പൂക്കോട്ടൂര്‍ പോരാട്ടം; ചരിത്രം, വര്‍ത്തമാനം ഡോക്യുമെന്ററി പ്രകാശനം ചെയ്തു

പൂക്കോട്ടൂര്‍: സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് സ്വന്തം വിശ്വാസവും ദേശസ്‌നേഹവും കൈമുതലാക്കി ജീവത്യാഗം ചെയ്ത് ചെറുത്തുനിന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ചരിത്രം ഡോക്യുമെന്ററിയായി പുറത്തിറങ്ങി.
ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ജനകീയ പോരാട്ടമായിരുന്ന മലബാര്‍ സമരത്തിലെ തിളക്കമാര്‍ന്ന അധ്യായമായിരുന്നു പൂക്കോട്ടൂര്‍ പോരാട്ടം.
1921 ഓഗസ്റ്റ് 26ന് നടന്ന, അധിനിവേശകര്‍ക്ക് കനത്ത ആഘാതമേല്‍പിച്ച ഈ പോരാട്ടത്തെ ബ്രിട്ടീഷുകാര്‍ യുദ്ധം എന്നാണ് വിശേഷിപ്പിച്ചത്.  എന്നാല്‍, ജാലിയന്‍ വാലാബാഗിനെക്കാളും കൂടുതല്‍ പേര്‍ രക്തസാക്ഷികളായ ഈ സ്വാതന്ത്ര്യസമരത്തെ ചരിത്രം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ രേഖപ്പെടുത്തിയില്ല. മഹത്താത്ത ഈ പോരാട്ടത്തിന്റെ ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തി വരുംതലമുറയ്ക്കുവേണ്ടി കനലെരിയുന്ന ഓര്‍മകള്‍ സൂക്ഷിച്ചുവെക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നതെന്ന് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു.
'പൂക്കോട്ടൂര്‍ - പോരാട്ടത്തിന്റെ പറഞ്ഞുതീരാത്ത കഥകള്‍' എന്ന ശീര്‍ഷകം നല്‍കിയിട്ടുള്ള ഡോക്യുമെന്ററിയില്‍ ചരിത്രപ്രധാന സ്ഥലങ്ങളിലൂടെയും നിരവധി പേരുടെ ഓര്‍മകളിലൂടെയുമാണ് പോരാട്ടത്തിന്റെ ത്യാഗസ്മരണകള്‍ ഇതള്‍വിരിയുന്നത്. 

ശിഹാബ് പൂക്കോട്ടൂര്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കിയ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് കെ. മുഹ്‌യിദ്ദീന്‍ അലിയാണ്. ദാനിഷ്, ഇര്‍ശാദ് എന്നിവര്‍ കാമറയും എം. ഖമറുദ്ദീന്‍ ശബ്ദവും നിര്‍വഹിച്ചു. സോളിഡാരിറ്റി പൂക്കോട്ടൂര്‍ യൂനിറ്റിന്റെ നേതൃത്വത്തിലാണ് ചിത്രീകരണം നടന്നത്. 
പ്രകാശനത്തോടനുബന്ധിച്ച് നടന്ന ചരിത്രസെമിനാര്‍ എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു.  ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി.  മികച്ച പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ മാരിയാട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (മാസ്‌ക്) ഭാരവാഹികളെയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മീഡിയാവണ്‍ 'പതിനാലാം രാവ്' ഫെയിം റബീഉള്ള പുല്‍പറ്റ തുടങ്ങിയ പ്രതിഭകളെ പി. ഉബൈദുല്ല എംഎല്‍എ ആദരിച്ചു. ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, ഡോ. കെ.കെ. അബ്ദുസത്താര്‍ തുടങ്ങിയവർ സംസാരിച്ചു.  റബീഉള്ള പുല്‍പറ്റയും സംഘവും അവതരിപ്പിക്കുന്ന ഗാനവിരുന്ന്, വില്‍പാട്ട് തുടങ്ങിയവയും അരങ്ങേറി

Islam Onlive
Feb 5 -02015

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal