പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ 87 വയസ്സ്‌ തികഞ്ഞു

അധികാരികള്‍ മറന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ 87 വയസ്സ്‌. ഓര്‍മകള്‍ മായാതെ മുഹമ്മദ്‌ മാസ്റ്റര്‍.
തങ്ങളുടെ അഭിമാന സംരക്ഷണത്തിന്‌ വേണ്ടി വിലയേറിയതെന്തും ത്യജിക്കാന്‍ തയ്യാറായ ഏറനാട്ടിലെ മാപ്പിളമാരുടെ വീര ചരിത്രം വിളിച്ചോതുന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ 87 വയസ്സ്‌ തികഞ്ഞു. 1921 ആഗസ്ത്‌ 26 നാണ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏകയുദ്ധമായ പൂക്കോട്ടൂര്‍ യുദ്ധം നടന്നത്‌.

ചരിത്രകാരന്‍മാര്‍ ഏകപക്ഷീയമായ ചരിത്രം മാത്രം രേഖപ്പെടുത്തിയപ്പോള്‍ പൂക്കോട്ടൂര്‍ യുദ്ധത്തേയും അനുബന്ധ സംഭവങ്ങളെയും വര്‍ഗീയവല്‍ക്കരിക്കാനും ലഘൂകരിക്കാനും ശ്രമമുണ്ടായി. ബ്രിട്ടീഷ്‌ ചരിത്രകാരന്‍മാര്‍ പോലും സംഭവങ്ങളെ സ്വാതന്ത്ര്യ സമരമായി അംഗീകരിക്കാന്‍ തയ്യാറായപ്പോള്‍ നമ്മുടെ ചരിത്രകാരന്‍മാര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയായിരുന്നു. ഔദ്യേഗിക രേഖകള്‍ക്കും പാഠപുസ്‌തകങ്ങള്‍ക്കും ഇന്നും പൂക്കോട്ടൂര്‍ യുദ്ധം അന്യമാണ്.

കലാപസമയത്ത്‌ നാലു വയസ്സുകാരനായ ഇപ്പോള്‍ മേല്‍മൂറി ആലത്തൂര്‍പടിയിലെ വീട്ടീല്‍ വിശ്രമ ജീവിതം നയിക്കുന്ന പി.ടി മുഹമ്മദ്‌ മാസ്റ്റര്‍ക്ക്‌ ഓര്‍മകള്‍ പങ്കു വെക്കുമ്പോള്‍ ഇന്നും ആവേശമാണ്‌. തനിക്ക്‌ നാലു വയസ്സ്‌ തികയുന്ന ദിവസം കുടുംബസമേതം തട്ടാന്‍ തൊടുവിലെ തറവട്ടു വീട്ടില്‍ താമസിക്കുന്ന സമയത്ത്‌ വീട്ടില്‍ പട്ടാളം വന്നതും വീട്ടിന്‌ തീയിട്ടതും മാസ്റ്റര്‍ ഇന്നും ഓര്‍മിക്കുന്നു. തട്ടാന്‍ തൊടൂവിനടുത്തു കിടക്കുന്ന വൈശ്യര്‍ തൊടികയെന്ന നടുവിലെ തട്ടാന്‍ തൊടുവില്‍ താമസിച്ചിരുന്ന പുതുമുസ്ലിംകളായിരുന്ന മൂന്ന്‌ പെരുംകൊല്ലന്‍മാര്‍ വെടിയേറ്റു മരിച്ചിരുന്നു. ഇവരെ ഇവിടെ കിണറിനു സമീപം ഒറ്റ ഖബറില്‍ തന്നെ മറവ്‌ ചെയ്യുകയായിരുന്നു. തട്ടാന്‍ തൊടിയിലെ വീടിന്‌ തീയിട്ട ശേഷം പട്ടാളം മുകള്‍ ഭാഗത്തേക്ക്‌ ഒഴിഞ്ഞു പോവുകയായിരുന്നു. ഈ പോക്കിനിടെ പലയിടത്തും കയറിയിറങ്ങിയ പട്ടാളം അവസാനം ചാലാട്ടില്‍ കള്ളാടിതൊടി മൊി‍തീന്‍ കുട്ടി ഹാജിയെ വെടിവെക്കാന്‍ തോക്കുയര്‍ത്തി. തോക്കിന്റെ കാഞ്ചി വലിക്കുന്നതിനിടെ മേലുദ്യേഗസ്ഥരുടെ സ്റ്റോപ്പ്‌ വിസില്‍ കേട്ട്‌ പട്ടാളം തോക്ക്‌ താഴ്ത്തിയതു കൊണ്ടാണ്‌ അദ്ധേഹം മരണത്തില്‍ നിന്നു രക്ഷപ്പെട്ടതെന്ന്‌ മാസ്റ്റര്‍ ഓര്‍ക്കുന്നു.

ഖിലാഫത്ത്‌ സമരനായകന്‍ ആലി മുസ്ലിയാരുടെ സാമീപ്യവും അദ്ധേഹത്തിന്റെ ശിക്ഷണവുമാണ്‌ മേല്‍മുറിക്കാരില്‍ ബ്രിട്ടീഷ്‌ വിരോധം വര്‍ദ്ധിപ്പിച്ചത്‌. ആലത്തൂര്‍പടി ജുമഅത്ത്‌ പള്ളിയിലെ പ്രശസ്ഥമായ ദര്‍സ്‌ ആരംഭിച്ചത്‌ ആലി മുസ്ലിയാരായിരുന്നു . ഇവിടെ ഇദ്ദേഹം നാല്‌ വര്‍ഷം ദര്‍സ്‌ നടത്തിയിട്ടുണ്ട്‌. മൂന്ന്‌ വര്‍ഷം പൊടിയാട്‌ പാറമ്മല്‍ പള്ളിയിലും ദര്‍സ്‌ നടത്തിയിരുന്നു. ആഗസ്‌ത്‌ 26 നു വെള്ളിയാഴ്ച്ച ജുമുഅക്ക്‌ ശേഷം നടന്ന യുദ്ധത്തില്‍ 400 ലേറെ പേര്‍ രക്‌ത സാക്ഷികളായി. ഇവരെ പിലാക്കല്‍ കല്ലുവെട്ട്‌ കുഴിയില്‍ മറവ്‌ ചെയ്യാന്‍ നേതൃത്വം നല്‍കിയത്‌ ആലത്തൂര്‍പടി സ്വദേശി തുമ്പത്ത്‌ രായീന്‍ ആണെന്നും മാസ്റ്റര്‍ ഓര്‍മിക്കുന്നു.

യുദ്ധം അവസാനിച്ച ശേഷം ഖബറടക്കവും കഴിഞ്ഞ്‌ പോരാളികള്‍ അടങ്ങിയില്ല. പട്ടാളക്കാര്‍ക്കെതിരെ പ്രതിരോധം തുടര്‍ന്ന അവര്‍ പലയിടത്തു വെച്ചും ചെറിയ ഏറ്റുമുട്ടലുകളൂണ്ടായി. മഞ്ചേരി ഭാഗത്ത്‌ നിന്ന്‌ വെള്ളുവമ്പ്രം ഭാഗത്തേക്ക്‌ പട്ടാളം വരുന്നുണ്ടെന്ന്‌ അറിഞ്ഞ്‌ വായിലാറ എന്ന സ്ഥലത്ത്‌ സംഘടിച്ചു.അവിടെ നടന്ന ഏറ്റുമുട്ടലില്‍ നാലു പേര്‍ രക്‌ത സാക്ഷികളായി. പരിക്ക്‌ പറ്റിയ മേല്‍മുറി കോണാംപാറക്കാരനായ ഒരാളെ പട്ടാളക്കാര്‍ പിടികൂടി. പിറ്റെ ദിവസം മലപ്പുറത്ത്‌ നിന്ന്‌ ഒരു സംഘം മേല്‍മുറിയിലെത്തി. കണ്ണില്‍ കണ്ട പുരുഷന്‍മാരെയെല്ലാം വെടിവെച്ചു.80 ഓളം പേര്‍ മരണപ്പെട്ടു. 100 ഓളം വീടുകള്‍ക്ക്‌ തീ വെച്ചു നശിപ്പിച്ചു.ഇത്തരം സംഘട്ടനങ്ങളില്‍ മരണപ്പെട്ടവരെ ഓരോ പ്രദേശങ്ങളിലും ഒന്നിച്ച്‌ മറവ്‌ ചെയ്യുകയായിരുന്നു. ഇവയില്‍ പലതും വിസ്മൃതിയിലായെങ്കിലും ചില ഖബറുകള്‍ പുതുതലമുറ ഇന്നും ചരിത്ര നിയോഗം പോലെ സംരക്ഷിക്കുന്നുണ്ട്‌

ഇത്തരത്തിലുള്ള ഖബറുകള്‍ മുട്ടിപ്പടി സെന്‍ട്രല്‍ എല്‍.പി സ്കൂളിനു പിന്‍ വശത്ത്‌ മാടമ്പിത്തൊടൂവിലും പറമ്പന്‍ തൊടുവിലുമുണ്ട്‌. ഏറ്റവുമധികം ചരിത്ര സ്മാരകങ്ങളുള്ള അധികാരിത്തൊടിയില്‍ പലയിടത്തായി പലരേയും മറവ്‌ ചെയ്‌തിട്ടുണ്ടെങ്കിലും പലതും തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തിലാണ്‌. ഇവയില്‍ 14 വയസുകാരിയായ ഒരു പെണ്‍കുട്ടിയെയടക്കം 11 പേരെ മറവ്‌ ചെയ്‌ത വട്ടപറമ്പൈലുള്ള അരിപുറവന്‍ കോയക്കുട്ടി ഹാജിയുടെ തറവാട്ടു മുറ്റത്തുള്ള ഖബറും പെടും. അവിടെ തന്നെ കുറുമ്പില്‍ ഹംസയുടെ കൈവശമുള്ള സ്ഥലത്തും നരിപ്പറ്റ കപ്പൂര്‍ മൂസാമുവിന്റെ തറവാട്ടു പറമ്പിലുമുണ്ട്‌ ഓരോ ഖബറുകള്‍.

മലബാര്‍ കലാപസമയത്ത്‌ മാപ്പിളമാരെ അടിച്ചമര്‍ത്താനാണ്‌ മേല്‍മുറി പെരുമ്പറമ്പില്‍ അന്നത്തെ പോലീസ്‌ മേധാവി റിച്ചാര്‍ഡ്‌ ഹിച്ച്കോക്ക്‌ മലബാര്‍ സ്പെഷല്‍ പോലീസ്‌ ( എം.എസ്‌.പി) ക്യാമ്പും ഫയറിംഗ്‌ റേഞ്ചും സ്ഥാപിച്ചത്‌.

ഈ ക്യാമ്പിനകത്തും നിരവധി ഖബറുകളുള്ളതായി പറയപ്പെടുന്നു. ഈ കേന്ദ്രം ക്രൂരതയുടെ പ്രതീകമായി ഇന്നും നില്‍നില്‍ക്കുന്നുണ്ട്‌. ഇവര്‍ അന്ന് വാഹനം നിര്‍ത്താനായി മേല്‍മുറി 27 ല്‍ നിര്‍മിച്ച വര്‍ക്ക്‌ ഷോപ്പും വാഹനഷെഡും ദേശീയപാതയോരത്ത്‌ ഇന്നും നിലവിലുണ്ട്‌.

നിസാര്‍ കാടേരിതേജസ്‌ ദിനപത്രം 2008 ആഗസ്‌ത്‌ 26

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal