തിലേറിയൊരു വീരരെ
കോപ്പുകൂട്ടി ആമമാം പൊന്‍ കാപ്പണിഞ്ഞ ധീരരേ
അന്ന്‌ വീണ്‌ മണ്‍ മറഞ്ഞ മാപ്പിള സഖാക്കളേ
വന്നുനിന്നാ വലിയ തോക്കിന്‍ നേര്‍ക്കടുത്ത യുവാക്കളേ
കണ്ടു പോല്‍ തീയുണ്ട പെയ്തിട്ടന്ന്‌ പൂക്കോട്ടൂരിനെ
കണ്ടമാനം ചോരക്കളമായ്‌ മാറ്റിയ സര്‍ക്കാരിനെ......

വി എം കുട്ടി
മാപ്പിളപാട്ടിന്റെ ചരിത്രസഞ്ചാരങ്ങള്‍

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal