പൂക്കോട്ടൂര്‍ യുദ്ധ വാര്‍ഷികം നാളെ മന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യും

മലപ്പുറം: പൂക്കോട്ടൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 1921 പൂക്കോട്ടൂര്‍ യുദ്ധ വാര്‍ഷികവും രക്ത സാക്ഷി സ്‌ക്വയറിന്റെ ശിലാസ്ഥാപനവും നാളെ അറവങ്കര പൂക്കോട്ടൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ ഒമ്പതരക്ക് ചരിത്ര സെമിനാറോടെതുടക്കമാകും. സെമിനാര്‍ ഡോ: കെ കെ എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ചെയര്‍മാന്‍ സി പി സൈതലവി, പ്രഫ. എ പി അബ്ദുല്‍വഹാബ്, പ്രഫ. ഹരിപ്രിയ പ്രഭാഷണം നടത്തും. പൂക്കോട്ടൂര്‍ ഗവ: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി വി റസീന തീം പേപ്പര്‍ പ്രസന്റേഷന്‍ നടത്തും.

രണ്ടു മണിക്ക് വാര്‍ഷിക സമ്മേളനവും യുദ്ധരക്തസാക്ഷി സ്‌ക്വയറിന്റെ ശിലാസ്ഥാപനവും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണി നിര്‍വഹിക്കും.

യുദ്ധത്തില്‍ മരണമടഞ്ഞവരെ ഖബറടക്കിയ പൂക്കോട്ടൂര്‍-പിലാക്കലിലാണ് രക്ത സാക്ഷി സ്‌ക്വയര്‍ നിര്‍മ്മിക്കുക. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് പൂക്കോട്ടൂരിന്റെ പ്രാദേശിക ചരിത്ര പഠനം തയ്യാറാക്കും.

പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും പഠനഗവേഷണം നടത്തുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പൂക്കോട്ടൂര്‍ യുദ്ധ സ്മാരക റഫറന്‍സ് ലൈബ്രറി സ്ഥാപിക്കും. 1921 ഓഗസ്റ്റ് 26-ന് പൂക്കോട്ടൂരില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ രണ സ്മരണകളുമായിട്ടാണ് വാര്‍ഷികം നടക്കുന്നത്. 92 വര്‍ഷം പൂര്‍ത്തിയാകുന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ചരിത്രവും പഠനവും പുതുതലമുറക്ക് പകര്‍ന്ന് നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.

ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന പൂക്കോട്ടൂര്‍ യുദ്ധസ്മാരക അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം ന്യൂനപക്ഷ-നഗര വികസനകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിക്കും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ചടങ്ങില്‍ തോമസ് ഉണ്ണിയാടന്‍ എം എല്‍ എ, ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, കെ ടി ജലീല്‍ എം എല്‍ എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് മെമ്പര്‍ ടി വി ഇബ്രാഹിം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി കെ കുഞ്ഞു, അലവി കക്കാടന്‍ സംസാരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി എ സലാം, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ അസീസ് മാസ്റ്റര്‍, എം മുഹമ്മദ് മാസ്റ്റര്‍, സംഘാടക സമിതി കണ്‍വീനര്‍ അഡ്വ: കാരാട്ട് അബ്ദുറഹിമാന്‍ പങ്കെടുത്തു.

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal