പൂക്കോട്ടൂര്‍ കലാപത്തിന്റെ വീരസ്മരണകള്‍

കൊളോണിയലിസത്തിന്റെ ഭീകര ഭരണത്തിന്‌ തിരശീല വീഴ്ത്താന്‍ വേണ്ടി ഭാരതമക്കള്‍ ചിന്തിയ രക്തത്തിന്‌ കയ്യും കണക്കുമില്ല. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കാണാതെ പോയതും ചരിത്രത്തില് തുല്യതയില്ലാത്ത വിധം സംഘട്ടനങ്ങള്‍ നടന്നതുമായ സ്വാതന്ത്ര്യസമരമായിരുന്നു പൂക്കോട്ടൂര്‍ കലാപം.

1921 -ല്‍ മലബാര്‍ കലാപം പലസ്ഥലത്തേക്കും കാട്ട് തീ പോലെ പടര്‍ന്നു. അതില്‍ ശക്തവും വാശിയുള്ളതുമായ സംഘട്ടനം അരങ്ങേറിയത്‌ പൂക്കോട്ടൂരിലായിരുന്നു.മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പൂക്കോട്ടൂര്‍. 1921 ഓഗസ്റ്റ്‌ മാസം 26 തീയതി നടന്ന മുഖാമുഖ പോരാട്ടത്തില്‍ 269 ലേറെ മാപ്പിള യോദ്ധാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ജാലിയന്‍ വാലബാഗിനു ശേഷം ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ദാരുണ നരനായാട്ടായിരുന്നു ഇത്‌. ബ്രിട്ടീഷ്‌ പട്ടാളത്തെ സധൈര്യം വെല്ലു വിളിക്കുകയും സമരമുഖത്തേക്ക്‌ എടുത്ത്‌ ചാടി തീ പാറുന്ന വെടിയുണ്ടക്ക്‌ മുന്നില്‍ വിരിമാറ്‌ കാണിച്ച്‌ വീരേതിഹാസങ്ങള്‍ രചിച്ച്‌ വീര്യമൃത്യുവടഞ്ഞവരായിരുന്നു വൈദേശികര്‍ കൊന്നൊടുക്കിയ 269 ല്‍ പരം മുസ്ലിം മക്കളും.

വൈദേശികരോടുള്ള വൈര്യം വര്‍ദ്ധിക്കുകയും ആത്മ ധീരത കൈമുതലാക്കി അത്യന്തം വരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടുകയും ചെയ്തവരായിരുന്നു പൂക്കോട്ടൂര്‍ യുദ്ധത്തിലെ വീരജവാന്‍മാര്‍. ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ സംഘട്ടന ഭൂമിയില്‍ മലബാറിന്റെ വീരപുലികള്‍ നടത്തിയ ധീരപോരാട്ടം ഇതിഹാസമായിരുന്നു.മലബാറിലെ മുസ്ലിംകള്‍ക്ക്‌ ഇംഗ്ലീഷുകാരോടുള്ള വെറുപ്പും വിദ്വേഷവും ഈ സമരകാലത്തുണ്ടായതല്ല. നൂറ്റാണ്ടിന്റെ പിന്നമ്പുറങ്ങള്‍ അതാണ്‌ തെളിയിക്കുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഉണ്ണിമൂപ്പന്റെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിലുള്ള തുറ പോരാട്ടങ്ങള്‍ സ്വാതന്ത്ര്യസമര പാതയില്‍ തിളങ്ങി നിന്നിരുന്നു.

"നമ്മുടെ ദേശത്തെ അടിമത്വത്തിന്റെ ചങ്ങലകളില്‍ നിന്ന് രക്ഷിക്കുവാന്‍ വേണ്ടി 1921 ലെ മലബാര്‍ യുദ്ധകാലത്ത്‌ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെ തൂക്ക്‌ മരത്തെ ധീരതയോടെ നേരിട്ട ആലിമുസ്ല്യാരുടെയും അനുയായികളുടെയും പാവനസ്മരണക്ക്‌ ഇത്‌ ഉണര്‍ത്തുന്നു.അവരുടെ ആത്മാക്കള്‍ ശ്വാശത ശാന്തി പുല്‍കുമാറാകട്ടെ. അവരുടെ നിത്യചൈതന്യം ഇസ്ലാമിക ദര്‍ശനങ്ങള്‍ക്കൊത്തുയരുവാന്‍ നമുക്ക്‌ പ്രചോദനമാകട്ടെ."

ആലി മുസ്ലിയാരെയും തന്റെ 12 അനുയായികളെയും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊണ്ട്‌ പോയി തൂക്കി കൊല്ലുവാന്‍ കല്‍പ്പിക്കുകയായിരുന്നു.അവരുടെ പാവന സ്മരണക്കായി ' നവാബ്‌ ഹക്കീം റോഡില്‍ ഒരു സ്മാരക ഗേഹം കോയമ്പത്തൂര്‍ മലയാളികള്‍ നിര്‍മിച്ചിട്ടുണ്ട്‌.. അതി സുന്ദരമായ ഈ മൂന്ന് നില കെട്ടിടത്തിന്റെ ഒരു നിലയില്‍ സൌജന്യ ഹോമിയോ ചികിത്സയും മറ്റൊന്നില്‍ അറബി പടനത്തിനുള്ള മദ്രസയും പ്രവര്‍ത്തിക്കുന്നു. സൌധത്തിന്റെ പ്രധാന ഹാളിലേക്ക്‌ കടക്കുന്നതിനു തൊട്ടു മുമ്പുള്ള കവാടത്തിന്റെയടുത്ത്‌ കുറിച്ച്‌ വെച്ച വാക്യങ്ങളാണ്‌ മേല്‍ സൂചിപ്പിച്ചത്‌.

ഇന്ത്യയെ ഇന്ത്യയാക്കി തന്ന നമ്മുടെ പൂര്‍വ മുസ്ലിം ധീരദേശാഭിമാനികളെ മറന്നു കളയുന്ന ചരിത്രവക്രീകരണ പ്രവര്‍ത്തനമാണ്‌ വര്‍ത്തമാന ഭാരത സാഹചര്യത്തിലുള്ളത് . മാതൃരാജ്യത്തെ സ്നേഹിച്ചും ദേശസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന പ്രവാചക വചനം അന്വര്‍ത്ഥമാക്കി കൊണ്ടുമായിരുന്നു മലാബാറിലെ മുസ്ലിംകള്‍ പിറന്ന നാടിന്റെ മോചനത്തിന്‌ വേണ്ടിയുള്ള സമരത്തില്‍ വീരേതിഹാസങ്ങള്‍ രചിച്ച്‌ മൃത്യുവടഞ്ഞത്‌. അവര്‍ ചരിത്രത്തില്‍ നിന്ന് മാറ്റപ്പെടുന്നതില്‍ ഖേദമുണ്ട്‌. ഇത്‌ കാലം പൊറുക്കുകയില്ല തന്നെ

അബ്ദുല്‍ ഗഫൂര്‍ കാടാമ്പുഴ
ചന്ദ്രിക

1 comments:

അശ്രഫ് ഉണ്ണീന്‍ said...

നിങ്ങളുടെ ബ്ലോഗ്സ് എല്ലാം കണ്ടപ്പോള്‍. തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെയുള്ള ഒരു അനുഭൂതിയിലാണ് ഞാനിപ്പോള്‍. ഇങ്ങനെ പരിജയപെടാന്‍ കഴിഞ്ഞതില്‍ അനിര്‍വചനീയമായ സന്തോഷം എനിക്കും ഉണ്ട്. നാം ഒന്നിചിരിക്കുന്നത് ഒരേ ബിന്ദുവിലാനല്ലോ... ഇമെയില്‍ + ഫോണ്‍ നമ്പര്‍ തരിക.. ഒന്ന് നേരിട്ട രണ്ടു വാക് പറയാനാ ... എല്ലാ വിധ ഭാവുകങ്ങളും ...

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal