പൂക്കോട്ടൂര്‍ യുദ്ധസ്മാരകത്തെ ചരിത്ര തീര്‍ത്ഥാടന കേന്ദ്രമാക്കണം-കെ.എം. മാണി

മലപ്പുറം: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരമുന്നേറ്റത്തിന് ഊര്‍ജം പകരുന്നതില്‍ പൂക്കോട്ടൂര്‍ യുദ്ധം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി പറഞ്ഞു. പൂക്കോട്ടൂര്‍ യുദ്ധ രക്തസാക്ഷി സ്‌ക്വയര്‍ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൂക്കോട്ടൂരിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ് 1921ല്‍ ബ്രിട്ടീഷ്‌കാര്‍ക്കെതിരെയുള്ള പ്രാദേശിക ചെറുത്തു നില്‍പ്പിന് കരുത്തുപകര്‍ന്നത്. പലരും ഖിലാഫത്ത് സമരത്തെ മാപ്പിളലഹളയെന്നും മലബാര്‍ കലാപമെന്നും പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ സത്യം ലോകത്തോട് വിളിച്ചു പറയാനാണ് അവര്‍ക്കൊരു സ്മാരകം ഒരുങ്ങുന്നത്. അത് നിര്‍മിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. വരും തലമുറക്ക് പൂര്‍വ്വീകരെ കുറിച്ച് പഠിക്കാന്‍ പൂക്കോട്ടൂര്‍ യുദ്ധ രക്തസാക്ഷി സ്‌ക്വയര്‍ ഉയര്‍ന്നു നില്‍ക്കണം. കേരളത്തിന്റെ ഏറ്റവും വലിയ യുദ്ധ സ്മാരകമായി അത് മാറണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും വര്‍ത്തമാന കാലഘട്ടത്തില്‍ പല പ്രതിസന്ധികളിലും നമ്മള്‍ അകപ്പെട്ടിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയില്‍ നിന്നും വിമോചനം നേടിയാല്‍ മാത്രമെ രാജ്യം പരിപൂര്‍ണ്ണ സ്വാതന്ത്യം പ്രാപിക്കൂ. നമ്മുടെ സമ്പദ്ഘടന ലോക നിലവാരത്തിലേക്ക് ഉയരണം. എല്ലാ രംഗങ്ങളിലും ഉല്‍പാദന ക്ഷമത വര്‍ധിപ്പിച്ചാല്‍ മാത്രമെ രാജ്യത്തിന് നിലനില്‍പ്പുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.

പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ സലാം അധ്യക്ഷത വഹിച്ചു. പൂക്കോട്ടൂര്‍ യുദ്ധ സ്മാരക ബ്ലോക്കിന്റെ ശിലാസ്ഥാപനം നഗരകാര്യ മന്ത്രി മഞ്ഞളാം കുഴി അലി നിര്‍വ്വഹിച്ചു. പൂക്കോട്ടൂര്‍ വില്ലേജിന് പ്രത്യേക പദവി നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു. കെ.ടി ജലീല്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. നാലകത്ത് സൂപ്പി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ടി.വി ഇബ്രാഹിം, കെ. ഇസ്മാഇല്‍ മാസ്റ്റര്‍, ഇ.പി ഇഫ്ത്തിഖാറുദ്ദീന്‍, അലവി കക്കാടന്‍, ജോണി പുല്ലന്താണി, സി.കെ ഖദീജ, എ.എം കുഞ്ഞാന്‍, കെ.പി ഉണ്ണീതു ഹാജി, വി. മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, ഒ.എം ജബ്ബാര്‍ ഹാജി, ടി.വി ഇസ്മാഇല്‍, നാലകത്ത് അസ്സൈന്‍, പൂക്കോടന്‍ വേലായുധന്‍ പ്രസംഗിച്ചു. കെ. അസീസ് മാസ്റ്റര്‍ സ്വാഗതവും എം. സുബൈദ നന്ദിയും പറഞ്ഞു. രാവിലെ നടന്ന ചരിത്ര സെമിനാര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് മാസ്റ്റര്‍, പ്രൊഫ. ഹരിപ്രിയ, വി. റസീന പ്രസംഗിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal