ഗ്രാമപഞ്ചായത്തുകളുടെ ചരിത്രങ്ങള്‍ക്ക് പെണ്‍കൂട്ടായ്മയില്‍ ദൃശ്യാവിഷ്‌കാരം

മലപ്പുറം: മലപ്പുറത്തിന്റെ പെണ്‍കരുത്തില്‍ ഗ്രാമ പഞ്ചായത്തുകളുടെ ചരിത്രവും വര്‍ത്തമാനവും ദൃശ്യവല്‍ക്കരിക്കുന്നു. പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയാണ് മാതൃകാ പദ്ധതിക്ക്് തുടക്കമിടുന്നത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ സ്്മരണകള്‍ ജ്വലിക്കുന്ന പൂക്കോട്ടൂരിന്റെ ഊടുവഴികളിലൂടെയാണ് ചരിത്രം തേടിയുള്ള ആദ്യയാത്ര ആരംഭിക്കുന്നത്. 'മീഡിയ ടു പീപ്പിള്‍' എന്ന് നാമകരണം ചെയ്ത പദ്ധതി ആദ്യഘട്ടത്തില്‍ ജില്ലയിലെ 15 ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കും. പ്രമുഖ സിനിമാ സംവിധായകന്‍ കമല്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന മഹാത്മാ ട്രസ്റ്റാണ് മീഡിയ ടു പീപ്പിള്‍ എന്ന പുതിയ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഏഷ്യാ കോളജ് ഓഫ് ജേര്‍ണലിസം ആന്റ് ഫിലിം ന്യൂമീഡിയ ഇന്‍സ്റ്ററ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ പരിശീലകര്‍. ദൃശ്യ മാധ്യമവുമായി ബന്ധപ്പെട്ട കോളജിന്റെ മുഴുവന്‍ സംവിധാനം പദ്ധതിക്കായി ഉപയോഗപ്പെടുത്തും.
ഡോക്യുമെന്ററി തയ്യാറാക്കുന്നതിനായി 20 സ്ത്രീകള്‍ അംഗങ്ങളായ ഗ്രൂപ്പിനെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ തിരഞ്ഞെടുക്കും. ഇതിനായി പ്രത്യേക അഭിമുഖങ്ങള്‍ അതത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടക്കും. ഇവര്‍ക്ക് ദൃശ്യമാധ്യമങ്ങളുടെ മുഴുവന്‍ ടെക്‌നോളജിയും വിദഗ്ധ പരിശീലനത്തിലൂടെ പഠിപ്പിക്കും. സംസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരാണ് അധ്യാപകരായെത്തുന്നത്. ക്യാമറയുടെ ഉപയോഗം മുതല്‍ വീഡിയോ, ഓഡിയോ എഡിറ്റിങ് വരെയുള്ള സംവിധാനങ്ങള്‍ ഇവര്‍ പരിശീലിപ്പിക്കും. പരിശീലനത്തിനു ശേഷം ഡോക്യുമെന്ററിയുടെ ചുമതല ഈ ഗ്രൂപ്പിനെ ഏല്‍പിക്കും. ഇവരുടെ നേതൃത്വത്തിലാകും ഡോക്യുമെന്റിറി നിര്‍മാണം നടക്കുക. പരിശീലനം നേടിയ ഈ സ്ത്രീ കൂട്ടായ്മയെ തൊഴില്‍ ഗ്രൂപ്പുകളാക്കാനും പദ്ധതിയുണ്ട്. ഇവര്‍ക്ക് ഉപജീവന മാര്‍ഗ്ഗം കണ്ടെത്താനുള്ള പദ്ധതികൂടിയാണ് ഇതുവഴി നടപ്പിലാക്കുന്നത്. പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ പദ്ധതിക്കായി പ്രത്യേക ക്യാമറകളും എഡിറ്റിങ് ഉപകരണങ്ങളും വാങ്ങും. ഇതിനായി അഞ്ച് ലക്ഷം രൂപ നീക്കിവെച്ചതായി പ്രസിഡന്റ് പി.എ സലാം പറഞ്ഞു. ഇത്തരം ക്യമാറ ഉപയോഗിച്ച് തുടര്‍ന്നും പഞ്ചായത്തുകളില്‍ നടക്കുന്ന വിവിധ പരിപാടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും സംവിധാനമുണ്ടാക്കും. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഇതില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നല്‍കും.

ചരിത്രമുറങ്ങുന്ന നിരവധി പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. എന്നാല്‍ മിക്ക പഞ്ചായത്തുകളുടെ ചരിത്രവും കടലാസുകളില്‍ മാത്രമാണ്. ഇത് പുതു തലമുറക്ക് പകര്‍ന്നു നല്‍കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരാജയപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. മീഡിയ ടു പീപ്പിള്‍ പദ്ധതി നടപ്പിലാക്കുക വഴി ന്യൂ ജനറേഷന് തങ്ങളുടെ നാടിന്റെ ചരിത്രവും വര്‍ത്തമാനവും പഠിക്കുവാനാവും. കൂടാതെ വാര്‍ത്താരംഗത്തെ പെണ്‍കരുത്തിന് പദ്ധതി പുതിയ വഴിത്തിരിവാകും. സോഷ്യല്‍ മീഡിയകള്‍ സജീവമായ കാലത്ത് ഉള്‍നാടുകള്‍ ഒളിഞ്ഞു കിടക്കുന്ന വാര്‍ത്തകള്‍ ദൃശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ ഇത്തരം സംഘങ്ങള്‍ സഹായകമാകും. ഇത് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് മന്ത്രി ഡോ.എം.കെ മുനീറിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.

News @ Chandrika Daily

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal