മാപ്പിളപ്പാടങ്ങളില്‍ കൊയ്ത യുദ്ധം

""ഓരോ യുദ്ധത്തിലും മാപ്പിളമാര്‍ പ്രദര്‍ശിപ്പിച്ച പോര്‍ വീരതയും ധൈര്യപരാക്രമവും മലയാളത്തിനു മുഴുവനും അഭിമാനകരവും ഗൂര്‍ഖയെ കിടിലം കൊള്ളിച്ചവയുമായിരുന്നു. ആ കഥകള്‍ അനുഭവസ്ഥനായ ആമു സൂപ്രണ്ട് തന്നെ വിവരിച്ചു കേള്‍ക്കണം''. "ജീവിതകഥ' എന്ന പുസ്തകത്തില്‍ മൊയാരത്ത് ശങ്കരന്‍ മലബാര്‍ കലാപത്തിലെ മനുഷ്യക്കശാപ്പുകാരനുമായി നടത്തിയ അഭിമുഖം വിവരിക്കുകയാണ്. ""പകലെന്ന പോലെ രാത്രിയിലും പട്ടാള കേമ്പ് ഏത് സമയവും മാപ്പിളമാരുടെ ആക്രമണവും കാത്തിരിക്കണം. പകല്‍ സമയം പട്ടാളത്തിന് എത്താനും ഊഹിക്കാനും കഴിയാത്ത കാടുകളില്‍ അവര്‍ ഒളിച്ചിരിക്കും. സന്ധ്യമയങ്ങിയാല്‍ സ്വന്തം ചവിട്ടടിയില്‍ നിന്നെന്ന പോലെ ചാടിവീണു പട്ടാള കേമ്പുകളെ കൂട്ടം കൂട്ടമായും ചെറുസംഘമായും കടന്നാക്രമിക്കും......

ഉണ്ട വര്‍ഷിക്കുന്ന മെഷീന്‍ തോക്കിനു മുമ്പില്‍ അതു പിടിച്ചെടുപ്പാന്‍ ആയിരക്കണക്കില്‍ ഓടിവന്നിട്ടും, രാത്രി കാലത്ത് ഇങ്ങനെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്‍മാരുടെ വീടുകളിലെ സ്ത്രീകളും കുട്ടികളും നൂറുക്കണക്കിനു ഒളിച്ചിരിക്കുന്ന കാടുകളെ, പട്ടാളം വളഞ്ഞ് ലൂയിസ്സ് ഗണ്‍ വെച്ച് വെടി കൊണ്ടിട്ടും ഗൂര്‍ഖാ കൃപാണങ്ങളാലും ഏറനാട് മുസല്‍മാന്‍മാര്‍ നശിച്ചതിനു കയ്യും കണക്കുമില്ലായിരുന്നു.''

ആമു സൂപ്രണ്ട് മാപ്പിളയാണെങ്കിലും മലബാര്‍ കലാപത്തെ കുറിച്ച് അതിശയോക്തി കലര്‍ത്തില്ലെന്ന് മൊയാരത്തിനറിയാം. ഖാന്‍ ബഹദൂര്‍ ഇ.വി. ആമു സാഹിബ് മലബാര്‍ ജില്ലാ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു. ഹിച്ച് കോക്ക് സൂപ്രണ്ടും. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി. 1925ല്‍ കുറ്റ്യാടി മദ്രസത്തുല്‍ ഇസ്ലാമിയ്യയുടെ ഉദ്ഘാടനത്തിന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബുള്ള വേദിയില്‍ ആമു സൂപ്രണ്ടുമുണ്ടായിരുന്നു. അവിടെ വെച്ചാണ് മൊയാരത്ത് ശങ്കരന്‍ അഭിമുഖം നടത്തിയത്. 1921 ഓഗസ്റ്റ്, സപ്തംബര്‍ മാസത്തെ മാത്രം കണക്കുകള്‍ വെച്ചാവണം ആമു സൂപ്രണ്ട് പറയുന്നു: ""ഇരുന്നൂറും മുന്നൂറും മാപ്പിളമാര്‍ നശിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ഏതാണ്ട് രണ്ടു മാസത്തോളം ആ നില തുടരുകയും ചെയ്തു. 300 പേര്‍ ദിവസം പ്രതി നശിക്കുമ്പോള്‍ രണ്ടു മാസത്തേക്ക് 18000 മാപ്പിളമാര്‍ നശിച്ചിട്ടുണ്ടാവണം. 8000 മാപ്പിളമാര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിട്ടുണ്ട്. തെക്കെ ഇന്ത്യയിലെ വിവിധ ജയിലുകളിലായി 2000 മാപ്പിളമാരെ തൂക്കികൊന്നിട്ടുണ്ട്. 5000 മാപ്പിളമാരെ കാണാതായിട്ടുണ്ട്''. താനുള്‍പ്പടെയുള്ളവര്‍ നടത്തിയ കൂട്ടക്കുരുതികളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒരു മദ്രസാ ഉദ്ഘാടന ചടങ്ങിനെത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് പറയുമ്പോള്‍ എത്രമാത്രം ഔദ്യോഗികവും വെട്ടിച്ചുരുക്കിയതുമായിരിക്കുമെന്നത് വെച്ചുവേണം ഈ കണക്കുകളെ കാണാന്‍. ഇതിലൊന്നും പെടാതെ അഞ്ചു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവിനു ശിക്ഷിക്കപ്പെട്ട 12000 മാപ്പിളമാര്‍ ബെല്ലാരി ജയിലില്‍ മാത്രം.

കണ്ണൂര്‍, കോയമ്പത്തൂര്‍, വെല്ലൂര്‍ ജയിലുകളിലും ഇതേ കണക്കില്‍ മാപ്പിളതടവുകാര്‍. 1911ലെ സെന്‍സസ് പ്രകാരം കലാപബാധിത പ്രദേശങ്ങളിലെ മുസ്ലിം ജനസംഖ്യ: ഏറനാട് 223000 (ആകെ 393000), വള്ളുവനാട് 1,19000 (ആകെ 3,74000), പൊന്നാനി 222000 (ആകെ 529000), കോഴിക്കോട് 82000 (ആകെ 221000) എന്നീ ക്രമത്തിലായിരുന്നു. കലാപത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ മരണവിധിക്കിരയായവരില്‍ ഏറനാടന്‍ മാപ്പിളമാര്‍ മാത്രം ഇരുപതിനായിരത്തോളം വരും. അതായത് നിലവിലുണ്ടായിരുന്ന മുസ്ലിം ജനസംഖ്യയുടെ പത്ത് ശതമാനം പേര്‍ ഭൂരിപക്ഷവും യുവാക്കള്‍ രണ്ടു മാസത്തിനുള്ളില്‍ അയല്‍ഗ്രാമങ്ങളിലായി വധിക്കപ്പെടുക. ഇതു സര്‍ക്കാര്‍ കണക്ക്. കാല്‍ ലക്ഷത്തിലേറെ ജീവഹാനിയും. ജയിലിലടക്കപ്പെട്ടതും നാടുകടത്തിയതും കാണാതായതുമുള്‍പ്പടെ അര ലക്ഷത്തോളം വേറെയും ബ്രിട്ടീഷ് തേര്‍വാഴ്ചയുടെ ഇരകളായി ജീവിതം ഹോമിക്കപ്പെട്ടവരാണ്. അവരുടെ കുടുംബങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഒരിക്കലും നിവരാനാവാത്ത ആഘാതവും. സമരത്തില്‍ പങ്കാളികളാവാത്ത മുസ്ലിംകളെയും ഇതര സമുദായക്കാരെയും ബ്രിട്ടീഷ് സൈന്യം വെറുതെവിട്ടില്ല.
മലബാര്‍ കലാപത്തിന് 90 വയസ്സ് തികയുന്ന ഓഗസ്റ്റാണിത്. 1921ലെ പോലെ കലണ്ടറില്‍ ഒരേ തീയതിയും ദിവസവും. ഓര്‍മകളുടെ ആവര്‍ത്തനം. പൂക്കോട്ടൂര്‍ യുദ്ധം നടന്ന ഓഗസ്റ്റ് 26 വെള്ളിയാഴ്ച. അതിനു മുമ്പ് തിരൂരങ്ങാടി കലാപം. പാണ്ടിക്കാട്, മഞ്ചേരി, നിലമ്പൂര്‍. തലങ്ങും വിലങ്ങും യുദ്ധത്തിന്റെ നകാര മുഴക്കം. തക്ബീര്‍ വിളികള്‍. വൈദേശിക ശക്തിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ദരിദ്രരായ മാപ്പിള ജനത ഉത്തരീയമണിഞ്ഞ കാലം. എരിക്കുന്നന്‍ പാലത്ത് മൂലയില്‍ ആലി മുസ്ലിയാരും വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയും നയിച്ച വിമോചനപ്പോരാട്ടം. കെ.എം. മൗലവി, ഇ. മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍, മലപ്പുറം കുഞ്ഞി തങ്ങള്‍, ചെമ്പ്രശ്ശേരി തങ്ങള്‍, പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്ലിയാര്‍, കളത്തിങ്ങല്‍ വടക്കുവീട്ടില്‍ മമ്മദ്, ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍, പരീക്കുട്ടി മുസ്ലിയാര്‍, പൊന്മാടത്ത് മൊയ്തീന്‍ കോയ, ഇ.കെ. മൗലവി, കുഞ്ഞലവി, ലവക്കുട്ടി തുടങ്ങിയ നായകര്‍. മാപ്പിളമാരെ ജീവനുതുല്യം സ്നേഹിച്ചതിന് യാതനകളേറ്റു വാങ്ങിയ എം.പി. നാരായണമേനോനും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും. പോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത നിലപാടുകളെടുത്തവരെങ്കിലും രാജ്യസ്വാതന്ത്രyത്തിനായുള്ള മാപ്പിള പോരാട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയ യു. ഗോപാലമേനോന്‍, കെ. രാമുണ്ണി മേനോന്‍, കെ. മാധവന്‍ നായര്‍, കെ.പി. കേശവമേനോന്‍ തുടങ്ങിയവര്‍. പേരറിയുന്നവരും അറിയപ്പെടാത്തവരുമായ പതിനായിരക്കണക്കിന് ധീര രക്തസാക്ഷികള്‍. ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്നും അവരുടെ ഏജന്റുമാരില്‍ നിന്നും മാനം രക്ഷിക്കാന്‍ കിണറിലും കുളത്തിലും ചാടി ആത്മാഹൂതി ചെയ്ത മാപ്പിളപ്പെണ്ണുങ്ങള്‍. പുരുഷ വേഷം ധരിച്ച് കയ്യില്‍ വാളുമായി പട്ടാളത്തെ നേരിട്ട പൂക്കോട്ടൂരിലെ ധീരവനിതാ രക്തസാക്ഷി. സ്വാതന്ത്രyത്തിന്റെ നീലാകാശച്ചുവട്ടില്‍ സ്വൈരവിഹാരം ചെയ്യുന്ന ഓരോ തലമുറയും കടപ്പെട്ടിരിക്കുന്നു ആ വീര സ്മരണകളോട്. 1921 ഓഗസ്റ്റില്‍ തുടങ്ങി 1922 ഫെബ്രുവരി വരെ നിലക്കാതെ നീണ്ട വെടിയൊച്ചകള്‍, ഒരു സമുദായമെന്ന നിലയില്‍, മലബാറിലെ മാപ്പിള സമൂഹം വൈദേശിക ശക്തികള്‍ക്കെതിരെ നാലര നൂറ്റാണ്ടായി തുടര്‍ന്ന, ദേശാഭിമാനപ്പോരാട്ടത്തിന്റെ രക്തരൂക്ഷിതമായ പരിസമാപ്തിയായിരുന്നു.

1498 ല്‍ വാസ്കോഡ ഗാമ ഇന്ത്യന്‍ മണ്ണില്‍ കാലു കുത്തിയതു മുതല്‍ പോര്‍ത്തുഗീസുകാര്‍ക്കെതിരെ തുടക്കമിട്ട അങ്കം. സാമൂതിരി രാജവംശത്തിനു മാപ്പിളമാര്‍ നല്‍കിയ പിന്‍ബലം. ഇന്ത്യയുടെ പ്രഥമ നാവികപ്പടയുണ്ടാക്കി അറബിക്കടലിന്റെ മധ്യത്തില്‍ സ്വന്തം ഹൃദയ രക്തം കൊണ്ട് യുദ്ധക്കളം തീര്‍ത്ത കുഞ്ഞാലിമാര്‍. 1792ല്‍ എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കരും നയിച്ച ബ്രിട്ടീഷ് വിരുദ്ധ ഒളിപ്പോരുകള്‍. 1857ലെ ഒന്നാം സ്വാതന്ത്രy സമരത്തിനു മുമ്പ് മലബാര്‍ മാപ്പിള നയിച്ച സ്വാതന്ത്രy വിപ്ലവങ്ങളായിരുന്നു ഇവ.

പോര്‍ത്തുഗീസ് വിരുദ്ധ പോര്‍ വീര്യമുണര്‍ത്തിയ തുഹ്ഫത്തുല്‍ മുജാഹിദീനും പടപ്പാട്ടുകളും ഏറ്റുപാടിയ അടുത്ത തലമുറ. പത്തൊമ്പതാം നൂറ്റാണ്ട് വെള്ളക്കാരെ തുരത്താനുള്ള മാപ്പിളകലാപ പരമ്പരകളുടെ കാലം. ആദ്യ നാല്‍പത് വര്‍ഷത്തിനകം 90 കലാപങ്ങള്‍. 1852ല്‍ സ്ട്രേഞ്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. 31 പ്രധാന കലാപങ്ങളില്‍ നാലെണ്ണം കാര്‍ഷിക പ്രശ്നവും 27 എണ്ണം വിദേശികളെന്ന പേരില്‍ ബ്രിട്ടീഷ് വാഴ്ചയെ തകര്‍ക്കാനുള്ളതുമായിരുന്നു.'' മാപ്പിളമാരെ വെടിവെച്ചു കൊല്ലുക, നാടുകടത്തുക, കൂട്ടപ്പിഴ ചുമത്തുക തുടങ്ങിയവയായിരുന്നു കമ്മീഷന്റെ പരിഹാര നിര്‍ദ്ദേശങ്ങള്‍.
"അസ്സ്വൈഫുല്‍ബത്വാര്‍' എന്ന കൃതിയിലൂടെ മമ്പുറം സയ്യിദലവി തങ്ങള്‍ മാപ്പിളമാരെ സമരപ്രചോദിതരാക്കി. മമ്പുറം സയ്യിദ് ഫസല്‍ തങ്ങളും പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളും നാടു കടത്തപ്പെട്ടു. ഉമര്‍ ഖാസിയെ തടവിലിട്ടു. ആയിരക്കണക്കിനു മാപ്പിളമാര്‍ ബ്രിട്ടീഷ് സൈന്യത്തിന്റ വെടിയേറ്റു മരിച്ചു. തടവിലാക്കപ്പെട്ടിരുന്ന മാപ്പിളമാരില്‍ നാലു പേര്‍ കോഴിക്കോട് ജയില്‍ ചാടി പുറത്തു കടന്ന് അന്നത്തെ കിരാതനായ മലബാര്‍ കലക്ടര്‍ കെനോലിയെ 1855 സെപ്തം. 11ന് ബംഗ്ലാവില്‍ കയറി വെട്ടിക്കൊന്നു.

1920 ജൂണ്‍ 14ന് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് വന്ന് മലബാര്‍ ജനതയില്‍ സമരോര്‍ജ്ജം പകര്‍ന്നു. ഖിലാഫത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒരു മെയ്യായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് സൈന്യം മാപ്പിളമാരെ തെരഞ്ഞെടുപിടിച്ചു ദ്രോഹിച്ചു. സായുധമായ ചെറുത്തുനില്‍പുകള്‍ അനിവാര്യമായി. പൂര്‍വകാലത്തിന്റെ പടപ്പാട്ടുകള്‍ തലമുറകളെ പുളകമണിയിച്ചു.
ആലി മുസ്ലിയാര്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. 1921 ഓഗസ്റ്റ് 19ന് മലബാര്‍ കലക്ടര്‍ തോമസ്, ജില്ലാ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ആമു തുടങ്ങിയവരും അഞ്ഞൂറു വെള്ളപ്പട്ടാളക്കാരും അപ്രതീക്ഷിതമായി തിരൂരങ്ങാടിയില്‍ എത്തി. അകാരണമായി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന നിവേദനവുമായി 20ന് ആലി മുസ്ലിയാരും ഏതാനും അനുയായികളും കലക്ടറെ കാണാന്‍ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ജനക്കൂട്ടത്തിനു നേരെ വെടിയുണ്ടകള്‍ പ്രവഹിച്ചു. 17 മാപ്പിളമാര്‍ രക്തസാക്ഷികളായി. ആറു പോലീസുകാരും വധിക്കപ്പെട്ടു. ഇതായിരുന്നു മലബാറിനെ കൂട്ടക്കുരുതിയിലാഴ്ത്തിയ സംഭവ പരമ്പരകളുടെ തുടക്കം. ഓഗസ്റ്റ് 23ന് വന്‍ സേനാവ്യാഹം തിരൂരങ്ങാടിയിലെത്തി. പട്ടാളക്കാര്‍ പള്ളിക്കു നേരെ തുരുതുരാ നിറയൊഴിച്ചു. സമര ഭടന്‍മാരും പ്രത്യാക്രമണം നടത്തി. പട്ടാളദ്രോഹത്തില്‍ നിന്നു പള്ളിയെയും ജനതയെയും രക്ഷിക്കാന്‍ ആലി മുസ്ലിയാര്‍ 37 അനുയായികളുമായി പുറത്തു വന്ന് കീഴടങ്ങി. ആ രാത്രി തിരൂരങ്ങാടി പട്ടണം കൊള്ളയടിച്ചു പട്ടാളക്കാര്‍ തീയിട്ടു.

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായി പൂക്കോട്ടൂര്‍. കോവിലകം കാര്യസ്ഥനായ വടക്കുവീട്ടില്‍ മമ്മദ് ഖിലാഫത്ത് നേതാവായി ഉയര്‍ന്നപ്പോള്‍ ബ്രിട്ടീഷ് ഏജന്റുമാരും കോവിലകത്തെ ചിന്നനുണ്ണി തമ്പുരാനും ചേര്‍ന്ന് മമ്മദിനെ കള്ളക്കേസില്‍ കുടുക്കി. മമ്മദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. അഞ്ഞൂറോളം ഖിലാഫത്ത് പ്രവര്‍ത്തകര്‍ കോവിലകത്തേക്ക് മാര്‍ച്ച് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണ മേനോന്‍ മാപ്പിളമാരോട് മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു. ഇതിനിടെയാണ് തിരൂരങ്ങാടി പള്ളിക്ക് പട്ടാളം വെടിവെച്ച വാര്‍ത്ത പരന്നത്. അതു പൂക്കോട്ടൂരിനെ തിളപ്പിച്ചു. കണ്ണൂരില്‍ നിന്ന് കോഴിക്കോട് വഴി ഒരു സംഘം പട്ടാളം പൂക്കോട്ടൂരിലേക്കു പുറപ്പെട്ടുവെന്ന വിവരം കിട്ടി ജനം പ്രതിരോധ മാര്‍ഗങ്ങളാലോചിച്ചു. കോഴിക്കോട് മലപ്പുറം റൂട്ടില്‍ പലേടത്തും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു. ഓഗസ്റ്റ് 25ന് അറവങ്കര പാപ്പാട്ടുങ്ങല്‍ പള്ളിയുടെ മുന്‍വശം വരെ എത്തി. പാലം പൊളിച്ചതിനാല്‍ മുന്നോട്ടു പോവാനായില്ല. 22 ലോറികളിലും 25 സൈക്കിളിലുമായിരുന്നു സൈന്യം. 26ന് വെള്ളിയാഴ്ച പട്ടാളം പൂക്കോട്ടൂരില്‍ കടന്നു. മാപ്പിളമാര്‍ ചെറുത്തു. പിലാക്കലില്‍ മുഖാമുഖമുള്ള പോരാട്ടം. ഇന്ത്യന്‍ സ്വാതന്ത്രy സമരര ചരിത്രത്തിലെ ഏക യുദ്ധം. 420 മാപ്പിളപ്പോരാളികള്‍ രക്തസാക്ഷികളായി. പട്ടാളക്കാരുടെ മൃതദേഹവും വഹിച്ച് മലപ്പുറത്തേക്ക് പുറപ്പെട്ട ലോറിയിലേക്ക് ബോംബെറിഞ്ഞ് അസി. കമാണ്ടന്റ് ലങ്കാസ്റ്റര്‍ അടക്കം നാലു പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. മരക്കൊമ്പില്‍ സ്വയം ബന്ധിതനായി കിടന്നായിരുന്ന ആ മാപ്പിള സേനാനി സ്ഫോടനം നടത്തിയത്. യുദ്ധം കഴിഞ്ഞ് പൂക്കോട്ടൂരിലെ മുന്നൂറോളം വീടുകള്‍ പട്ടാളം വെണ്ണീറാക്കി. നിരവധി പേരെ വെടിവെച്ചു കൊന്നു. ഒക്ടോബര്‍ 25ന് മേല്‍മുറിയില്‍ വീടുകളില്‍ കയറി 256 പേരെ വെള്ളപട്ടാളം കൊന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍ ഇന്ത്യക്കാരുടെ ഭരണം സ്ഥാപിച്ച് വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റ് മുന്നോട്ട് പോവുകയാണ്. പാണ്ടിക്കാട് ചന്തപ്പുരക്കുള്ളില്‍ കേമ്പ് ചെയ്ത ഗൂര്‍ഖാ പട്ടാളത്തിനു നേര്‍ക്ക് കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തില്‍ മാപ്പിളമാര്‍ ഒത്തുചേര്‍ന്ന് ചന്തമതില്‍ ഉന്തിമറിച്ചിട്ടു.

നവ. 20ന് എം.എസ്.എല്‍.വി 1711 ചരക്കു വാഗണില്‍ നൂറില്‍പ്പരം മാപ്പിളത്തടവുകാരെ കുത്തിനിറച്ച് ബെല്ലാരിയിലേക്കു കൊണ്ടുപോയി. 72 പേര്‍ ശ്വാസം മുട്ടി മരിച്ച "വാഗണ്‍ ട്രാജഡി' ലണ്ടന്‍ പത്രങ്ങളുടെ പോലും പ്രതിഷേധത്തിനിരയായി. 1922 ജനു. 6ന് വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയെ പട്ടാളം പിടിച്ചു. ജനു. 20ന് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ മരത്തില്‍ ബന്ധിച്ച് വെടിവെച്ച് കൊന്നു. ഫെബ്രു. 17ന് ആലി മുസ്ലിയാര്‍ അനുചരന്‍മാരോടൊപ്പം കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടു.

കോടമഞ്ഞ് മൂടിയ ഏറനാടന്‍ താഴ്വാരയില്‍ നിന്ന് വെടിയൊച്ചകള്‍ പിന്നെയും മുഴങ്ങിക്കൊണ്ടിരുന്നു. വിലാപങ്ങളും. പക്ഷെ ചെറുത്തുനില്‍ക്കാനാവാത്ത വിധം രാജ്യസ്നേഹികളുടെ മണ്ണിനെ ലോകത്തിലെ വന്‍സൈനിക ശക്തി കശക്കിയെറിഞ്ഞു കഴിഞ്ഞിരുന്നു. ഈ ആലംബഹീനരുടെ രക്ഷക്കെത്താന്‍ ഒരു ദേശീയനായകനുമുണ്ടായിരുന്നില്ല. ആശ്വാസവാക്കുകള്‍ പോലുമുയര്‍ന്നില്ല. സമരത്തിനു ഊര്‍ജ്ജം പകര്‍ന്നു കടന്നുപോയ രാഷ്ട്രനായകരാരും പിന്നീട് ഈ വഴിയെ വന്നില്ല. ഉണ്ടായത് കുറ്റപ്പെടുത്തലുകള്‍ മാത്രം. തീ തുപ്പുന്ന തോക്കുകള്‍ക്കു മുന്നിലേക്കു അനുയായിയും നേതാവും ഒരു പോലെ അങ്കത്തിനിറങ്ങിയത് ഈ മലബാര്‍ യുദ്ധത്തിലാണ്. ഉത്തരേന്ത്യയിലെ പോലെ അധികാരം നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും നടത്തിയ ചക്രവര്‍ത്തിമാരുടെ പോരാട്ടമായിരുന്നില്ല. ഭരണം രാജ്യക്കാര്‍ക്കു നേടിക്കൊടുക്കാനായിരുന്നു. ഉത്തരേന്ത്യയിലെ സ്വാതന്ത്രy സമര നേതാക്കളെ പോലെ പട്ടാളത്തിലും ഭരണത്തിലും തങ്ങളോട് കൂറുള്ള ഒരാള്‍ പോലും മലബാര്‍ മാപ്പിളക്കില്ലായിരുന്നു. എല്ലാവരും ശത്രുക്കള്‍. കൊല്ലാന്‍ തക്കം പാര്‍ക്കുന്നവര്‍.

അന്നന്നത്തെ അധികാരികള്‍ക്കു കീഴൊതുങ്ങി ജീവിച്ചു പോയിരുന്നെങ്കില്‍ മലബാര്‍ മാപ്പിളക്ക് ഇത്രയും ജീവന്‍ കുരുതി കൊടുക്കേണ്ടി വരില്ലായിരുന്നു. പില്‍ക്കാലം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംവരണപ്പോരാട്ടവും ആവശ്യമാകുമായിരുന്നില്ല. പഠിച്ചും കഠിനാധ്വാനം ചെയ്തും എവിടെയൊക്കെയോ എത്താമായിരുന്നു സാഹസികത ജന്മനക്ഷത്രമായ ഈ ജനതക്ക്. വര്‍ഗീയ കലാപത്തിന്റെ മുദ്രയും കിട്ടുമായിരുന്നില്ല. പക്ഷേ ജീവന്‍ വെടിഞ്ഞും കുടുംബം വെടിഞ്ഞും രാജ്യത്തെ സ്നേഹിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായി കരുതിയവരുടെ ചെവിയില്‍ ഇതൊന്നും കയറില്ലായിരുന്നു. അവര്‍ക്ക് രാജ്യമായിരുന്നു വലുത്. ജീവനേക്കാളും.

സി.പി സൈതലവി
ചന്ദ്രിക :27.08.2011 ശനി

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal