പൂക്കോട്ടൂരിന്റെ പോരാട്ടചരിത്രം


വിവിധ നാട്ടുരാജ്യ അധികാരകേന്ദ്രങ്ങളുടെ പരസ്പരമുള്ള ഭിന്നത മുതലെടുത്ത്‌ അധീശത്വമുറപ്പിച്ച യൂറോപ്യന്‍ശക്തികളെ എക്കാലത്തും സ്ഥൈര്യത്തോടെ നേരിട്ട പാരമ്പര്യമാണു കേരളമുസ്ലിംകള്‍ക്കുള്ളത്‌. 400 വര്‍ഷത്തില്‍ കൂടുതല്‍ നിലനിന്ന യൂറോപ്യന്‍ അധിനിവേശത്തിന്റെ നീതിരഹിതമായ ചരിത്രാനുഭവങ്ങളോടു ചെറുത്തുനില്‍ക്കുകയും വിസമ്മതിക്കുകയും ചെയ്ത മാപ്പിളമുസ്ലിംകള്‍ മറ്റേതൊരു സമൂഹത്തെയും അപേക്ഷിച്ചു സ്വാതന്ത്ര സാക്ഷാല്‍ക്കാരത്തിന്റെ മാര്‍ഗത്തില്‍ സധീരം നിലകൊണ്ടവരാണ്‌. മുസ്ലിംകളുടെ പോരാട്ടവീര്യവും വിമതത്വവും എല്ലാ അധീശത്വശക്തികളെയും എക്കാലത്തും അലോസരപ്പെടുത്തിയിട്ടുണ്ട്‌. ജാതീയമായ ഉച്ചനീചത്വ പ്രവണതകളാലും അസമത്ത്വപൂര്‍ണമായ സാമൂഹികസംവിധാനങ്ങളാലും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂഹികദുരാചാരങ്ങളാല്‍ അടിമത്തം ആന്തരവല്‍ക്കരിച്ച ഒരു സമൂഹമാണ്‌ ഇവിടെ നിലനിന്നിരുന്നത്‌. ഇത്തരം സമൂഹങ്ങളില്‍ ഇസ്ലാം പ്രചരിച്ചതിന്റെ ഭാഗമായി അവര്‍ സ്വതന്ത്രമനുഷ്യരുടെ പദവി കൈവരിക്കുകയും എല്ലാതരം അധീശത്വങ്ങളെയും ചെറുത്തുനില്‍ക്കാനുള്ള ആര്‍ജവം കൈവരിക്കുകയും ചെയ്തു. നീതിക്കുവേണ്ടിയുള്ള സമരമുന്നേറ്റങ്ങളില്‍ ജീവന്‍ നല്‍കേണ്ടിവന്നാലും അതു മരണാനന്തരമുള്ള മോക്ഷപ്രാപ്തിക്കു നിമിത്തമാവുമെന്ന ഉത്തമബോധ്യം അവരുടെ എല്ലാ മുന്നേറ്റങ്ങളുടെയും അന്തഃപ്രചോദനമായിരുന്നു. ആദ്യഘട്ടത്തില്‍ പോര്‍ച്ചുഗീസുകാരോടും പില്‍ക്കാലത്ത്‌ അന്നത്തെ ലോകത്തേറ്റവും വലിയ സാമ്രാജ്യത്വശക്തിയായ ബ്രിട്ടീഷുകാരോടും പോരാടാന്‍ അവരെ പ്രേരിപ്പിച്ചത്‌ ഈ ആത്മവീര്യമായിരുന്നു.


പോര്‍ച്ചുഗീസ്‌ അധിനിവേശം അവസാനിച്ചശേഷം മലബാര്‍ മേഖലയും സുദൃഢമായ ഒരു തദ്ദേശീയ അധികാരശക്തിക്കു കീഴില്‍ വന്നു. വൈദേശിക അധികാരശക്തികളുമായി പലവിധത്തിലുള്ള അനുരഞ്ജനങ്ങള്‍ നടത്തി നാടിന്‌ അടിയറവച്ച ജന്‍മിത്ത-നാടുവാഴിശക്തികളെ അമര്‍ത്തിയാണു മൈസൂര്‍ ആധിപത്യം സ്ഥാപിതമായത്‌. വളരെ കുറഞ്ഞ കാലയളവേ മൈസൂര്‍ശക്തിക്ക്‌ ആധിപത്യമുണ്ടായിരുന്നുള്ളൂവെങ്കിലും സ്ഥൂലമായ പരിവര്‍ത്തനങ്ങളാണ്‌ ഇക്കാലഘട്ടത്തില്‍ മലബാര്‍മേഖലയില്‍ നടന്നത്‌. ജന്‍മിത്ത-നാടുവാഴിവ്യവസ്ഥയുടെ നൃശംസമായ സാമൂഹിക-സാമ്പത്തികബന്ധങ്ങളെ തന്റെ പരിഷ്കരണപരമായ ഭരണനടപടികളിലൂടെ അട്ടിമറിക്കുകയും തികച്ചും മാനവികവും നീതിപൂര്‍വകവുമായ മാനത്തില്‍ അതു പുനര്‍വിന്യസിക്കുകയും ചെയ്തതു ടിപ്പുസുല്‍ത്താനായിരുന്നു. അതുകൊണ്ടുതന്നെ ജന്‍മിത്ത-നാടുവാഴിവ്യവസ്ഥയുടെ ഗുണഭോക്താക്കളായ തദ്ദേശീയ അധികാരകേന്ദ്രങ്ങളുടെയും സാമ്രാജ്യത്വവ്യാപനം ലക്ഷ്യംവച്ച വൈദേശികശക്തികളുടെയും ഒരുമിച്ചുള്ള എതിര്‍പ്പിനു ടിപ്പുവിന്റെ നടപടികള്‍ നിമിത്തമായി. ഇങ്ങനെ വൈദേശികശക്തികളോടു കൂട്ടുചേര്‍ന്നു മഹത്തായ ഒരു ഭരണക്രമം അട്ടിമറിക്കുന്നതിനു ആ ശക്തികള്‍ ചരടുവലിക്കുകയും ടിപ്പുവിന്റെ ആധിപത്യം അസ്തമിക്കുകയും ചെയ്തു.

അങ്ങനെ മലബാര്‍ മേഖലയില്‍ ബ്രിട്ടീഷ്‌രാജ്‌ സമ്പൂര്‍ണമാവുകയായിരുന്നു. തദ്ദേശീയമായ ഒരു നിര്‍ണായക അധികാരശക്തിയുടെയും പ്രതിരോധനീക്കങ്ങളെ ഭയക്കേണ്ടതില്ലാത്തവിധം ബ്രിട്ടീഷ്‌രാജ്‌ സ്ഥാപിതമായി. ജന്‍മിവ്യവസ്ഥയെ പൂര്‍വാധികം പ്രാബല്യത്തോടെ പുനസ്ഥാപിക്കാന്‍ സാമ്രാജ്യത്വശക്തികള്‍ എല്ലാ ഒത്താശയും ചെയ്തു. ടിപ്പുവിനോടുള്ള പ്രതികാരം അദ്ദേഹം പ്രതിനിധീകരിച്ച സമുദായത്തോടുള്ള പ്രതികാരം തന്നെയാക്കി രൂപാന്തരപ്പെടുത്തുകയും സാമ്പത്തികവും സാമൂഹികവുമായ മുസ്ലിംകളുടെ പ്രാബല്യത്തെ നിര്‍വീര്യമാക്കുന്ന വിധമുള്ള നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. ഇങ്ങനെ നാടുവാഴിത്തത്തെയും ജന്‍മിത്തത്തെയും കൊഴുപ്പിക്കുന്നതിനുള്ള സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പശ്ചാത്തലം സാമ്രാജ്യത്വശക്തികളുടെ നേതൃത്വത്തില്‍ ഒരുക്കപ്പെട്ടു.

മാപ്പിളസമൂഹത്തിന്റെതും ടിപ്പുവിന്റെ ഭൂപരിഷ്കരണ നടപടികളിലൂടെ അധസ്ഥിതവിഭാഗങ്ങള്‍ക്കു ലഭിച്ചതുമായ ഭൂമിയും മറ്റു സ്വത്തുക്കളും പിടിച്ചെടുക്കാനുള്ള നിയമനിര്‍മാണമാണു ബ്രിട്ടീഷുകാര്‍ നടത്തിയത്‌. അന്യായമായ ഈ ആധിപത്യപ്രവണതകള്‍ കൂടുതല്‍ വ്യവസ്ഥാപിതമായിത്തീര്‍ന്നതോടെ പ്രതികരിക്കുകയെന്നതു മാപ്പിളസമൂഹത്തിന്റെ അതിജീവനത്തിനു നിര്‍ബന്ധമായിത്തീര്‍ന്നു.
വിവേകശൂന്യരായ ഒരു വൈകാരികസമൂഹമായിരുന്നു മാപ്പിളമാര്‍ എന്നതുകൊണ്ടല്ല, പ്രത്യുത, വിവേകശൂന്യമായ, നീതിരഹിതമായ അധികാരപ്രയോഗങ്ങളാണ്‌ അവര്‍ക്കുമേല്‍ നടപ്പാക്കപ്പെട്ടത്‌ എന്നതുകൊണ്ടാണ്‌ അവര്‍ ചെറുത്തുനിന്നത്‌. മരണക്കരം, ഭൂമി ഒഴിപ്പിക്കല്‍, മേല്‍ച്ചാര്‍ത്ത്‌ പോലുള്ള കരിനിയമങ്ങള്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ അവര്‍ക്കുമേല്‍ നടപ്പാക്കപ്പെട്ടു. ഇത്തരം കരിനിയമങ്ങള്‍ക്കെതിരായുള്ള പ്രതികരണമായി മലബാറിലെ വിവിധ മേഖലകളില്‍ മുസ്ലിം ഉലമാക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയും വിവിധ ഘട്ടങ്ങളിലൂടെ, രൂപപരിണാമങ്ങളിലൂടെ അതു വികസിക്കുകയും ഒടുവില്‍ അതിഭീകരമായ മര്‍ദ്ദനനടപടികളിലൂടെ സാമ്രാജ്യത്വശക്തികള്‍ ഈ 
സ്വാതന്ത്രസമര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയുമാണു ചെയ്തത്‌. ഇത്തരമൊരു പശ്ചാത്തലവിവരണമില്ലാതെ പൂക്കോട്ടൂര്‍ യുദ്ധത്തെയോ മാപ്പിളപ്രക്ഷോഭങ്ങളെയോ സംബന്ധിച്ച്‌ അവലോകനം ചെയ്യുന്നത്‌ അസംഗതമാണ്‌.

1921ല്‍ തിരൂരങ്ങാടിയിലും പൂക്കോട്ടൂരും മലബാറിന്റെ മറ്റു ചില പ്രദേശങ്ങളിലും ശക്തിപ്പെട്ട വിമോചനപ്രക്ഷോഭങ്ങളുടെ ആരംഭവും വികാസപരിണാമങ്ങളും ഉപരിസൂചിതമായ ചരിത്രാനുഭവങ്ങളുടെ പിന്തുടര്‍ച്ചയായാണു സംഭവിക്കുന്നത്‌. അഥവാ, ചരിത്രപരമായി വികസിച്ചുവന്ന ഒരു മുന്നേറ്റത്തിന്റെ അന്തിമഘട്ടമായിരുന്നു 21ലെ മാപ്പിളപ്രക്ഷോഭങ്ങള്‍. 1894ല്‍ മണ്ണാര്‍ക്കാട്ടു നടന്ന സമരവും അനുബന്ധമായി മഞ്ചേരിയില്‍ വച്ചുണ്ടായ സമരവും, അങ്ങനെ ചെറുതും വലുതുമായ നിരവധി മാപ്പിളമുന്നേറ്റങ്ങളും സാമ്രാജ്യത്വ-ജന്‍മിത്ത അധികാരകേന്ദ്രങ്ങളെ വിറപ്പിക്കുന്നതായിരുന്നു. ഈ മുന്നേറ്റങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ ഇതു നേരിട്ടില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ ഭയാനകമാവുമെന്നു ബ്രിട്ടീഷ്‌ അധികൃതര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ കടുത്ത നടപടികളിലൂടെ അവര്‍ പ്രക്ഷോഭകാരികളെ നേരിട്ടു. ഈ സൈനികനടപടികളില്‍ പാണ്ടിക്കാട്ടുകാരും മഞ്ചേരിക്കാരുമൊക്കെയായ ധാരാളം പോരാളികള്‍ രക്തസാക്ഷികളായി. അക്കാലത്തു കവരത്തി ദ്വീപില്‍ മുദരിസായി സേവനം അനുഷ്ഠിച്ചിരുന്ന ആലിമുസ്ലയ‍രുടെ ജ്യേഷ്ഠസഹോദരനും പല ബന്ധുക്കളും ഈ പ്രക്ഷോഭങ്ങളില്‍ രക്തസാക്ഷികളായി. അത്യന്തം സങ്കീര്‍ണവും ഭീഷണവുമായ നാട്ടിലെ സാഹചര്യങ്ങളെക്കുറിച്ചറിഞ്ഞ ആലി മുസ്ലയ‍ര്‍ വൈകാതെ മലബാറില്‍ തിരിച്ചെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. അവധാനതയോടെ ചെറുത്തുനില്‍പ്പിനുള്ള മാര്‍ഗങ്ങളാരാഞ്ഞ അദ്ദേഹം ഖിലാഫത്ത്‌ നിസ്സഹകരണപ്രസ്ഥാനത്തില്‍ ചേരുകയും സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുകയുമായി. നീതിരഹിതമായ ബ്രിട്ടീഷ്‌ മേല്‍ക്കോയ്മ അവസാനിപ്പിക്കേണ്ടതു രാജ്യത്തെ ഓരോ പൌരന്റെയും കടമയാണെന്നും വിശേഷിച്ച്‌ മുസ്ലിംസമൂഹത്തിന്റെ മതകീയബാധ്യത തന്നെയാണെന്നും അദ്ദേഹം ജനങ്ങളെ ഉണര്‍ത്തി. ഇങ്ങനെ മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിക്കുകയും ബ്രിട്ടീഷ്‌വിരുദ്ധമായ ഖിലാഫത്ത്‌ പ്രക്ഷോഭത്തിനു പ്രത്യയശാസ്ത്ര പിന്‍ബലമൊരുക്കുകയും ചെയ്ത അദ്ദേഹം 1907ല്‍ തിരൂരങ്ങാടിയില്‍ മുദരിസ്‌ സ്ഥാനം ഏറ്റെടുക്കുന്നതോടെയാണു സാമ്രാജ്യത്വവിരുദ്ധ സമരമുന്നേറ്റങ്ങള്‍ക്കു നിര്‍ണായകമായ ചില വഴിത്തിരിവുകളുണ്ടാകുന്നത്‌.

തിരൂരങ്ങാടിയില്‍ എത്തിയശേഷം ആലിമുസ്ലിയാര്‍ ഖിലാഫത്ത്‌-കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു. ദേശീയമായ ഒരവബോധവും സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ദാഹവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നു. സദാ ഖദര്‍വേഷധാരിയായിരുന്നു അദ്ദേഹം. കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ലയ‍ര്‍, കെ.എം. മൌലവി, എം.പി. നാരായണമേനോന്‍, വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, വടക്കേവീട്ടില്‍ മമ്മദ്‌ പോലുള്ള നേതാക്കള്‍ ആലി മുസ്ലയ‍രുടെ സുഹൃത്തുക്കളായിരുന്നു. ഇതില്‍ വടക്കേവീട്ടില്‍ മമ്മദാണു പൂക്കോട്ടൂര്‍ സംഭവങ്ങള്‍ക്കു നേതൃത്വം നല്‍കിയ സമരനായകന്‍.

1921 ജനുവരി 23ന്‌ പൂക്കോട്ടൂരില്‍ വച്ചു ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ വിപുലമായ സമ്മേളനം നടന്നു. പൂക്കോട്ടൂര്‍ പ്രദേശത്തെ സാമ്രാജ്യത്വ-ജന്‍മിത്തവിരുദ്ധ ചലനങ്ങള്‍ക്കിതു പുതിയ ഉണര്‍വാണു നല്‍കിയത്‌. ദേശീയമായ മാനത്തില്‍ വികസിച്ചുവരുന്ന ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ അജണ്ടകളും പ്രാദേശികമായ കുടിയാന്‍പ്രശ്നങ്ങളും ഈ യോഗത്തില്‍ കാര്യമായിത്തന്നെ ചര്‍ച്ചചെയ്യപ്പെട്ടു. അന്യായമായ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കു സാധാരണക്കാരായ ധാരാളം കര്‍ഷകര്‍ വിധേയപ്പെട്ടുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്‌. പൂക്കോട്ടൂരിലെ സമ്മേളനത്തില്‍ ഒരു കുടിയാനെ കുടിയൊഴിപ്പിക്കുന്നതിനു ജന്‍മിത്തശക്തികള്‍ കൈക്കൊണ്ട ഒരു നടപടിയും ചര്‍ച്ചയ്ക്കു വന്നു. മഞ്ചേരിയിലെ ഒരു പരദേശിബ്രാഹ്മണന്‍ ഒരു മാപ്പിളകുടിയാനെ അന്യായമായി ഒഴിപ്പിച്ച സംഭവമാണു സമ്മേളനത്തില്‍ കൂടുതല്‍ പ്രതിഷേധത്തിനിടയാക്കിയത്‌.

മാപ്പിളപ്രക്ഷോഭങ്ങള്‍ സജീവമായ ഏറനാട്‌, വള്ളുവനാട്‌, കോഴിക്കോട്‌, പൊന്നാനി താലൂക്കുകളിലായി അന്ന്‌ 6,88,731 മാപ്പിളമാര്‍ അധിവസിച്ചിരുന്നു. ഇതില്‍ പൂക്കോട്ടൂര്‍ അംശത്തിലെ ആകെ മാപ്പിളജനസംഖ്യ 2,170 ആയിരുന്നു. പൂക്കോട്ടൂര്‍ വില്ലേജിന്റെ ഭൂവിസ്തൃതി 768.80 ഏക്കറാണ്‌. ഈ ഭൂമി 96 ആധാരങ്ങളിലായി വീതിക്കപ്പെട്ടിരുന്നു. ആധാരം ഉടമകളില്‍ 26 മേല്‍ജാതി ഹിന്ദുക്കളും 10 താഴ്ന്ന ജാതി ഹിന്ദുക്കളും ഉണ്ടായിരുന്നു. ഹിന്ദുക്കളുടെ പൂക്കോട്ടൂരിലെ ആകെ ജനസംഖ്യ 993 ആയിരുന്നു. 58 മാപ്പിളമാര്‍ക്കും രണ്ടു ക്ഷേത്രങ്ങള്‍ക്കുമായിരുന്നു ബാക്കിയുള്ള ഭൂമി. ഇതില്‍ മൊത്തം ഭൂമിയുടെ 83 ശതമാനവും കൈവശം വച്ചിരുന്നതു മേല്‍ജാതിക്കാരാണ്‌. നിലമ്പൂരിലെ തച്ചിറക്കാവില്‍ തിരുമുല്‍പ്പാട്‌ എന്നൊരു ജന്‍മിക്കുമാത്രം 467.85 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇതു മൊത്തം വില്ലേജിന്റെ 60 ശതമാനം വരുമായിരുന്നു. അതേസമയം 58 മാപ്പിള ആധാരങ്ങള്‍ക്കും കൂടി 122.31 ഏക്കര്‍ ഭൂമിയാണുണ്ടായിരുന്നത്‌. സാമ്പത്തിക-സ്വത്തവകാശബന്ധങ്ങളില്‍ നിലനിന്നിരുന്ന ഈ അസന്തുലിതത്വം പ്രത്യേകം ശ്രദ്ധേയമാണ്‌. തങ്ങളുടെ കൈകളില്‍ പരിമിതമായുണ്ടായിരുന്ന ഭൂസ്വത്തുകൂടി തട്ടിയെടുക്കാന്‍ നാടുവാഴിത്ത ശക്തികള്‍ നടത്തുന്ന കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞതോടെ പൂക്കോട്ടൂരിലെ സാധാരണ കര്‍ഷകരില്‍ പ്രതിഷേധം രൂപപ്പെട്ടതു സ്വാഭാവികമായിരുന്നു. എന്തായാലും ഖിലാഫത്ത്‌ കുടിയാന്‍ സമ്മേളനത്തില്‍ വച്ച്‌ പ്രശ്നം ചര്‍ച്ചചെയ്യപ്പെട്ടതോടെ മഞ്ചേരിയിലെ പരദേശിബ്രാഹ്മണനായ ജന്‍മിക്കെതിരേ പ്രതിഷേധം രൂപപ്പെട്ടു. ഈ വഴക്കില്‍ കക്ഷിചേര്‍ന്ന്‌ അന്നു പൂക്കോട്ടൂരിലെ കോവിലകത്തു താമസിച്ചിരുന്ന നിലമ്പൂര്‍ ആറാം തിരുമുല്‍പ്പാട്‌ ചിന്നംഉണ്ണി എന്നയാള്‍ രംഗത്തുവന്നു. അന്യായം ചെയ്ത പട്ടര്‍ക്കു വേണ്ടിയാണ്‌ അദ്ദേഹം ശുപാര്‍ശ നടത്തിയത്‌. പ്രതിഷേധക്കാരായ കുടിയാന്‍മാരെ അയാള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. തിരുമുല്‍പ്പാടിന്റെ ഈ നടപടി പൂക്കോട്ടൂരുകാരുടെ പ്രതിഷേധത്തിനിടയാക്കി.

ആറാം തിരുമുല്‍പ്പാടിനെതിരേ പ്രതിഷേധം കനത്തുനിന്ന ഇത്തരമൊരു സന്ദര്‍ഭത്തിലാണു പൂക്കോട്ടൂരിനടുത്തുള്ള പുല്ലാര എന്ന സ്ഥലത്തെ നേര്‍ച്ച നടന്നത്‌. 1921 മാര്‍ച്ച്‌ 13നായിരുന്നു ഇത്‌. പുല്ലാര രക്തസാക്ഷികളുടെ ഓര്‍മപുതുക്കാന്‍ നടത്തപ്പെട്ടിരുന്ന നേര്‍ച്ചയില്‍ വാദ്യഘോഷങ്ങള്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി വടക്കേവീട്ടില്‍ മമ്മദുവിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ രംഗത്തുവന്നു. അധികൃതരുടെ അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ ഖിലാഫത്ത്‌-കുടിയാന്‍ പ്രസ്ഥാനങ്ങള്‍ക്കു വല്ലാതെ തിരിച്ചടികള്‍ ഏറ്റുകൊണ്ടിരുന്ന ഒരു സന്ദര്‍ഭമായതിനാല്‍, ഇത്തരം ആഘോഷത്തിമര്‍പ്പുകള്‍ ഒഴിവാക്കണമെന്നു മമ്മദുവിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷനുകൂലി ആയിരുന്ന വള്ളുവമ്പ്രം അധികാരി പേരാപുറവന്‍ അഹ്മദ്കുട്ടി എന്നയാളാണു മമ്മദുവിന്റെ എതിര്‍ഭാഗത്തു നിലയുറപ്പിച്ചത്‌.

ഇതേ വര്‍ഷം തന്നെ സമാനമായ സംഘര്‍ഷം മലപ്പുറം നേര്‍ച്ചയിലുമുണ്ടായി. പേരാപുറവന്‍ അഹ്മദ്കുട്ടിയെ മമ്മദുവിനെതിരേ പ്രകോപിപ്പിക്കുന്നതില്‍ പൂക്കോട്ടൂരിലെ ആറാം തിരുമുല്‍പ്പാടിനു പങ്കുണ്ടായിരുന്നു. ആറാം തിരുമുല്‍പ്പാടിനു മമ്മദുവിനോടു വിരോധമുണ്ടാവാന്‍ ചില കാരണങ്ങളുണ്ടായിരുന്നു. തിരുമുല്‍പ്പാടിന്റെ കാര്യസ്ഥനായി ആദ്യം സേവനം ചെയ്തയാളായിരുന്നു മമ്മദു. എന്നാല്‍, ജന്‍മിത്ത-നാടുവാഴിത്തവ്യവസ്ഥയും സാമ്രാജ്യത്വ അധികാരവ്യവസ്ഥയും കൂട്ടുചേര്‍ന്ന്‌ അടിസ്ഥാന
ജനവിഭാഗങ്ങളോടു ചെയ്തുകൂട്ടുന്ന നീതിരഹിതമായ അക്രമനടപടികളെ സംബന്ധിച്ചു മമ്മദുവിനു ബോധമുദിക്കുന്ന വിധമുള്ള സമ്പര്‍ക്കങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹം ഖിലാഫത്ത്‌-കുടിയാന്‍ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനാവുകയും തന്റെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ആലി മുസ്ലയ‍രെപ്പോലുള്ളവരുമായുള്ള സമ്പര്‍ക്കമായിരുന്നു മമ്മദുവിന്റെ മാറ്റങ്ങളെ നിര്‍ണയിച്ചത്‌. മമ്മദുവിനുണ്ടായ ഈ മാറ്റത്തില്‍ കലിപൂണ്ട തിരുമുല്‍പ്പാടിന്‌ അദ്ദേഹം അനഭിമതനാവുകയായിരുന്നു.

പുല്ലാര നേര്‍ച്ചയിലെ സംഘര്‍ഷത്തില്‍ തന്റെ എതിര്‍കക്ഷിയെ പ്രചോദിപ്പിച്ച തിരുമുല്‍പ്പാടുമായി സമ്പൂര്‍ണമായ ബന്ധവിച്ഛേദം അനിവാര്യമാണെന്നു മമ്മദു തിരിച്ചറിഞ്ഞു. അങ്ങനെ താന്‍ ജോലിചെയ്ത വകയില്‍ കോവിലകത്തുനിന്ന്‌ കിട്ടാനുണ്ടായിരുന്ന 350 രൂപ മമ്മദുവും കൂട്ടരും തിരുമുല്‍പ്പാടിന്റെ മുമ്പാകെ ചെന്ന്‌ ആവശ്യപ്പെട്ടു. ഈ സംഭവത്തോടെ മമ്മദുവിനോടുള്ള തിരുമുല്‍പ്പാടിന്റെ പ്രതികാരം കനത്തതായി. മമ്മദുവിന്റെ ധിക്കാരം പരിധി വിട്ടിരിക്കുന്നുവെന്നും അവനെയും കൂട്ടരെയും അമര്‍ത്തേണ്ടതു തന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണെന്നും ധരിച്ച തിരുമുല്‍പ്പാട്‌ ഒരു കള്ളക്കേസു നല്‍കി. കോവിലകത്തുനിന്നും മമ്മദു തോക്കു മോഷ്ടിച്ചു എന്നായിരുന്നു കേസ്‌. ജൂലൈ 28നായിരുന്നു ഈ പരാതി നല്‍കിയത്‌. ജൂലൈ 29നുതന്നെ മമ്മദുവിന്റെ വീട്ടില്‍ പോലിസ്‌ റെയ്ഡ്‌ നടന്നു. ഈ സംഭവത്തോടെ ഖിലാഫത്ത്‌ പ്രസ്ഥാനത്തെയും കുടിയാന്‍ മുന്നേറ്റത്തെയും തകര്‍ക്കാന്‍ അധികാരശക്തികള്‍ മെനയുന്ന മര്‍ദ്ദകമായ കുതന്ത്രങ്ങളാണിതെന്നു മമ്മദുവും കൂട്ടരും ധരിച്ചു. സംഘര്‍ഷം മുറ്റിനിന്ന ആ അന്തരീക്ഷത്തില്‍ മമ്മദുവിന്റെ നേതൃത്വത്തില്‍ ഒരു ജനകീയസംഘം എന്തിനും തയ്യാറായി കോവിലകം ലക്ഷ്യമാക്കി ചെന്നു. ഇതു ജൂലൈ 31നായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ അന്വേഷണത്തിനായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അകമ്പടിയോടെ വന്നു. എന്നാല്‍, സ്ഥിതിഗതികള്‍ പോലിസിന്റെ നിയന്ത്രണത്തിനതീതമായിരുന്നു. പോലിസിന്റെ ഇടപെടലുകള്‍ പരാജയപ്പെട്ടതോടെ ജന്‍മിമാര്‍ അങ്കലാപ്പിലായി. സര്‍ക്കാരിന്റെ പിന്‍ബലവും സംരക്ഷണവുമില്ലെങ്കില്‍ ജന്‍മിത്ത-നാടുവാഴിത്ത സംവിധാനങ്ങള്‍ക്കു നിലനില്‍പ്പില്ലാത്തവിധം ജനകീയപ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ അരക്ഷിതാവസ്ഥയില്‍ ആശങ്കപൂണ്ട ജന്‍മിമാര്‍ അധികാരശക്തിക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. കൂടുതല്‍ കര്‍ക്കശപൂര്‍ണമായ അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ ലഹളക്കാരെ ഒതുക്കാന്‍ നടപടിയുണ്ടാവണമെന്ന ജന്‍മിമാരുടെ ആവശ്യം ജില്ലാകലക്ടറേറ്റ്‌ സ്വാഗതം ചെയ്യുകയും സ്ഥിതിഗതികളെ സംബന്ധിച്ച്‌ അതിശയോക്തിപരമായ റിപോര്‍ട്ട്‌ മദ്രാസ്‌ ഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും ചെയ്തു. മലബാര്‍ കലക്ടറായിരുന്ന തോമസിനും പൂക്കോട്ടൂരിലെ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ കഴിയാതിരുന്ന ഇന്‍സ്പെക്ടര്‍ നാരായണമേനോനും മാപ്പിളമാരോടുണ്ടായിരുന്ന പ്രതികാരക്കലി തീര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ആത്യന്തിക നടപടികള്‍ക്കു ശുപാര്‍ശ ചെയ്യുന്നതായിരുന്നു ഈ റിപോര്‍ട്ട്‌.

റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലബാര്‍മേഖലയില്‍ കൂടുതല്‍ സേനാവിന്യാസം നടത്താന്‍ മദിരാശി ഗവണ്‍മെന്റ്‌ തീരുമാനിച്ചു. 200ല്‍ കുറയാത്ത അംഗസംഖ്യയുള്ള ഒരു കമ്പനി പട്ടാളം മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിക്കാന്‍ ജനറല്‍ കാനിങ്ങ്‌ ഓഫിസര്‍ക്കു കമ്പിസന്ദേശം അയച്ചു. മലബാര്‍ കലക്ടറുടെ റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതുപോലെ ആത്യന്തികവും തീവ്രവുമായ നിയമനടപടികളെ മദ്രാസ്‌ ഗവണ്‍മെന്റ്‌ അംഗീകരിച്ചില്ല. എന്നാല്‍, പ്രക്ഷോഭകരെ കൂടുതല്‍ പ്രകോപിതരാക്കുന്ന നിയമനടപടികള്‍ എടുക്കാന്‍ അവര്‍ അനുമതി നല്‍കി. നേതാക്കളെ അറസ്റ്റ്‌ ചെയ്യുക, നിയമം കൈയിലെടുക്കുന്ന പരസ്യമായ കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ മാത്രം പ്രോസിക്യൂട്ട്‌ ചെയ്യുക എന്നായിരുന്നു മദ്രാസ്‌ ഗവണ്‍മെന്റിന്റെ നിര്‍ദേശം. മാപ്പിള ഔട്ട്‌റേജസ്‌ ആക്ട്‌ എന്ന നിയമപ്രകാരമാണു നടപടികളെടുക്കേണ്ടതെന്നതു പ്രത്യേകമായി ശുപാര്‍ശ ചെയ്തിരുന്നു. ഖിലാഫത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കരുത്‌, പള്ളിയില്‍ പരിശോധന നടത്തരുത്‌ പോലുള്ള പ്രത്യേക നിര്‍ദേശങ്ങളും മദ്രാസ്‌ ഗവണ്‍മെന്റ്‌ നല്‍കിയിരുന്നു. എന്തായാലും പ്രശ്നപ്രദേശമായ പൂക്കോട്ടൂരില്‍ പോലിസ്‌ നടപടിയുണ്ടാവുമെന്നാണ്‌ ആദ്യം പ്രതീക്ഷിക്കപ്പെട്ടത്‌. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടികളെക്കുറിച്ചറിഞ്ഞ മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍ സാഹിബിനെപ്പോലുള്ള ഖിലാഫത്ത്‌
നേതാക്കള്‍ പൂക്കോട്ടൂരിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ നേതൃത്വം നല്‍കാന്‍ ആലി മുസ്ലയ‍ര്‍ക്കും കെ.എം. മൌലവിക്കും കമ്പിസന്ദേശം അയച്ചു. എന്നാല്‍, പോലിസ്‌ ഇടപെടലുകളും അറസ്റ്റും വെടിവയ്പുമൊക്കെ ആദ്യം സംഭവിച്ചതു തിരൂരങ്ങാടിയിലായിരുന്നു.
മലബാര്‍ കലക്ടറായിരുന്ന തോമസിന്‌ ആലി മുസ്ലയ‍രോടു പ്രത്യേക പകയുണ്ടായിരുന്നു. നിസ്സഹകരണം ഒരു രാഷ്ട്രീയനിലപാടായി സ്വീകരിച്ച ആലി മുസ്ലയ‍ര്‍ കലക്ടറുടെ പല ആജ്ഞകളും ചെവിക്കൊണ്ടിരുന്നില്ല. മദ്രാസ്‌ ഗവണ്‍മെന്റില്‍ നിന്നും തന്റെ ആഗ്രഹപ്രകാരം ലഭിച്ച അനുമതി തോമസ്‌ ശരിക്കും വിനിയോഗിച്ചു. ആലി മുസ്ലയ‍രെ തന്നെ അറസ്റ്റ്‌ ചെയ്യാനാണ്‌ അഹങ്കാരിയായ തോമസും കൂട്ടരും ശ്രമിച്ചത്‌. എന്നാല്‍, ശക്തമായ ജനകീയപ്രതിരോധം നിമിത്തം അറസ്റ്റ്‌ ചെയ്യാനുള്ള ലക്ഷ്യത്തില്‍ നിന്നവര്‍ താല്‍ക്കാലികമായി പിന്തിരിഞ്ഞു. എന്നാല്‍, മറ്റു ഖിലാഫത്ത്‌ നേതാക്കളെയും പ്രവര്‍ത്തകരെയും മാപ്പിള ഔട്ട്‌റേജസ്‌ ആക്ട്‌ അനുസരിച്ച്‌ അറസ്റ്റ്‌ ചെയ്തു. ഇതു നിമിത്തം സ്ഫോടനാത്മകമായ ഒരന്തരീക്ഷം കനത്തുനിന്നു. ഈ സംഭവങ്ങളെല്ലാം മുസ്ലിംകള്‍ക്കു കൂടുതല്‍ അരക്ഷിതബോധവും അന്യഥാബോധവും വര്‍ധിപ്പിച്ചു. അക്രമരഹിതമായ സമരങ്ങളിലൂടെ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക്‌ അറുതിയാവുമെന്നു വിചാരിച്ച മാപ്പിളമാര്‍ ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കു വിധേയപ്പെട്ടപ്പോള്‍ നിരാശരാവുകയും അഹിംസാത്മകമായ സമരമുറകളില്‍ വിശ്വാസം നഷ്ടപ്പെട്ടവരായിത്തീരുകയും ചെയ്തു.

തിരൂരങ്ങാടിയിലെ സംഘര്‍ഷത്തില്‍ ജില്ലാ മജിസ്ട്രേറ്റും സൂപ്രണ്ടും കൊല്ലപ്പെട്ടു എന്ന ഒരു അഭ്യൂഹം പൂക്കോട്ടൂരില്‍ വ്യാപകമായി പ്രചരിച്ചു. ഇതാകട്ടെ, സമരക്കാര്‍ക്കു കൂടുതല്‍ ആവേശവും ആത്മവീര്യവും പ്രദാനം ചെയ്തു. ബ്രിട്ടീഷ്‌രാജ്‌ തങ്ങളുടെ പ്രദേശങ്ങളില്‍ അവസാനിക്കുകയാണെന്ന ഒരു പ്രതീക്ഷ പ്രക്ഷോഭകരില്‍ വ്യാപിച്ചു. ഇതവര്‍ക്കു കൂടുതല്‍ വിപ്ലവകരമായ നടപടികള്‍ക്കു പ്രചോദനമായി. തങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ എല്ലാ അരക്ഷിതാവസ്ഥയ്ക്കും കാരണക്കാരായ ജന്‍മിത്ത-നാടുവാഴിത്ത ശക്തികളോടുള്ള അമര്‍ഷം പൂര്‍വാധികം പ്രബലപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ പൂക്കോട്ടൂരുകാരായ ഏതാനും പ്രക്ഷോഭകാരികള്‍ നിലമ്പൂര്‍ കോവിലകം ലക്ഷ്യമാക്കി പുറപ്പെട്ടു. തിരൂരങ്ങാടിയില്‍ പട്ടാളനടപടിയുണ്ടായ ആഗസ്ത്്‌ 20നു തന്നെയായിരുന്നു ഈ സംഭവവും. ജന്‍മിത്തവ്യവസ്ഥയെ തകര്‍ക്കുകയെന്നതു സാമ്രാജ്യത്വത്തിന്റെ തന്നെ തകര്‍ച്ചയായി അവര്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ ആഗസ്ത്‌ 21നു പുലര്‍ച്ചെ ഏഴുമണിക്കു മുമ്പായി അവര്‍ നിലമ്പൂര്‍ അങ്ങാടിയിലെത്തി. തക്ബീര്‍ വിളിച്ചുകൊണ്ടു യാത്രചെയ്ത അവര്‍ വരുമ്പോഴോ പോവുമ്പോഴോ ജനങ്ങള്‍ക്കു യാതൊരു ഉപദ്രവവും ഉണ്ടാക്കിയില്ല. കോവിലകം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കോവിലകത്തവരെത്തുമ്പോള്‍ രാവിലത്തെ നിത്യകര്‍മങ്ങള്‍ ചെയ്യാനായി പാറാവുകാര്‍ മിക്കവരും പടിപ്പുര വിട്ടുപോയിരുന്നു. ശേഷിക്കുന്ന പാറാവുകാരെ പ്രക്ഷോഭകര്‍ എളുപ്പം കീഴടക്കി. അങ്ങനെ പ്രക്ഷോഭകാരികളുടെ ആക്രമണത്തില്‍ പതിമൂന്നോ പതിനാലോ പേര്‍ കൊല്ലപ്പെട്ടു. ജന്‍മിത്തത്തിന്റെ അന്യായങ്ങളോടുള്ള തീവ്രമായ അമര്‍ഷമായിരുന്നു അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അന്തര്‍ധാര. നിലമ്പൂര്‍ കോവിലകത്തെ തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനു ശേഷം അവര്‍ പൂക്കോട്ടൂരിലേക്കു തന്നെ മടങ്ങി. എന്നാല്‍, അവരില്‍ ചിലര്‍ അന്നു രാത്രി മഞ്ചേരി ഖജാന ആക്രമിച്ചു. അന്നു തടവില്‍ കിടന്നിരുന്ന പല തടവുകാരെയും മോചിപ്പിച്ചു. നാടുവാഴിത്ത അധികാരത്തിന്റെ എല്ലാ ചിഹ്നങ്ങളെയും അവര്‍ ഘട്ടംഘട്ടമായി തകര്‍ത്തുകൊണ്ടിരുന്നു.
ഇതോടെ അന്യായമായ ഈ ആധിപത്യവ്യവസ്ഥ തകര്‍ക്കപ്പെട്ടുവെന്നും ഖിലാഫത്ത്‌ പുനസ്ഥാപിക്കപ്പെട്ടുവെന്നുമുള്ള ഒരു പ്രതീതി പരന്നു.

ഇതേസമയം, നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുന്ന മാപ്പിളമുന്നേറ്റങ്ങള്‍ ബ്രിട്ടീഷ്‌ അധികൃതരെ ഭയചകിതരാക്കി. മദ്രാസ്‌ ഗവണ്‍മെന്റിന്റെ അനുമതിയോടെ കൂടുതല്‍ സേനാവിന്യാസത്തിനും ആക്രമണത്തിനും അവര്‍ സാങ്കേതിക പശ്ചാത്തലം ഒരുക്കി. മലപ്പുറത്തു വിന്യസിക്കപ്പെട്ട മിസ്റ്റര്‍ ആസ്റ്റിന്റെ സൈന്യത്തിനു സഹായമായി ഒരു രക്ഷാസൈന്യത്തെ അയക്കാനുള്ള ശ്രമങ്ങള്‍ ആഗസ്ത്‌ 22 മുതല്‍ തന്നെ അധികൃതര്‍ ആരംഭിച്ചിരുന്നു. അങ്ങനെ അയര്‍ലന്റുകാരനായ ക്യാപ്റ്റന്‍ മെക്കന്‍റോയുടെ നേതൃത്വത്തില്‍ ഒരു രക്ഷാസൈന്യം മലപ്പുറത്തേക്കു പുറപ്പെട്ടു.

ഇതിനിടയ്ക്കു പൂക്കോട്ടൂര്‍ പോലുള്ള പ്രക്ഷോഭപ്രദേശങ്ങള്‍ സാമ്രാജ്യത്വസര്‍ക്കാരിന്റെ എല്ലാ വിനിമയബന്ധങ്ങളും അസാധ്യമാകുന്ന വിധം ഒറ്റപ്പെട്ടിരുന്നു. റെയില്‍വേ ലൈന്‍ തകര്‍ത്തും പാലങ്ങള്‍ പൊളിച്ചും ടെലഗ്രാഫ്‌ കമ്പികള്‍ അറുത്തും മരങ്ങള്‍ മുറിച്ചിട്ട്‌ റോഡ്‌
തടസ്സപ്പെടുത്തിയും വിനിമയബന്ധങ്ങള്‍ക്കവര്‍ തടസ്സം സൃഷ്ടിച്ചിരുന്നു. മെക്കന്‍റോയുടെ പോഷകസൈന്യത്തിന്റെ മുന്നേറ്റത്തിന്‌ ഏറ്റവും വലിയ തടസ്സം ഇതായിരുന്നു. തകര്‍ക്കപ്പെട്ട പാലങ്ങളും ഓവുപാലങ്ങളും അറ്റകുറ്റപ്പണി ചെയ്തു നേരെയാക്കി അവര്‍ മലപ്പുറത്തേക്കു യാത്രതുടര്‍ന്നു. 125 പട്ടാളക്കാര്‍ ഏതാനും ബസ്സുകളിലും ലോറികളിലുമായാണ്‌ അതിനൂതനമായ യുദ്ധസന്നാഹങ്ങളോടെ യാത്രതിരിച്ചത്‌.

മലപ്പുറത്തേക്കു പട്ടാളക്കാര്‍ പുറപ്പെട്ടിട്ടുണെ്ടന്ന വിവരം പൂക്കോട്ടൂരുകാര്‍ അറിഞ്ഞിരുന്നു. അവര്‍ ഒരു അന്തിമയുദ്ധത്തിനു സന്നാഹങ്ങളൊരുക്കി. രക്തസാക്ഷിത്വകാംക്ഷയോടെയാണ്‌ അവരില്‍ ഓരോരുത്തരും സമരസജ്ജരായത്‌. സ്ത്രീകള്‍ പോലും തങ്ങളുടെ പുരുഷന്‍മാരെ പ്രചോദിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ബ്രിട്ടീഷ്‌രാജ്‌ പുനഃസ്ഥാപിക്കപ്പെട്ടാല്‍ പിന്നെ തങ്ങളെ ബാക്കിവച്ചേക്കില്ല എന്നു പൂക്കോട്ടൂരുകാര്‍ക്കു നല്ലബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിജീവനത്തിനുവേണ്ടിയാണ്‌ അവര്‍ പടക്കോപ്പുകളൊരുക്കിയത്‌. രണ്ടായിരത്തോളം വരുന്ന മാപ്പിളപ്പോരാളികള്‍ ബ്രിട്ടീഷ്‌ പട്ടാളത്തോടെതിരിടാന്‍ സജ്ജരായി പൂക്കോട്ടൂരിലെ വയലില്‍ തമ്പടിച്ചു. ആഗസ്ത്‌ 26 വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ്‌ അവര്‍ പടക്കളത്തിലിറങ്ങി. നിരത്തിന്റെ കിഴക്കു ഭാഗത്തുള്ള വയലില്‍ സുമാര്‍ 30 വാര വിട്ട്‌ ഒരു തോടുണ്ടായിരുന്നു. ഇതാണു പോരാളികള്‍ കിടങ്ങായി ഉപയോഗിച്ചത്‌. നിര്‍ണായകമായ ഒരു പോരാട്ടസ്ഥാനമായിരുന്നു അത്‌. പട്ടാളക്കാര്‍ ഒഴിഞ്ഞ സ്ഥലത്തെത്തിയാല്‍ വയലിന്റെ ചുറ്റുമുള്ള വീടുകളില്‍നിന്നും തോട്ടങ്ങളിലെ മരങ്ങളില്‍നിന്നും പടിഞ്ഞാറുഭാഗത്തുള്ള കുന്നില്‍നിന്നും പട്ടാളക്കാരെ ആക്രമിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.

പട്ടാളത്തിന്റെ മുന്‍നിര പൂക്കോട്ടൂര്‍ കടന്നു പിലാക്കലെത്തുമ്പോള്‍ മുന്നിലെ ലോറിയുടെ ടയറില്‍ നിറയൊഴിക്കാനും അതോടൊപ്പംതന്നെ നാലുഭാഗത്തുനിന്നും പട്ടാളക്കാരെ വളയാനുമായിരുന്നു പരിപാടി. പക്ഷേ, പ്രക്ഷോഭസംഘത്തില്‍ അവസാനമായി എത്തിച്ചേര്‍ന്ന പറാഞ്ചേരി കുഞ്ഞറമുട്ടിയും ഉള്ളാട്ട്‌ അയമുവും ഈ തീരുമാനം അറിഞ്ഞിരുന്നില്ല. മണല്‍ക്കൂനയ്്ക്കു പിന്നില്‍ മറഞ്ഞിരുന്ന അവര്‍ രണേ്ടാ മൂന്നോ സൈനിക ലോറി പാടത്തെത്തുമ്പോഴേക്കും വെടിയുതിര്‍ത്തു. ആദ്യം വെടിവച്ചത്‌ കുഞ്ഞറമുട്ടിയായിരുന്നു. വെടിപൊട്ടിയതോടെ ലോറികള്‍ പിറകോട്ടെടുത്ത്‌ പൂക്കോട്ടൂര്‍ ഭാഗത്തു കൊണ്ടുപോയി നിര്‍ത്തി. പിന്നീടു പട്ടാളക്കാര്‍ പാടത്തേക്കു പുകബോംബെറിഞ്ഞു. ഈ പുകയുടെ മറവില്‍ അവര്‍ നിര്‍ണായകസ്ഥലങ്ങളില്‍ യന്ത്രത്തോക്കുകള്‍ നിരത്തി. പുകയടങ്ങിയ ശേഷം വെടിവച്ച ഭാഗത്തേക്ക്‌ ഏതാനും പട്ടാളക്കാര്‍ നിര്‍ഭയരായി നടന്നുനീങ്ങി. ഇതു കണ്ട പ്രക്ഷോഭകാരികള്‍ അവരെ ലക്ഷ്യമാക്കി കുതിച്ചപ്പോള്‍ പെട്ടെന്നവര്‍ പിന്തിരിയുകയും മാപ്പിളപ്പോരാളികളെ ലക്ഷ്യമാക്കി നിരന്തരമായ വെടിവര്‍ഷം നടത്തുകയും ചെയ്തു. നാടന്‍തോക്കുകളും മറ്റു വെടിക്കോപ്പുകളും നൂതന ആയുധപ്രയോഗത്തിനു മുമ്പില്‍ അപര്യാപ്തമാണെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍, അജയ്യമായ ആത്മബലവും ഉജ്വലമായ ധീരതയും അവര്‍ക്കു കൈമുതലായിരുന്നു. കത്തിയും വാളും കുന്തവുമായി അവര്‍ യന്ത്രത്തോക്കുകളുടെ മുമ്പിലേക്കു ചീറിയടുത്തു. അവരില്‍ ഓരോരുത്തരും ശത്രുവിനു കാര്യമായ പ്രഹരം ഏല്‍പ്പിക്കാനാവാതെ രക്തസാക്ഷികളായിക്കൊണ്ടിരുന്നു. അവരിലെ രക്തസാക്ഷികളില്‍ 269 പേരും നെഞ്ചില്‍ മുറിവേറ്റാണു മരിച്ചത്‌. ഒരു പട്ടാള ഓഫിസറും സൂപ്രണ്ടും രണ്ടു പട്ടാളക്കാരുമടക്കം നാലുപേരാണു പോരാളികളാല്‍ വധിക്കപ്പെട്ടത്‌.

മാപ്പിളപ്പടകളുടെ പൂര്‍വപാരമ്പര്യത്തില്‍ നിന്നു വ്യത്യസ്തമായ ഈ സംഭവം വേണ്ടത്ര ആസൂത്രണമില്ലാത്തതിന്റെ ഫലമായാണു അടിച്ചമര്‍ത്തപ്പെട്ടത്‌. വടക്കേവീട്ടില്‍ മമ്മദു അടക്കം 269 പേര്‍ ഈ യുദ്ധത്തില്‍ രക്തസാക്ഷികളായി. പട്ടാളക്കാര്‍ രക്തസാക്ഷികളില്‍ 60 പേരെ വലിച്ചിഴച്ചു ചെറുകാവില്‍ മൂസക്കുട്ടി എന്നയാളുടെ പുരയില്‍ കൊണ്ടുപോയിട്ട്‌ പുരയ്ക്കു തീക്കൊടുത്തെങ്കിലും അവരുടെ മയ്യിത്തുകള്‍ക്കു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. രക്തസാക്ഷികളുടെ മയ്യിത്തുകള്‍ റോഡിന്റെ പടിഞ്ഞാറുവശം നാലുസ്ഥലത്തായി ഖബറടക്കം നടത്തി.

മരണപ്പെട്ട പട്ടാളക്കാരെയും കൂട്ടി ലോറി മലപ്പുറത്തേക്കു തിരിച്ചു. ഉപ്പാളിപ്പടിയില്‍ വച്ചു ധീരനായ ഒരു പോരാളി സൈന്യത്തിന്റെ ഒരു ലോറി തകര്‍ത്തു. മലപ്പുറത്തിനടുത്തുള്ള വറങ്കോട്ടുകാരനായ
മങ്കരത്തൊടി കുഞ്ഞഹമ്മദ്‌ ആയിരുന്നു ആ പോരാളി. റോഡുവക്കത്തുണ്ടായിരുന്ന മരത്തില്‍ കൈബോംബുമായി കയറിയിരുന്ന്‌, താഴ്ഭാഗത്തുകൂടി കടന്നുപോയിരുന്ന കമാന്‍ഡിങ്ങ്‌ ഓഫിസും നാലു പട്ടാളക്കാരും കൂടി സഞ്ചരിച്ചിരുന്ന വണ്ടിയിലേക്കു ബോംബെറിയുകയാണ്‌ ആ ധീരന്‍ ചെയ്തത്‌. കമാന്‍ഡിങ്ങ്‌ ഓഫിസറും പട്ടാളക്കാരും ലോറിയുമെല്ലാം ചിന്നിച്ചിതറി. ആ ധീരപോരാളി തന്റെ ദേഹം മരത്തോടു ചേര്‍ത്തു ബന്ധിച്ചിരുന്നു. പട്ടാളക്കാരുടെ വെടിയേറ്റ്‌ അദ്ദേഹം ആ നിലയില്‍ രക്തസാക്ഷിയായി.

ശേഷിക്കുന്ന പോരാളികളെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യവുമായി ആഗസ്ത്‌ 30ന്‌ ബ്രിട്ടീഷ്‌ പട്ടാളം മലപ്പുറത്തെത്തി. പിന്നീട്‌ ഈ പട്ടാളം കുറ്റിപ്പുറത്തു നിന്നെത്തിയ മറ്റൊരു പട്ടാള യൂനിറ്റിനെയും കൂട്ടി തിരൂരങ്ങാടിക്കു പുറപ്പെട്ടു. ആലി മുസ്ലയ‍ര്‍ ഉള്‍പ്പെടെ 114 പേര്‍ തിരൂരങ്ങാടിപ്പള്ളിയില്‍ ഉണ്ടായിരുന്നു. അവര്‍ വലിയ സൈനികസന്നാഹങ്ങളോടെ വന്ന ബ്രിട്ടീഷ്‌ പട്ടാളത്തോട്‌ ഏറ്റുമുട്ടി, 24 പേര്‍ രക്തസാക്ഷികളായി. എന്നാല്‍, ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച ശേഷിക്കുന്ന പോരാളികളോടു കീഴടങ്ങാനും ഇല്ലെങ്കില്‍ ഡയനാമിറ്റ്‌ വച്ച്‌ പള്ളി തകര്‍ക്കുമെന്നും പട്ടാളം ഭീഷണി മുഴക്കി. പള്ളിയുടെ തകര്‍ച്ച ഭയന്ന ആലി മുസ്ലയ‍രും 37 അനുയായികളും അങ്ങനെ കീഴടങ്ങുകയാണുണ്ടായത്‌.

എന്നാല്‍, പൂക്കോട്ടൂര്‍കാരുടെ പോരാട്ടവീര്യം ഇതുകൊണെ്ടാന്നും ശമിക്കുകയുണ്ടായില്ല. ഒക്ടോബര്‍ 20ന്‌ അവര്‍ അതീവ പരിശീലനം സിദ്ധിച്ച ഗൂര്‍ഖാപട്ടാളവുമായി ഏറ്റുമുട്ടി. 46 പേര്‍ ഈ ഏറ്റുമുട്ടലില്‍ രക്തസാക്ഷികളായി. ഒക്ടോബര്‍ 25ന്‌ മേല്‍മുറി കാട്ടില്‍ പട്ടാളക്കാരുമായി ഒളിയുദ്ധം നടത്തിയതില്‍ 246 പോരാളികളാണു രക്തസാക്ഷികളായത്‌. തുടര്‍ന്ന്‌ 1922 ജനുവരിയില്‍ കാരാട്ട്‌ മൊയ്തീന്‍കുട്ടി ഹാജിയുടെ നേതൃത്വത്തില്‍ മൊറയൂരില്‍ വച്ചു നടന്ന യുദ്ധത്തിലും പൂക്കോട്ടൂരുകാര്‍ക്കു നിര്‍ണായക പങ്കുണ്ടായിരുന്നു. ഈ യുദ്ധത്തില്‍ 19 പേര്‍ രക്തസാക്ഷികളായി. ഇങ്ങനെ സ്ഥൈര്യത്തോടെ പോരാടിയതിന്റെ ഉജ്വലമായ വീരഗാഥകളാണു മാപ്പിളസമൂഹത്തിന്റെ ചരിത്രം. നാടിനെ ഒറ്റുകൊടുത്ത തദ്ദേശീയ അധികാരശക്തിയോടും സമ്പത്തും വിഭവങ്ങളും കൊള്ളയടിച്ചു വലിയ നേട്ടങ്ങളുണ്ടാക്കിയ സാമ്രാജ്യത്വശക്തികളോടും ഇടതടവില്ലാതെ പോരാടിയ മാപ്പിളസമൂഹത്തോടു നമ്മുടെ വ്യവസ്ഥാപിത ചരിത്രഭാഷ്യങ്ങള്‍ വേണ്ടത്ര നീതിചെയ്തിട്ടില്ല. കര്‍ഷകലഹളയും മാപ്പിളലഹളയും മാപ്പിളകലാപവുമായി ചുരുങ്ങിപ്പോയ മാപ്പിളമുന്നേറ്റങ്ങള്‍ ശരിയായസ്വാതന്ത്ര്യസമര  

 പ്രക്ഷോഭങ്ങളായിരുന്നെന്ന യാഥാര്‍ഥ്യം ആരൊക്കെ തമസ്കരിക്കാന്‍ ശ്രമിച്ചാലും അപ്പോള്‍ കൂടുതല്‍ വ്യക്തതയോടെ വെളിപ്പെടുന്നുണ്ട്‌.

അവലംബം:

1. Moplah Rebellion 192122, G.R.F. Tottenham
2. Islamic Society on the South Asian Frontier: The Mappilas of Malabar, Stephan Dale.
3. Against Lord and State, K.N. Panikkar.
4. Malabar Rabellion (19211922), M. Gangadharan.
5. മലബാര്‍ സമരം, എം.പി. നാരായണമേനോനും സഹപ്രവര്‍ത്തകരും, എം.പി.എസ്‌. മേനോന്‍.
6. മലബാര്‍ കലാപം, കെ. മാധവന്‍ നായര്‍.
7. കേരള മുസ്ലിം ഡയരക്ടറി, ഡോ. സി.കെ. കരീം


സൈനുദ്ധീൻ മന്ദലാംകുന്ന്
തേജസ്

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal