പൂക്കോട്ടൂർ യുദ്ധത്തിന് 86 വയസ്.

2007, ആഗസ്റ്റ് 27, തിങ്കളാഴ്ച

1921 ലെ മലബാര്‍ കലാപത്തോടനുബന്ധിച്ച്‌ നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ 26 ന്‌ 86 വര്‍ഷം തികഞ്ഞു.1921 ആഗസ്ത്‌ 26 നായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏക യുദ്ധം എന്ന്‌ ചരിത്രകാരന്‍മാര്‍ വിശേഷിപ്പിച്ച ഈ യുദ്ധം നടന്നത്‌.

1921 ഇന്നേ ദിവസം കോഴിക്കോട്‌ നിന്നും മലപ്പുറത്തേക്ക്‌ ബ്രിട്ടീഷ്‌ പട്ടാളം വരുന്നുണ്ട്‌ എന്ന വിവരമറിഞ്ഞ പൂക്കോട്ടൂരിലെ ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ പട്ടാളത്തെ നേരിടാന്‍ തയ്യാറായി നിന്നു.പട്ടാളം വരുന്ന വഴികളിലെല്ലാം തന്നെ വിപ്ലവകാരികള്‍ മരങ്ങള്‍ മുറിച്ചിട്ടും മറ്റും വഴി തടസ്സപ്പെടുത്തിയിരുന്നു.അറവങ്കരക്കടുത്ത പാപ്പാട്ടിങ്ങല്‍ ജുമാമസ്ജിദിന്റെ സമീപത്തുള്ള പാലം വിപ്ലവകാരികള്‍ തകര്‍ത്തിരുന്നു.പള്ളിപ്പണിക്കു കരുതി വെച്ച മരങ്ങള്‍ കൊണ്ട്‌ പാലം പണിതാണ്‌ പട്ടാളം പൂക്കോട്ടൂരിലേക്ക്‌ നീങ്ങിയത്‌.

ഇതേ സമയം ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ പട്ടാളത്തെ എങ്ങിനെ നേരിടണമെന്ന്‌ തീരുമാനിച്ചിരുന്നു.പൂക്കോട്ടൂരിന്റെയും പിലാക്കലിന്റെയും ഇടയില്‍ നിറഞ്ഞ വയലുകള്‍ക്കിടയില്‍ പതുങ്ങിയിരുന്നു അവസാനത്തെ വണ്ടിയെ ആക്രമിക്കാനായിരുന്നു പ്ലാന്‍.എന്നാല്‍ ഈ തീരുമാനം അറിയാത്ത പറാഞ്ചേരി കുഞ്ഞറമുട്ടി പട്ടാളതെ കണ്ട പാടെ ആവേശത്തില്‍ വെടി പൊട്ടിച്ചു.പെട്ടെന്നുണ്ടായ മിന്നാലക്രമണത്തില്‍ ഞെട്ടിയെങ്കിലും സമനില വീണ്ടെടുത്ത ബ്രിട്ടീഷ്‌ പട്ടാളം പോരാളികള്‍ക്ക്‌ നേരെ മെഷീന്‍ ഗണ്‍ കൊണ്ട്‌ വെടിയുതിര്‍ക്കുകയായിരുന്നു.മണിക്കൂറുകള്‍ മാത്രം നീണ്ടു നിന്ന ഈ യുദ്ധത്തില്‍ 300 നും 400 നും ഇടക്ക്‌ മാപ്പിളമാര്‍ രക്തസാക്ഷിത്വം വരിച്ചു.ബ്രിട്ടീഷ്‌ പട്ടാളത്തില്‍ നിന്നും പോലീസ്‌ സൂപ്രണ്ട്‌ ലങ്കാസ്കറും 4 പടയാളികളും കൊല്ലപ്പെട്ടു.ഇവര്‍ സഞ്ചരിച്ച ലോറിക്കു മുകളിലേക്ക്‌
മങ്കരതൊടിയില്‍ കുഞ്ഞമ്മദ്‌ എന്ന മാപ്പിള പോരാളി മരത്തിനു മുകളില്‍ നിന്നും ബോംബെറിയുകയായിരുന്നു.

ആ ധീര ദേശാഭിമാനികളുടെ സ്മരണക്കായി ബ്ലോക്ക്‌ പഞ്ചായത്ത്‌ അറവങ്കരയില്‍ മനോഹരമായ ഒരു സ്മാരക ഗേറ്റ്‌ നിര്‍മിച്ചു.പഞ്ചായത്ത്‌ ഒരു റഫറന്‍സ്‌ ലൈബ്രറിയും മ്യൂസിയവും പണി കഴിപ്പിച്ചു.

2007 ആഗസ്റ്റ്‌ 26 നു അറവങ്കര ന്യൂബസാറില്‍ പൂക്കോട്ടൂര്‍ യുദ്ധ അനുസ്മരണം നടന്നു.പ്രശസ്ത ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ ,ചന്ദ്രിക ചീഫ്‌ എഡിറ്റര്‍ എം ഐ തങ്ങള്‍, പ്രസിദ്ധ പ്രാസംഗികനും നാട്ടുകാരനുമായ അബ്ദു സമദ്‌ പൂക്കൊട്ടൂര്‍, സ്ഥലം എം എല്‍ എ .കെ.മുഹമ്മദുണ്ണി ഹാജി, പി എ സലാം, അഡ്വ. കാരാട്ട്‌ അബ്ദു റഹ്‌മാന്‍ , എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫസര്‍ അലി ഹസന്‍ നന്ദി പറഞ്ഞു അറവങ്കര മൈനോറിറ്റി ഗൈഡന്‍സ്‌ സെന്ററും മുതിരിപ്പറമ്പ്‌ ഷൈന്‍ സ്റ്റാര്‍ ക്ലബ്ബും ചേര്‍ന്നാണ്‌ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്‌

http://pookottur.blogspot.in/2007/08/blog-post.html

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal