ചരിത്രനീതി തേടി പൂക്കോട്ടൂര്‍

മലപ്പുറം - കോഴിക്കോട് ദേശീയപാതയില്‍ പിലാക്കല്‍ എന്ന സ്ഥലത്ത് റോഡിനിരുവശവും നെല്‍വയലുകളാണ്. ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പടനയിച്ച യുദ്ധഭൂമിയാണിതെന്ന് പുതിയതലമുറയിലെ ആരുംതന്നെ അറിയാന്‍വഴിയില്ല .1921 ആഗസ്ത് 26ന് പൂക്കോട്ടൂര്‍കലാപം നടന്നത് പിലാക്കലിലെ ഈ നെല്‍വയലിലായിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍മാത്രം ജീവന്‍വെടിഞ്ഞത് 250 ൽ പരം ഖിലാഫത്ത് പ്രവര്‍ത്തകരാണ്. പോരാട്ടത്തില്‍ മരിച്ചുവീണവരിലധികവും നെഞ്ചില്‍ വെടിയേറ്റുകൊണ്ടായിരുന്നു. ഏറ്റവും ശ്രമകരമായിരുന്ന പോരാട്ടമായിരുന്നു പൂക്കോട്ടൂരില്‍ നടന്നതെന്ന് ബ്രിട്ടീഷുകാര്‍തന്നെ പില്‍ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
പൂക്കോട്ടൂരിനെ വേണ്ടപോലെ പരിഗണിക്കാനോ യുദ്ധത്തില്‍ രക്തസാക്ഷികളായവര്‍ക്ക് അര്‍ഹമായ സ്മാരകം പണിയാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് ഓഫീസിനുമുന്നിലുള്ള പൂക്കോട്ടൂര്‍ സ്മാരകകവാടം മാത്രമാണ് നിലവിലുള്ളത്. കുറേക്കാലത്തെ നിവേദനങ്ങള്‍ക്കും അപേക്ഷകള്‍ക്കും പരിഹാരമൊന്നും കാണാത്തതിനാല്‍ പൂക്കോട്ടൂര്‍ പഞ്ചായത്തുതന്നെ രക്തസാക്ഷികള്‍ക്ക് സ്മാരകമൊരുക്കാനുള്ള ശ്രമത്തിലാണ്.

ചരിത്രം ഇങ്ങനെ
1921 ആഗസ്ത് 26ന് രണ്ടായിരത്തോളം ഖിലാഫത്ത് പ്രവര്‍ത്തകര്‍ രണ്ടുമണിക്കൂറാണ് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ അന്നത്തെ ഡി.ഐ.ജി. ആയിരുന്ന ലങ്കാസ്റ്റരും കൊല്ലപ്പെട്ടിരുന്നു. പിറ്റേദിവസം വീണ്ടുമെത്തിയ ബ്രീട്ടീഷ്‌സൈന്യം വ്യാപക അക്രമണമാണ് നടത്തിയത്. ആ നരവേട്ടയില്‍ 400പേരാണ് മരിച്ചത്. 13 വയസ്സിനുമുകളിലുള്ള മുഴുവന്‍ ആണ്‍കുട്ടികളെയും ആന്‍ഡമാന്‍ ദ്വീപിലേക്ക് നാടുകടത്തിയതായും ചരിത്രം പറയുന്നു.

ചരിത്രം കൈവിടാതിരിക്കാന്‍  രക്തസാക്ഷി ചത്വരം

പൂക്കോട്ടൂരില്‍ നാലുസ്ഥലങ്ങളിലായാണ് പോരാട്ടത്തില്‍ മരിച്ചവരെ അടക്കംചെയ്തിട്ടുള്ളത്. പിലാക്കലിലെ ഒരു കല്ലുവെട്ടുകുഴിയിലും പൂക്കോട്ടൂര്‍ പള്ളിയില്‍ രണ്ടുസ്ഥലങ്ങളിലായും മറ്റുചില പള്ളികളിലുമാണ് പോരാളികളുടെ ശരീരം അടക്കംചെയ്തിട്ടുള്ളത്. പിലാക്കലിലുള്ള രക്തസാക്ഷികളുടെ ഖബറിടത്തിലാണ് പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി രക്തസാക്ഷിചത്വരം നിര്‍മിക്കുന്നത്. 15ലക്ഷം രൂപയുടെ ഈ ചത്വരത്തിന് അനുമതിലഭിച്ചിട്ടുണ്ട്. അഞ്ചുമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് പഞ്ചായത്തുപ്രസിഡന്റ് പി.എ. സലാം പറഞ്ഞു. കൂടാതെ പൂക്കോട്ടൂരിന്റെ പ്രാദേശികചരിത്രം പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പൂക്കോട്ടൂരിന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകങ്ങളെല്ലാം കണ്ടെത്തുന്ന ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. പുസ്തകമാക്കിയതിനുശേഷം പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും അവ വിതരണംചെയ്യും. പൂക്കോട്ടൂരിന്റെ ചരിത്രം ചോദിച്ചാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് അറിയില്ല. നാടിനെക്കുറിച്ചും ഈ നാടിന്റെ വീരകഥകളെക്കുറിച്ചും വരുംതലമുറകള്‍ മറന്നുപോകാന്‍ പാടില്ല. അതുകൊണ്ട് അടുത്ത അധ്യയനവര്‍ഷംമുതല്‍ സ്‌കൂളില്‍ ഒരു പീരിയഡ് പൂക്കോട്ടൂരിന്റെ ചരിത്രം പഠിക്കാനായി മാറ്റിവെക്കും. കൂടാതെ പൂക്കോട്ടൂര്‍ യുദ്ധസ്മാരകലൈബ്രറി എന്നപേരില്‍ ഒരു ലൈബ്രറി തുടങ്ങാനും പദ്ധതിയുണ്ട്. പഞ്ചായത്ത് ഓഫീസിന്റെ പഴയകെട്ടിടത്തിലാണ് ലൈബ്രറി ഒരുക്കുന്നത്. പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് ലൈബ്രറി സജ്ജീകരിക്കുന്നത്.
പോരാട്ടഭൂമിയില്‍ വനിതകളും മക്കളും ഭര്‍ത്താവും സഹോദരന്മാരും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുമ്പോള്‍ ബദര്‍പാട്ടുകളും വീരഗാനങ്ങളും പാടി സ്ത്രീകളും വയലിലും പോരാട്ടഭൂമിയിലും ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.

പ്രതീക്ഷയേകി ലൈറ്റ് ആന്‍ഡ് മ്യൂസിക് ഷോ
പൂക്കോട്ടൂര്‍ യുദ്ധവാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ മന്ത്രി മഞ്ഞളാംകുഴി അലിയാണ് പൂക്കോട്ടൂരില്‍ ലൈറ്റ് ആന്‍ഡ് മ്യൂസിക് ഷോ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിച്ചത്. മലബാര്‍ കലാപത്തിന്റെയും പൂക്കോട്ടൂര്‍ യുദ്ധസ്മാരകത്തിന്റെയും ഗവേഷണംനടത്തുന്നതിനും ചരിത്രം മനസ്സിലാക്കുന്നതിനും സഹായകരമാകുന്നരീതിയിലാണ് ലൈറ്റ് ആന്‍ഡ് മ്യൂസിക് ഷോ നടപ്പാക്കുന്നതെന്നാണ് അന്ന് മന്ത്രി പ്രഖ്യാപിച്ചത്. ഇതുമായിബന്ധപ്പെട്ട് ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.
Mathrubhumi
15 Dec 2014

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal